ADVERTISEMENT

പീഡിപ്പിക്കപ്പെട്ടു എന്ന പരാതിയുമായി പൊലീസിനെ സമീപിച്ച യുവതിക്ക് സിംഗപ്പൂരില്‍ രണ്ടാഴ്ചത്തെ ജയില്‍ശിക്ഷ. ഇന്തൊനേഷ്യന്‍ സ്വദേശിയായ വീട്ടുജോലിക്കാരിയാണ് വിചിത്രമായ കേസില്‍ അകപ്പെടുകയും ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തിരിക്കുന്നത്. ജോലി ചെയ്യുന്ന വീട്ടിലെ തൊഴിലുടമയുടെ ഭര്‍ത്താവുമായി ഉഭയസമ്മതപ്രകാരം ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതിനുശേഷം അയാള്‍ തന്നെ പീഡിപ്പിച്ചു എന്ന തെറ്റായ മൊഴികൊടുത്ത് പൊലീസിനെ വഴിതെറ്റിക്കാന്‍ ശ്രമിച്ചുഎന്നതാണ് വീട്ടുജോലിക്കാരിയുടെ പേരില്‍ ചുമത്തപ്പെട്ട കുറ്റം. സുമൈനി എന്നാണ് ജോലിക്കാരിയുടെ പേര്. 

ജോലി ചെയ്യുന്ന സിംഗപ്പൂരില്‍നിന്ന് സുമൈനിക്ക് ജന്മനാടായ ഇന്തൊനേഷ്യയിലേക്ക് തിരിച്ചുപോകണമായിരുന്നു. തൊഴിലുടമയയായ സ്ത്രീ ഇതിന് അനുവാദം കൊടുത്തില്ല. പീഡന പരാതി കൊടുത്താല്‍ തനിക്ക് ജന്‍മനാട്ടിലേക്ക് പോകാന്‍ അനുവാദം കിട്ടുമെന്ന പ്രതീക്ഷയിലാണ് അവര്‍ പരാതി സമര്‍പ്പിച്ചത്. അത് സുമൈനിക്കു തന്നെ വിനയാവുകയും ചെയ്തു. കുറ്റാന്വേഷണ വിഭാഗത്തിലെ ലൈംഗികപീഡന പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക വിഭാഗമാണ് കേസ് അന്വേഷിച്ചത്. അവരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ചയാണ് സുമൈനിക്ക് ശിക്ഷ വിധിച്ചത്. 

തൊഴിലുടമയായ സ്ത്രീ പൊലീസിനെ വിളിക്കുന്നതോടെയാണ് സംഭവത്തിന്റെ തുടക്കം. തന്റെ വീട്ടുജോലിക്കാരി പീഡിപ്പിക്കപ്പെട്ടു എന്നായിരുന്നു അവരുടെ പരാതി. പൊലീസ് കന്റോണ്‍മെന്റ് കോംപ്ലക്സിലേക്ക് വീട്ടുജോലിക്കാരിക്കൊപ്പം തൊഴിലുടമയായ സ്ത്രീയും വന്നിരുന്നു. അവിടെ വച്ച് പൊലീസ് ചോദ്യം ചെയ്യലില്‍, തൊഴിലുടമയുടെ ഭര്‍ത്താവ് തന്നെ ജനുവരി 15 ന് പീഡിപ്പിച്ചതായി വീട്ടുജോലിക്കാരി പറഞ്ഞു. യുവതിയുടെ പരാതിയെത്തുടര്‍ന്ന് തൊഴിലുടമയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. 

തുടരന്വേഷണത്തിലാണ് യുവതി ആരോപിച്ചതുപോലെ പീഡനമല്ല, അവരും തൊഴിലുടമയുടെ ഭര്‍ത്താവായ പുരുഷനും തമ്മില്‍ ഉഭയസമ്മതപ്രകാരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഫെയ്സ്ബുക് മെസഞ്ചറിലെ ചാറ്റിങ്ങാണ് നിര്‍ണായക തെളിവായത്. സുമൈനിയും പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ട പുരുഷനും തമ്മില്‍ നിരന്തരമായി ചാറ്റ് ചെയ്യാറുണ്ടായിരുന്നു. ഒരു സന്ദേശത്തില്‍ ‘ താങ്കളെ വല്ലാതെ മിസ് ചെയ്യുന്നു’  എന്നും സുമൈനി എഴുതിയിരുന്നു. ഈ സംഭാഷണങ്ങളില്‍നിന്ന്  ഇരുവരും പരസ്പര സമ്മതത്തോടെ ബന്ധപ്പെടുകയായിരുന്നു എന്ന നിഗമനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തി.

മെസഞ്ചറിലെ സന്ദേശങ്ങള്‍ തെളിവായി കാണിച്ചതോടെ സുമൈനി സത്യം സമ്മതിക്കാന്‍ തയാറായി.  ജന്മനാട്ടിലേക്ക് തിരിച്ചുപോകണമെന്ന ആഗ്രഹം കൊണ്ടാണ് താന്‍ കള്ളപ്പരാതി നല്‍കിയതെന്ന് അവര്‍ സമ്മതിച്ചു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തൊഴിലുടമയായ സ്ത്രീ അനുവാദം നല്‍കാതിരുന്നതോടെ പീഡന പരാതി ഉന്നയിക്കുകയായിരുന്നു. നിരപരാധിയായ വ്യക്തിയെ ജയിലില്‍ അടയ്ക്കാന്‍ കേസ് ചമച്ചതിന്റെ ശിക്ഷ സുമൈനി അനുഭവിക്കണമെന്ന് പ്രോസിക്യൂട്ടറും കോടതിയില്‍ ആവശ്യപ്പെട്ടു.

തെറ്റാണ് ചെയ്തതെന്നും തന്റെ പ്രവൃത്തിയില്‍ പശ്ചാത്താപമുണ്ടെന്നും സുമൈനി അറിയിച്ചെങ്കിലും അവര്‍ ശിക്ഷ അനുഭവിക്കണമെന്ന് കോടതിയും വിധിച്ചു. കള്ളപ്പരാതി ഉന്നയിക്കുന്നവര്‍ക്ക് സിംഗപ്പൂരില്‍ ഒരു വര്‍ഷം വരെ നീളുന്ന തടവും 35,000 രൂപ വരെ പിഴയുമാണ് സാധാരണ ശിക്ഷ വിധിക്കാറുള്ളത്. പശ്ചാത്തപിച്ചതിനാല്‍ സുമൈനിക്ക് രണ്ടാഴ്ചത്തെ തടവുകൊണ്ടു രക്ഷപ്പെടാനായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com