ADVERTISEMENT

ആ കത്ത് അലിന്‍ ഗ്രഗോസിയന്‍ എന്ന യുവതിയുടെ കയ്യിലിരുന്നു വിറച്ചു. കത്ത് തുറക്കാന്‍ തന്നെ അവര്‍ക്ക് അസാധാരണമായ ധൈര്യം സംഭരിക്കേണ്ടിയിരുന്നു. തുറന്നപ്പോഴാകട്ടെ വാക്കുകളിലൂടെ കണ്ണോടിക്കാനാവാത്ത വിധം കണ്ണീര്‍ അവരുടെ കാഴ്ച മറച്ചു. അലിന്‍ വായിച്ചുകൊണ്ടിരുന്ന കത്ത് എഴുതിയ കുടുംബത്തിലെ ഒരു യുവതിയുടെ കാരുണ്യം കൊണ്ടാണ് അവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത്.  ഹൃദയദാനം. അത് സ്നേഹത്തിന്റെയും കടപ്പാടിന്റെയും കാരുണ്യത്തിന്റെയും  സഹാനുഭൂതിയുടെയും കഥയാണ്. യഥാര്‍ഥ ജീവിതാനുഭവം. 

ആശുപത്രിയില്‍നിന്ന് എനിക്കൊരു ഫോണ്‍ വന്നു. എനിക്കു ഹൃദയം കൈമാറിയ വ്യക്തിയുടെ കുടുംബം ഒരു കത്തെഴുതിയിരിക്കുന്നു എന്നാണ് അവര്‍ അറിയിച്ചത്. കത്ത് എനിക്ക് ഇ മെയ്‍ലായി അയച്ചുതരാമെന്ന് നഴ്സ് പറഞ്ഞു. ഞാനത് അനുവദിച്ചില്ല. പകരം കത്ത് വരാന്‍ കാത്തിരുന്നു. ഒരാഴ്ചയ്ക്കു ശേഷമാണ് കത്ത് വന്നത്. തനിക്കു ഹൃദയം ൈകമാറിയ യുവതിയെപ്പറ്റി വായിച്ചപ്പോള്‍ പലതവണ അലിന്റെ കണ്ണു നിറഞ്ഞു. വിരല്‍ വിറച്ചു, ഹൃദയം മിടിച്ചു. 

തനിക്ക് ഹൃദയം ദാനം ചെയ്തത് ഒരു സ്ത്രീയാണെന്ന് അലിന് അറിയാം. പക്ഷേ ഒരു വ്യക്തി എന്ന നിലയില്‍ അവരെക്കുറിച്ചു വായിച്ചപ്പോള്‍ കണ്ണീരടക്കാന്‍ ശരിക്കും ബുദ്ധിമുട്ടി- അലിന്‍ പറയുന്നു. കത്തിനെക്കുറിച്ച് അലിന്‍ സമൂഹ മാധ്യമങ്ങളില്‍ എഴുതി. കാരുണ്യത്തിന്റെ കെടാവിളക്കായി ലഭിച്ച ഹൃദയം ഇനി നന്നായി പരിപാലിക്കുമെന്ന ഉറപ്പുമായി. ഒപ്പം ‘താങ്കളുടെ’  ഹൃദയത്തില്‍നിന്നുള്ള അഗാധമായ നന്ദിയുമായി’  എന്ന വാചകവും. ഹൃദയം അലിന്റേതല്ലല്ലോ. മറ്റൊരാളുടേതാണല്ലോ. അപ്പോള്‍ എന്റെ എന്നതിനുപകരം താങ്കളുടെ എന്നല്ലേ പറയാനാകൂ. അലിന്റെ ശരീരത്തില്‍ ഇപ്പോള്‍ മിടിക്കുന്നത് മറ്റൊരാളുടെ ഹൃദയമാണല്ലോ. 

