sections
MORE

ഇങ്ങനെയാണ് കലക്ടർ വാസുകി ജനങ്ങളുടെ ഹൃദയം കീഴടക്കിയത്

collector K Vasuki
കലക്ടർ വാസുകി
SHARE

15 വര്‍ഷം മുൻപു നടന്ന ഒരു പ്രകൃതി ദുരന്തമാണ് കാര്‍ത്തികേയന്‍, വാസുകി എന്നീ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ജീവിതം വഴിതിരിച്ചുവിട്ടത്. സുനാമി. ചെന്നൈയിലും തമിഴ്‌നാട്ടിലും കേരളത്തിലും ആയിരങ്ങളെയാണു സൂനാമി വിഴുങ്ങിയത്. അന്നാണ് സിവിൽ സർവീസിന്റെ മഹത്വം അവര്‍ മനസ്സിലാക്കുന്നതും. 

രാപകലില്ലാതെ സമൂഹത്തിനു പ്രയോജനം ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും. അവരെയെല്ലാം ഏകോപിപ്പിക്കുന്ന ജില്ലാ കലക്ടര്‍മാര്‍. സ്വന്തം സുഖത്തേക്കാളുപരി മറ്റുള്ളവരുടെ ജീവിതത്തില്‍ സുഖവും ആരോഗ്യവും ഉറപ്പുവരുത്തുകയാണ് ഡോക്ടര്‍മാര്‍. പക്ഷേ, അതിലും മേലെയാണ് സിവില്‍ സര്‍വീസ് എന്നു ബോധ്യപ്പെടുത്തിയ അനുഭവമായിരുന്നു സുനാമി. 

സിവിൽ സർവീസിൽ ചേർന്നാൽ മെഡിക്കൽ പ്രഫഷനെക്കാളേറെ സമൂഹത്തിനു നന്മ ചെയ്യാനാവുമെന്ന് ആ വിദ്യാര്‍ഥികള്‍ക്കു തോന്നി. അക്കാലത്ത് അവര്‍ പ്രണയബദ്ധരുമായിരുന്നു. പ്രണയത്തിന്റെ കരുത്തില്‍ ഡോക്ടര്‍ മോഹം ഉപേക്ഷിച്ച് സിവിൽ സർവീസ് പരീക്ഷയെഴുതാൻ രണ്ടുപേരും തീരുമാനിച്ചു. 

മദ്രാസ് മെഡിക്കല്‍ കോളജിലെ 2000 ബാച്ചിലെ വിദ്യാര്‍ഥികളായിരുന്നു അവര്‍. തടസ്സങ്ങളെയും അഗ്നിപരീക്ഷകളെയും നേരിട്ട് പിന്നീട് അവര്‍ സിവില്‍ സര്‍വീസിലെത്തി. രണ്ടുപേരും. ആദ്യം വാസുകി. പിന്നീട് കാര്‍ത്തികേയന്‍. അവര്‍ വിവാഹിതരുമായി, ജീവിതത്തില്‍ സെറ്റില്‍ ചെയ്തു. അതോടെ അവരുടെ സാമൂഹിക പ്രതിബദ്ധത അവസാനിച്ചുവെന്ന് കരുതരുത്. ഒരു വര്‍ഷം മുമ്പ് നൂറ്റാണ്ടു കണ്ട വലിയ പ്രളയത്തില്‍ കേരളം മുങ്ങിത്തപ്പിയപ്പോള്‍ രക്ഷാകരം നീട്ടി മുന്നില്‍ നിന്നതും ഇരുവരുമായിരുന്നു. 

vasuki-with-her-husband-01
കലക്ടർ വാസുകി ഭർത്താവിനൊപ്പം

കൊല്ലം കലക്ടര്‍ കാര്‍ത്തികേയനും തിരുവനന്തപുരം കലക്ടര്‍ വാസുകിയും. പ്രളയം വലിയ ആഘാതം ഏല്‍പിക്കാതിരുന്ന ജില്ലയായിരുന്നു തിരുവനന്തപുരം. പക്ഷേ, കേരളത്തില്‍ അങ്ങോളമിങ്ങോളം ഭക്ഷണവും വസ്ത്രങ്ങളും മെഡിക്കല്‍ സൗകര്യങ്ങളുമുള്ള കിറ്റുകള്‍ വിതരണം ചെയ്തു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചും മുന്നിലുണ്ടായിരുന്നു വാസുകി. കൊല്ലത്തിന്റെ തീരദേശത്തുള്‍പ്പെടെ എപ്പോഴും സേവനസന്നദ്ധനായി കാര്‍ത്തികേയനും. 

പ്രളയത്തില്‍ കേരളം മുങ്ങിനിവര്‍ന്നപ്പോള്‍ അഭിമാനത്തോടെ അവര്‍ തലയുയര്‍ത്തിനിന്നു. സമൂഹത്തിനു വേണ്ടി രാപകലില്ലാതെ നടത്തുന്ന ഈ അധ്വാനവും പ്രതിബദ്ധതയും തന്നെയാണ് വാസുകിയെ ജനപ്രിയ കലക്ടറാക്കുന്നതും. ജനങ്ങള്‍ക്ക് തന്നോടുള്ള സ്നേഹവും പരിഗണനയും അറിയുന്നതുകൊണ്ടാണ് അവധിയില്‍ പ്രവേശിക്കുമ്പോള്‍ വാസുകി സമൂഹമാധ്യമത്തിലൂടെ അത് അറിയിക്കുന്നതും പ്രതികരണമായി ആയിരക്കണക്കിനുപേര്‍ മറുപടി എഴുതുന്നതും. 

