sections
MORE

ആദ്യം തോൽപ്പിച്ചു ഇപ്പോൾ ജയിപ്പിച്ചു; സ്മൃതി 'ദീദി'യെ ഹൃദയത്തിലേറ്റി അമേഠി

Smriti Irani
സ്മൃതി ഇറാനി
SHARE

സ്മൃതി ഇറാനിക്ക് ബിരുദം ഉണ്ടോ എന്നത് വലിയൊരു ചര്‍ച്ചയായിരുന്നു. തിരഞ്ഞെടുപ്പിലെ കൗതുകമുള്ള ചര്‍ച്ച. അവര്‍ സമര്‍പ്പിച്ച രണ്ടു സത്യവാങ്മൂലങ്ങളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് ചര്‍ച്ച ചൂടുപിടിച്ചതും. അതു പക്ഷേ, തിരഞ്ഞെടുപ്പിനു മുമ്പാണ്. ബിരുദമുണ്ടെങ്കിലും ഇല്ലെങ്കിലും ഫലപ്രഖ്യാപനത്തിനുശേഷം ഉത്തര്‍പ്രദേശില്‍ അമേഠിയിലെ ജനങ്ങള്‍ പുതിയൊരു ബിരുദം സ്മൃതിക്കു സമ്മാനിച്ചിരിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ അട്ടിമറിയിലൂടെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ തോല്‍പിച്ച വീരനായിക എന്ന ബിരുദം. പ്രത്യേക പരിഗണനകള്‍ ഒന്നുമില്ലാതെ അധ്വാനിച്ചു നേടിയ ബിരുദം. ജനവിധിയുടെ അംഗീകാരം. ജനങ്ങളുടെ സര്‍വകലാശാല നല്‍കുന്ന ജനപിന്തുണയുടെ ചോദ്യം ചെയ്യാനാകാത്ത സ്നേഹബിരുദം. 

ഇന്ത്യയുടെ ഹൃദയഭൂമിയായാണ് ഉത്തര്‍പ്രദേശ് കണക്കാക്കപ്പെടുന്നത്. ഉത്തര്‍പ്രദേശ് പിടിക്കുന്നവര്‍ ഇന്ത്യ ഭരിക്കുമെന്നത് കാലാകാലങ്ങളായുള്ള മാറ്റമില്ലാത്ത മുദ്രാവാക്യവും. ഉത്തര്‍പ്രദേശിലെ മണ്ഡലങ്ങള്‍ മിക്കതും ഒരിക്കല്‍ കോണ്‍ഗ്രസിന്റെ കോട്ടയായിരുന്നു. പ്രത്യേകിച്ചും നെഹ്റു കുടുംബത്തിന്റെ സ്വന്തം മണ്ഡലങ്ങള്‍. ഒന്നോ രണ്ടോ ദിവസം മാത്രം പ്രചാരണം നടത്താന്‍മാത്രം സാധിച്ചാലും ജയിച്ചുകയറുന്ന ഉരുക്കുകോട്ടകള്‍. റായ് ബറേലിയും അമേഠിയുമൊക്കെ പുറം ലോകം അറിഞ്ഞതും നെഹ്റു കുടുംബത്തിന്റെ സ്വന്തം മണ്ഡലങ്ങളായി. റായ് ബറേലിയില്‍ ഇത്തവണ സോണിയാ ഗാന്ധി ജയിച്ചുകയറിയെങ്കിലും അമേഠി രാഹുലിനെ ചതിച്ചു; സ്മൃതിയെ വരിച്ചു. ഒരു തിരഞ്ഞെടുപ്പ് കാലത്തെ പ്രചാരണം കൊണ്ട് നേടിയടുത്തതല്ല ആ വിജയം. ഏതാണ്ട് അഞ്ചു വര്‍ഷം നീണ്ട പ്രവര്‍ത്തനത്തിന്റെ ഫലം. 

അമേഠിയില്‍ ഇത്തവണ നടന്നത് 2014 ന്റെ തനിയാവര്‍ത്തനം. രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി. കേന്ദ്രമന്ത്രിയാണ് സ്മൃതി. അതിനപ്പുറം അഞ്ചു വര്‍ഷം മുമ്പു തോറ്റുപോയ അന്നുമുതല്‍ അമേഠിയെ സ്വന്തം മണ്ഡലമായി കണ്ടു നടത്തിയ പ്രവര്‍ത്തനങ്ങളുടെ ആകെത്തുക കൂടിയാണ് അവരുടെ വിജയം. അരലക്ഷത്തിനടുത്തുള്ള ഭൂരിപക്ഷത്തില്‍ മിന്നും ജയം. 

smriti-irani-04
സ്മൃതി ഇറാനി

കഴിഞ്ഞതവണ അമേഠിയില്‍ മാത്രം മല്‍സരിക്കുകയും വിജയിക്കുകയും ചെയ്ത രാഹുല്‍ ഇത്തവണ രണ്ടാമതൊരു മണ്ഡലത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങാന്‍തന്നെ കാരണം സ്മൃതി, അവരുടെ വ്യക്തിപ്രഭാവത്തേക്കാള്‍ അമേഠിക്കുവേണ്ടി നടത്തിയ പ്രവര്‍ത്തനം. തോറ്റമണ്ഡലങ്ങളിലേക്കു പൊതുവെ തിരിഞ്ഞുനോക്കാന്‍ മടിക്കുന്നവരാണ് സ്ഥാനാര്‍ഥികളെങ്കില്‍ ഇത്തവണ സ്മൃതി അതു തിരുത്തിക്കുറിച്ചു. കേന്ദ്രമന്ത്രിയായിരിക്കുമ്പോഴും സ്വന്തം മണ്ഡലമായി കണ്ട് അമേഠിക്കുവേണ്ടി അവര്‍ നടപ്പാക്കിയത് വികസന പ്രവര്‍ത്തനങ്ങളുടെ പരമ്പര. 