അലിന്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കിടക്കുമ്പോള്‍ മറ്റൊരു സ്ഥലത്ത് മറ്റൊരു ആശുപത്രിയില്‍ മറ്റൊരു യുവതി ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള നൂല്‍പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. രണ്ട് സ്ത്രീകള്‍ രണ്ട് ആശുപത്രികളില്‍ മരണവുമായി മല്ലിടുന്നു. ആരാണ് ആദ്യം മരിക്കുക എന്നറിയാതെ. ആദ്യം മരിക്കുന്ന വ്യക്തിയുടെ ഹൃദയം ജീവിക്കാന്‍ കൊതിക്കുന്ന മറ്റേ വ്യക്തിയുടെ ശരീരത്തില്‍ തുന്നിപ്പിടിപ്പിക്കും. 

അമേരിക്കയിലെ ഫിലാഡെല്‍ഫിയയില്‍നിന്നുള്ള അലിന്‍ പരിശീലനം നേടുന്ന ഡോക്ടറായിരുന്നു. അത്യാഹിത വിഭാഗത്തില്‍ത്തന്നെയായിരുന്നു ജോലിയും. അതിനിടെയാണ് രോഗിയാകുന്നതും യോജിച്ച ഹൃദയം ലഭിച്ചാല്‍ മാത്രം ജീവിതത്തിലേക്ക് തിരിച്ചുവരാനാവുന്ന അവസ്ഥയില്‍ എത്തുന്നതും. 

അവയവ ദാനവുമായി ബന്ധപ്പെട്ട് ഒരോ രാജ്യത്തും വ്യത്യസ്തമായ നിയമങ്ങളാണ് നിലനില്‍ക്കുന്നത്. അവയവം ദാനം ചെയ്തവരെക്കുറിച്ചോ അവരുടെ വിവരങ്ങളോ പരസ്യപ്പെടുത്തുന്ന പതിവ് അമേരിക്കയിലില്ല. തനിക്ക് ഹൃദയം തന്ന വ്യക്തിയുടെ കുടുംബത്തിനും ഹൃദയം തന്ന് മരണത്തിലേക്കു പോയ വ്യക്തിക്കും നന്ദി പറഞ്ഞ്  അലിന്‍ സമൂഹമാധ്യമത്തില്‍ എഴുതി: എനിക്കും നിനക്കും തമ്മില്‍ ഒട്ടേറെ കാര്യങ്ങളില്‍ സമാനതകളുണ്ട്. നമ്മുടെ രക്തഗ്രൂപ്പുകള്‍ മാത്രമല്ല ഒരേതരത്തിലുള്ളത്. ഇഷ്ടാനിഷ്ടങ്ങളും അഭിരുചികളും ഒക്കെ സമാനമാണ്. നേരിട്ടറിഞ്ഞിരുന്നെങ്കില്‍ നമ്മള്‍ നല്ല സുഹൃത്തുക്കളായിരുന്നേനേം. അങ്ങനെ സംഭവിച്ചില്ല. പകരം തികച്ചും വ്യത്യസ്തമായ വഴികളിലൂടെ നാം ഒരുമിച്ചു. ഒരു ഹൃദയത്തിന്റെ കൈമാറ്റത്തിലൂടെ. നിന്റെ ജീവിതത്തിന്റെ അവസാനത്തെ ദിനമായിരുന്നു എന്റെ പുതിയ ജീവിതത്തിന്റെ ആദ്യത്തെ ദിവസം. നിന്റെ ജീവിതത്തിലെ ഏറ്റവും ചീത്ത ദിവസം എന്റെ പുനര്‍ജന്‍മത്തിനും തുടക്കമായി. 

അവയവം ദാനം ചെയ്ത കുടുംബം താന്‍ എഴുതിയത് കാണണം എന്നവര്‍ ആഗ്രഹിച്ചു. തന്റെ നന്ദി അറിയണമെന്നും. 

അലിന്‍ എഴുതിയ കുറിപ്പ് വായിച്ചപ്പോള്‍ അവയവദാനത്തിലൂടെ ഒരുമിച്ചെങ്കിലും പരസ്പരം അറിയാത്ത നൂറുകണക്കിനുപേര്‍ അവിചാരിതമായ ആ ബന്ധത്തിന്റെ ദൃ‍ഡത അറിഞ്ഞു. എത്ര ശക്തമാണ് ജീവിച്ചിരിപ്പില്ലാത്ത ഒരു വ്യക്തിയുമായി അവയവം സ്വീകരിച്ച വ്യക്തിക്കുള്ള ആത്മബന്ധമെന്നും..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com