ADVERTISEMENT

പി.ജി.സുധ എന്ന ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ പ്രശസ്തയല്ല. സംസ്ഥാനത്തെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരില്‍ ഒരാളുപോലുമല്ല. എറണാകുളം ജില്ലയിലെ ഗോത്രവര്‍ഗ മേഖലയായ കുട്ടമ്പുഴയില്‍ ആദിവാസികള്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കുമിടയില്‍ ജോലി ചെയ്യുന്ന ഒരു സാദാ ഉദ്യോഗസ്ഥ മാത്രമാണ്. പക്ഷേ, ജില്ലാ, സംസ്ഥാന ഭരണാധികാരികള്‍ക്കുപോലും ചെയ്യാന്‍ കഴിയാത്ത കാര്യമാണ് അവര്‍ ചെയ്തത്. അതും ഔദ്യോഗിക മേഖലയ്ക്കു പുറത്ത് വ്യക്തിപരമായ താല്‍പര്യത്തിന്റെ പേരില്‍. 

കുട്ടമ്പുഴയില്‍ സുധ നടത്തിയത് ശുചിമുറി വിപ്ലവം. 497 ശുചിമുറികളാണ് ഈ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ കുട്ടമ്പുഴയിലെ പ്രദേശവാസികള്‍ക്കായി നിര്‍മിച്ചത്. വെളിയിട വിസര്‍ജന മുക്ത സംസ്ഥാനമായി കേരളം മാറിയതിന്റെ പിന്നില്‍ സുധയുടെ വ്യക്തിപരമായ പ്രവര്‍ത്തനങ്ങള്‍ കൂടിയുണ്ടായിരുന്നു. രാജ്യത്ത്  ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി കേരളം മാറി. സ്തുത്യര്‍ഹമായ സേവനത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ മെഡലും സുധയ്ക്കു ലഭിക്കുകയുണ്ടായി. പക്ഷേ, ഏതു മെഡലിനും പുരസ്കാരത്തിനും മുകളിലാണ് സുധയുടെ സ്വാര്‍ഥതയില്ലാത്ത പ്രവൃത്തികളുടെ ചൈതന്യം. അവ സമൂഹത്തിലുണ്ടാക്കിയ മാറ്റവും. 

കേരളത്തിലെ മറ്റു ഭാഗങ്ങള്‍ പോലെയല്ല ഗോത്രവര്‍ഗ മേഖലയായ കുട്ടമ്പുഴ. മൂന്നും നാലും കിലോമീറ്റര്‍ നടന്നാണ് കുട്ടമ്പുഴയിലെ ജനവാസ മേഖലകളില്‍  എത്തുന്നതുതന്നെ. നടന്നുതന്നെ പോകണം. യാത്രാമാര്‍ഗങ്ങള്‍ ഒന്നുമില്ല. വാഹനസൗകര്യമില്ല. ശുചിമുറി പലരും നിര്‍മിക്കാത്തതിന്റെ കാരണവും ഇതുതന്നെ. നിര്‍മാണ വസ്തുക്കള്‍ ഇവിടേക്ക് എത്തിക്കുന്നതുതന്നെ അങ്ങേയറ്റം പ്രയാസം. ചിലപ്പോള്‍ 20 കിലോമീറ്റര്‍ വരെ നടന്നാണ് നിര്‍മാണ സാമഗ്രികള്‍ ഉദ്ദേശിച്ച സ്ഥലത്ത് എത്തിക്കുന്നത്. ഈ ബുദ്ധിമുട്ടു കാരണം പലരും ശുചിമുറി നിര്‍മാണം മാറ്റി വയ്ക്കുകയാണ് പതിവ്. 

പുഴയില്‍ ചങ്ങാടങ്ങിളിലാണ് ശുചിമുറി നിര്‍മാണ സാമഗ്രികള്‍ സുധയുടെ നേതൃത്വത്തില്‍ കുട്ടമ്പുഴയില്‍ എത്തിച്ചത്. ഒരിക്കല്‍ ചങ്ങാടം മുങ്ങി നിര്‍മാണ സാമഗ്രികളൊക്കെ ഒലിച്ചുപോയി. പക്ഷേ, പ്രയത്നം പാതിവഴിയില്‍ നിര്‍ത്താന്‍ സുധ തയാറായില്ല. പ്രകൃതി ശക്തികളോട് ഏറ്റുമുട്ടി ലക്ഷ്യത്തിലേക്ക് നടന്നടുക്കുക തന്നെ ചെയ്തു. ഒരു ശുചിമുറി നിര്‍മിക്കുന്നതുതന്നെ പ്രയാസകരമായ കുട്ടമ്പുഴയുടെ വനമേഖലയില്‍ 497 ശുചിമുറികള്‍ നിര്‍മിക്കാന്‍ വേണ്ടിവന്ന അധ്വാനവും പ്രയത്നവും സാഹസികമനസ്സും. അതാണു പി.ജി.സുധയെ വേറിട്ടുനിര്‍ത്തുന്നത്. പുരസ്കാരങ്ങള്‍ക്കപ്പുറം വലിയ മനസ്സിന്റെ ഉടമയാക്കുന്നത്. നിസ്വാര്‍ഥ സേവനത്തിന്റെ പ്രതീകമാക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com