പിന്നാക്കം നില്‍ക്കുന്ന മണ്ഡലത്തില്‍ രണ്ടു ലക്ഷത്തോളം ശൗചാലയങ്ങള്‍ അവരുടെ നേതൃത്വത്തില്‍ നിര്‍മിച്ചു. പ്രധാനമന്ത്രി ആവാസ് യോജന വഴി പാവപ്പെട്ടവര്‍ക്ക് 20,000 വീടുകള്‍, 1.5 ലക്ഷം സൗജന്യ പാചക വാതക കണക്‌ഷനുകള്‍ എന്നിവയല്ലാം സ്മൃതിയുടെ നേട്ടങ്ങളായി ബിജെപി പ്രവര്‍ത്തകര്‍ വീടുവീടാന്തരം പ്രചരിപ്പിച്ചു. അതു ഫലം കണ്ടു. ഒപ്പം അമേഠിയിലെ നിയമസഭാ മണ്ഡലങ്ങള്‍ സ്വന്തമാക്കിയതില്‍ ഉണ്ടായിരുന്ന മേധാവിത്വവും ബിജെപിക്കു തുണയായി. കഴിത്തതവണത്തേതുപോലെ തൂത്തുവാരാനായില്ലെങ്കിലും ഹൃദയഭൂമിയുടെ ഭൂരിപക്ഷം സീറ്റുകളിലും വിജയിച്ചതിനൊപ്പം ബിജെപി  അമേഠിയും സ്വന്തമാക്കി. 

PTI8_8_2017_000041B
സ്മൃതി ഇറാനി

രാഹുലിന്റെ പരാജയം യഥാര്‍ഥത്തില്‍ കോണ്‍ഗ്രസിന്റെ താരപ്രചാരക പ്രിയങ്കാ ഗാന്ധിയുടെ പരാജയം കൂടിയാണ്. അമേഠിയിലും വയനാട്ടിലും രാഹുല്‍ വിജയിക്കുകയും വയനാട് നിലനിര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നെങ്കില്‍ പ്രിയങ്കയ്ക്ക് അമേഠിയില്‍ മല്‍സരിക്കാമായിരുന്നു. പാര്‍ലമെന്റിലേക്ക് കാലെടുത്തുവയ്ക്കാമായിരുന്നു. അമേഠി നഷ്ടപ്പെട്ടതിലൂടെ കോണ്‍ഗ്രസിന്റെ ആ സ്വപ്നം പൊലിഞ്ഞിരിക്കുന്നു. പ്രിയങ്കയുടേതും. കഴി‍ഞ്ഞ തവണ ലോക്‌സഭയിലേക്ക് പരാജയപ്പെട്ടെങ്കിലും രാജ്യസഭയിലൂടെ പാര്‍ലമെന്റിലെത്തിയ സ്മൃതിക്കാകട്ടെ ഇത്തവണ നേരിട്ടുതന്നെ ലോക്സഭാ ആംഗമാകാം. മന്ത്രിസഭയില്‍ പ്രധാനപ്പെട്ട പദവിയും. അമേഠിക്കു വരാനിരിക്കുന്നത് നല്ല കാലം. 

ജനപ്രിയ സീരിയലുകളിലെ നായികയായിരുന്നു ഒരിക്കല്‍ സ്മൃതി. രാഷ്ട്രീയത്തിലെത്തിയപ്പോള്‍ ഭൂതകാലത്തിന്റെ പേരില്‍ അവര്‍ കളിയാക്കപ്പെട്ടിട്ടുമുണ്ട്. മതത്തിന്റെ പേരു പറഞ്ഞും വലിയ സിന്ദൂരപ്പൊട്ടിന്റെ പേരിലുമെല്ലാം ട്രോളുകള്‍ക്കും അവര്‍ വിധേയയായി. അപ്പോഴെല്ലാം തികഞ്ഞ ആത്മവിശ്വാസത്തോടെ ആരോപണങ്ങളെ അതിജീവിക്കുകയും ഇന്ത്യ മുഴുവന്‍ താരപ്രചാരകയായി നിറഞ്ഞുനില്‍ക്കുകയും ചെയ്തു സ്മൃതി. ഇപ്പോഴിതാ ജനങ്ങളുടെ നേരിട്ടുള്ള അംഗീകാരവും. 

smriti-irani-02
സ്മൃതി ഇറാനി

അമേഠിയിലെ ജനങ്ങള്‍ തന്നെ ദീദി എന്നാണു വിളിക്കുന്നതെന്ന് സ്മൃതി പറഞ്ഞുനടന്നപ്പോഴും പുറത്തുള്ളവര്‍ ആ വാക്കുകള്‍ വിശ്വസിച്ചിരുന്നില്ല. കള്ളമല്ല സത്യമാണു താന്‍ പറഞ്ഞതെന്ന് സ്മൃതി തെളിയിച്ചിരിക്കുന്നു. അമേഠിയുടെ ഹൃദയത്തില്‍തന്നെയാണ് സ്മൃതിക്കു സ്ഥാനം. പിന്നാക്കപ്രദേശത്തെ ജനങ്ങളെ വികസനത്തിന്റെ വാതില്‍ കാണിച്ചുകൊടുത്ത സ്മൃതി അവര്‍ക്കു ദീദി തന്നെയാണ്. സ്വന്തം ദീദി. തെളിവ് 49,103 വോട്ടുകളുടെ ഭൂരിപക്ഷം! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA