ADVERTISEMENT

ജീവിതത്തിൽ സംഭവിക്കുന്ന ചെറിയ തിരിച്ചടികൾക്കുപോലും തളർന്നു പോകുന്നവർക്കു മുന്നിൽ‌ തന്റെ ജീവിതം തുറന്നു പറഞ്ഞുകൊണ്ടാണ് ആ പെൺകുട്ടി എത്തിയത്. അവളുടെ പേര് കരോൾ ഷിമോമി. ഒരു ട്രെയിൻ യാത്രയാണ് അവളുടെ ജീവിതത്തെ മാറ്റിമറിച്ചത്. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെ അവൾ തന്റെ കഥ പറയുന്നതിങ്ങനെ :-

'' ലോ സ്കൂളിലെ അവസാന വർഷം ഞാൻ നടത്തിയ ഒരു ട്രെയിൻ യാത്രയാണ് എന്റെ ജീവിതം മാറ്റി മറിച്ചത്. ട്രെയിനിൽ കയറാൻ ശ്രമിക്കുമ്പോൾ തെന്നി താഴേക്കു വീഴുകയും എന്റെ കാൽ ട്രെയിനിന്റെ വീലിനടിയിൽ പെട്ടു പോവുകയും ചെയ്തു. കാൽ അറ്റുതാഴെ വീഴും വരെ ട്രെയിൻ എന്നെയും വലിച്ചുകൊണ്ട് കുറേദൂരം ഓടി. അതിനുശേഷമുള്ള കാര്യങ്ങളൊന്നും ഓർത്തെടുക്കാൻ എനിക്കിപ്പോഴുമാവുന്നില്ല. കാരണം അപ്പോഴേക്കും കൊടിയ വേദനകൊണ്ട് എന്റെ ബോധം മറഞ്ഞിരുന്നു.

വീഴ്ചയിൽ എന്റെ തലയ്ക്കും കാര്യമായി ആഘാതമേറ്റിരുന്നെന്നും ഒരു ശസ്ത്രക്രിയയ്ക്കു ശേഷമാണ് ഞാൻ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നതെന്നും പിന്നീട് ആരൊക്കയോ പറഞ്ഞ് ഞാൻ അറിഞ്ഞിരുന്നു. അതിവിദഗ്ധരായ ഡോക്ടർമാരുടെ ചികിൽസ കിട്ടിയതുകൊണ്ടു മാത്രമാണ് ഞാൻ ജീവിതത്തിലേക്കു മടങ്ങി വന്നത്. ശസ്ത്രക്രിയയ്ക്കു മുൻപ് ഡോക്ടർമാർ എന്നോട് സംസാരിച്ചിരുന്നു. തലച്ചോറിലെ ശസ്ത്രക്രിയയെക്കുറിച്ച് അവർ പറഞ്ഞപ്പോൾ പ്രതികരിക്കാതിരുന്ന ഞാൻ കാൽ മുറിച്ചു നീക്കാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ പരിഭ്രാന്തയായി. തുടർന്ന് മോർഫിൻ കുത്തിവച്ച് അവർ എന്നെ മയക്കി.

ആ ഉറക്കത്തിൽ നിന്നുണർന്നപ്പോൾ എനിക്കൊരു കാൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ആ സത്യത്തോട് പൊരുത്തപ്പെടാൻ ഞാനൊരുക്കമല്ലായിരുന്നു. ആകെത്തകർന്നു പോയ ഞാൻ എന്നെ ഒന്നു കൊന്നു തരൂവെന്നു പറഞ്ഞ് അലമുറയിട്ടുകൊണ്ടിരുന്നു. എന്റെ അവസ്ഥ കണ്ട് കുടുംബത്തിലുള്ളവരും വല്ലാതെ സങ്കടപ്പെട്ടു. പക്ഷേ എന്റെ അംഗവൈകല്യത്തെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുവാൻ എനിക്കാകുമായിരുന്നില്ല.

ആഴ്ചകൾ പിന്നിട്ടപ്പോൾ എനിക്ക് ഫിസിയോ തെറാപ്പി തുടങ്ങി. അതിനു ശേഷം ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങി. അക്ഷരാർഥത്തിൽ എനിക്ക് വീടും ആശുപത്രിയും തമ്മിൽ വലിയ വ്യത്യാസമൊന്നും തോന്നിയില്ല. ആശുപത്രിയിലായാലും വീട്ടിലായാലും ഞാൻ ഒരു വികലാംഗ തന്നെയാണെന്ന് മനസ്സു പറഞ്ഞു. മരുന്നുകൾക്ക് എന്റെ ശരീരത്തിലെ മുറിവുണക്കാനായി പക്ഷേ മനസ്സിലെ മുറിവ് അങ്ങനെ തന്നെ തുടർന്നു.

വീട്ടിൽ ആരോടും ഞാൻ‌ മിണ്ടാതെയായി. മരിക്കാൻ ആഗ്രഹിച്ചും കരഞ്ഞും ഞാൻ ദിവസങ്ങൾ തള്ളി നീക്കി. ഒരുപാടു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു പരാജയപ്പെട്ടു. പിന്നെ അതിനും ധൈര്യമില്ലാതെ ജീവിതം തള്ളി നീക്കി. ഇതിനിടെ ‍ഞാൻ വീണ്ടും നടക്കാൻ ആരംഭിച്ചു, എന്റെ മുടി വീണ്ടും വളരാൻ തുടങ്ങി. ഞാൻ പഴയപോലെയായി എന്നെനിക്കു തോന്നിത്തുടങ്ങി. ഇവന്റ് മാനേജ്മെന്റിൽ എനിക്ക് താൽപര്യമുണ്ടായിരുന്നു. അതുകൊണ്ട് എന്നെ ബിസിയാക്കി നിർത്താനായി സഹോദരന്റെ കമ്പനിയിൽ ജോലിക്കു ചേർന്നു. പുതിയ പുതിയ ആളുകളെ പരിചയപ്പെട്ടും പുതിയ ഷോകൾ ചെയ്തും ഒരുപാടു യാത്രകൾ ചെയ്തും ഞാനൊരു സത്യം മനസ്സിലാക്കി എനിക്കുണ്ടായ അപകടമല്ല, ഞാനാണ് എന്റെ വ്യക്തിത്വമെന്താണെന്നു തീരുമാനിക്കേണ്ടതെന്ന്. 

ജീവിതം തന്ന രണ്ടാമത്തെ അവസരത്തെ ഒരിക്കലും പാഴാക്കില്ല എന്നും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഇനിയൊരിക്കലും വിഷമിപ്പിക്കില്ലെന്നും ഞാനവർക്ക് ഉറപ്പു നൽകി. നോർമൽ ആയ ഒരാൾ ചെയ്യുന്ന എല്ലാക്കാര്യങ്ങളും ചെയ്യാൻ എനിക്കിപ്പോൾ കഴിയും. അപകടത്തിനു ശേഷം വിദ്യാഭ്യാസം തുടരാനും എനിക്കനുയോജ്യമായ ഒരു ജോലി കണ്ടെത്താനും എനിക്ക് സാധിച്ചു. അതിലെല്ലാമുപരിയായി ജീവിതത്തിൽ ഞാൻ ഏറ്റവും ഭയപ്പെട്ടിരുന്ന ഒരു കാര്യം കൂടി ഞാൻ ചെയ്തു. വീണ്ടും ഞാൻ ട്രെയിനിൽ കയറി. ഇപ്പോൾ എല്ലാദിവസവും ഞാൻ ട്രെയിനിൽ യാത്രചെയ്യുന്നുമുണ്ട്. ഒരിയ്ക്കൽ നിങ്ങൾക്ക് മനസ്സിലാവും നിങ്ങളുടെ ഭയത്തേക്കാൾ ഒരുപാടൊരുപാട് മുകളിലാണ് നിങ്ങളെന്ന്''. - ആത്മവിശ്വാസം തുളുമ്പി നിൽക്കുന്ന ഈ വാക്കുകൾ പറഞ്ഞുകൊണ്ടാണ് അവൾ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com