ADVERTISEMENT

വ്യക്തമായ മേധാവിത്വവുമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടു ക്കുമ്പോള്‍, ഏറ്റവും കൂടുതല്‍ സ്ത്രീ പ്രാതിനിധ്യവുമായി ശ്രദ്ധേയമാവുകയാണ് പുതിയ ലോക്സഭ. 33 ശതമാനം വനിതാ സംവരണ വിഷയത്തില്‍ പാര്‍ട്ടികള്‍ ഇപ്പോഴും വിഘടിച്ചുനില്‍ക്കുകയാണെങ്കിലും സ്ത്രീ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത് ക്രമാനുഗതമായ വര്‍ധന. 1957 ലെ ലോക്സഭയില്‍ 22 മാത്രമായിരുന്നു വനിതാ പ്രതിനിധികളുടെ എണ്ണമെങ്കില്‍ ഇത്തവണയത് 78 ആയി ഉയര്‍ന്നിരിക്കുന്നു. ഇതുവരെയുള്ള രാജ്യചരിത്രത്തിലെ റെക്കോര്‍ഡ്. രാജ്യമൊട്ടാകെ മല്‍സരിച്ച 726 വനിതകളില്‍നിന്നാണ് 78 പേര്‍ തിരഞ്ഞെടുക്കപ്പെട്ടത്. 

2014-ല്‍ 61 വനിതാ പ്രതിനിധികള്‍ പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ അതൊരു റെക്കോര്‍ഡ് ആയിരുന്നു. ഇത്തവണ അഞ്ചുവര്‍ഷം മുമ്പുള്ള റെക്കോര്‍ഡ് തിരുത്തിയാണ് പുതിയ വനിതാ മുന്നേറ്റം. നന്ദി പറയേണ്ടത് ബംഗാളിലെ ത്രിണമൂല്‍ കോണ്‍ഗ്രസിനും ഒഡിഷയിലെ നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡിക്കും. അവര്‍ മാത്രമാണ് 33 ശതമാനം വനിതകളെ മല്‍സരത്തിനിറക്കി മാതൃക കാട്ടിയത്.

ഭരണകക്ഷിയായ ബിജെപിയുടെ 303 അംഗങ്ങളില്‍ 40 പേരാണ് വനിതകള്‍- 13.53 ശതമാനം. ത്രിണമൂല്‍ 9 പേരെയും ബിജെഡി അഞ്ചു പേരെയും പാര്‍ലമെന്റില്‍ എത്തിച്ചു. വനിതാ എംപിമാരില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് വന്‍ അട്ടിമറി സാധ്യമാക്കിയ സ്മൃതി ഇറാനി തന്നെ. അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നേരിട്ടുള്ള മല്‍സരത്തില്‍ തോല്‍പിച്ചാണ് സ്മൃതി വരുന്നത്. കോണ്‍ഗ്രസ് നേതൃനിരയില്‍ സോണിയാ ഗാന്ധിയുണ്ട്. ബിജെപിയുടെ വിവാദ നായിക പ്രജ്ഞ സിങ് ഠാക്കൂര്‍, മേനക ഗാന്ധി, എന്‍സിപിയുടെ സുപ്രിയ സുലെ, ഡിഎംകെയുടെ കനിമൊഴി എന്നിവര്‍ക്കൊപ്പം കര്‍ണാടകയില്‍നിന്ന് ബിജെപി പിന്തുണയോടെ സ്വതത്രയായി വിജയിച്ച സുമലതയുമുണ്ട്. 

അസാന്നിധ്യം കൊണ്ടു ശ്രദ്ധിക്കപ്പെടുന്നവരില്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവിനാണ് പ്രമുഖ സ്ഥാനം. ബംഗാളില്‍ മൂണ്‍ മൂണ്‍‍ സെന്നിന്റെ തോല്‍വിയും എടുത്തുപറയണം. വഡോദരയില്‍നിന്നു വിജയിച്ച രഞ്ജനബെന്‍ ഭട്ടിനാണ് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം -5, 89, 177. കേരളത്തില്‍നിന്ന് ഒരാള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് ആറു സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചപ്പോള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കാന്‍ നാലുപേരുണ്ട്. ബംഗാളില്‍നിന്നും ഉത്തര്‍പ്രദേശില്‍നിന്നും 11 വീതം വനിതകള്‍ പാര്‍ലമെന്റില്‍ എത്തുമ്പോള്‍ മഹാരാഷ്ട്രിയില്‍നിന്ന് എട്ടുപേര്‍. ഒഡിഷയില്‍നിന്ന് ഏഴു വനിതകളും. 

ആദ്യത്തെ ലോക്സഭയിലെ അഞ്ചു ശതമാനത്തില്‍നിന്ന് 17-ാം ലോക്സഭയിലെ 14 ശതമാനത്തിലേക്ക് വനിതാ പ്രാതിനിധ്യം ഉയര്‍ന്നപ്പോഴും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുപോലും പിന്നിലാണ് വനിതാ പ്രാതിനിധ്യത്തില്‍ ഇന്ത്യ. റുവാണ്ടയില്‍ 61, ദക്ഷിണാഫ്രിക്കയില്‍ 43, ഇംഗ്ലണ്ടില്‍ 32, അമേരിക്കയില്‍ 24, ബംഗ്ലാദേശില്‍ 21 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ വനിതാ പ്രാതിനിധ്യത്തിന്റെ ശതമാനക്കണക്ക്. ഇനി എല്ലാ കണ്ണുകളും പുതിയ സര്‍ക്കാരിലേക്ക്.  വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യുകയും മാറ്റിവച്ചിരിക്കുകയും ചെയ്ത വനിതാ സംവരണ ബില്‍ പാസ്സാക്കാന്‍ മോദി സര്‍ക്കാര്‍ തയാറാകുമോ എന്നാണ് രാജ്യത്തെ വനിതകള്‍ ഉറ്റുനോക്കുന്നത്. ലിംഗനീതിയുമായി ബന്ധപ്പെട്ട് സമൂഹത്തിലെ ഏറ്റവും വലിയ വിപ്ലവം സാക്ഷാത്കരിക്കപ്പെടുമോ എന്നും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com