മെഡിക്കല്‍ പഠനത്തിന്റെ അവസാനം എടുത്ത തീരുമാനം തെറ്റിയില്ലെന്നു തെളിയിക്കുകയാണ് വാസുകി. ചുവപ്പുനാടയും രാഷ്ട്രീയചങ്ങലകളുമൊക്കെയുണ്ടെങ്കിലും ഇന്നും സിവില്‍ സര്‍വീസിലൂടെ ജനോപകകാര പ്രദമായ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാമെന്നും ജനങ്ങളുടെ സ്നേഹം നേടാനാവുമെന്നും കൂടി അവര്‍ തെളിയി ക്കുന്നു. 

vasuki-01
കലക്ടർ വാസുകി

മറ്റൊരാളുടെ താൽപര്യത്തിൽ ആർക്കും സിവിൽ സർവീസിലേക്കു കടന്നു വരാൻ കഴിയില്ലെന്നു പറഞ്ഞിട്ടുണ്ട് വാസുകി. സ്കൂൾ കാലഘട്ടത്തിൽ മികച്ച മാർക്ക് നേടി പാസാവുകയെന്നതാണു സ്വപ്നത്തിലേക്കുള്ള ആദ്യ പടി. പിന്നെ‌ മികച്ച കോളജിൽ ഇഷ്‌‌ടമുള്ള മേഖലയിൽ ഡിഗ്രി സ്വന്തമാക്കണം. ആശയവിനിമയ ശേഷിയും ലോകപരിചയവും മെച്ചപ്പെടുത്തണം. ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ തടസ്സങ്ങൾ പലതും ഉണ്ടാവാം. അഥവാ ലക്ഷ്യത്തിലെത്തിയില്ലെങ്കിൽ പോലും പഠിച്ച കാര്യങ്ങൾ മുന്നോട്ടുള്ള കാലത്ത് ഉപകാരപ്പെടും എന്ന സംതൃപ്തിയില്‍ പഠിക്കുക. അതായിരുന്നു വാസുകിയുടെയും ഊര്‍ജം. ആ ഊര്‍ജത്തിന്റെ ഉന്‍മേഷത്തിലാണ് അവര്‍ സിവില്‍ സര്‍വീസില്‍ എത്തുന്നത്. 

2008ലാണ് വാസുകി സിവിൽ സർവീസിലെത്തുന്നത്. മധ്യപ്രദേശ് കേഡറിലായിരുന്നു നിയമനം. സഹപാഠിയായിരുന്ന ഡോ. എസ്.കാർത്തികേയൻ കൂടി സിവിൽ സർവീസിൽ എത്തിയശേഷം 2013ൽ ഇരുവരും കേരള കേഡറിലേക്കു മാറുകയായിരുന്നു. ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിട്ടായിരുന്നു വാസുകിയുടെ ആദ്യനിയമം. മാലിന്യനിർമാർജനം ഉൾപ്പെടെയുള്ള മേഖലകളിൽ കേരളത്തിനു വഴികാട്ടുന്ന പ്രവർത്തനങ്ങൾക്ക് അവര്‍ നേതൃത്വം നല്‍കി. താരതമ്യേന ശ്രദ്ധിക്കപ്പെടാത്ത ഒരു വകുപ്പായിരുന്നിട്ടും വാസുകി ശുചിത്വ കേരളം എന്ന ലക്ഷ്യത്തിലേക്കു വലിയ സംഭാവനകളാണ് അക്കാലത്ത് നല്‍കിയത്. ഇന്നും കേരളം നന്ദിയോടെ ഓര്‍ത്തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍. 

പൊതു പരിപാടികൾക്കുൾപ്പെടെ പ്ലാസ്റ്റിക് ഉപയോഗം നിരോധിച്ചു ഗ്രീൻ പ്രോട്ടോകോൾ നിർബന്ധമാക്കി യതു വാസുകിയുടെ നേതൃത്വത്തിലായിരുന്നു. ജനസാന്ദ്രതയേറിയ കേരളത്തിൽ കേന്ദ്രീകൃത മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ പ്രായോഗികമല്ലെന്നും സ്വന്തം മാലിന്യം സ്വന്തം ഉത്തരവാദിത്തമായി മാറണമെന്നുമുള്ള നിലപാടാണു വാസുകി സ്വീകരിച്ചത്. ശുചിത്വ മിഷനില്‍ മൂന്നു വര്‍ഷത്തോളം പ്രവര്‍ത്തിച്ചതിനുശേഷമാണ് വാസുകി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ എത്തുന്നത്. 

Dr K Vasuki
കലക്ടർ വാസുകി

ഒരു കലക്ടര്‍ അവധിയെടുക്കുന്നത് കേരളത്തില്‍ ഇതുവരെ വലിയ വാര്‍ത്തയല്ലായിരുന്നു. ഇപ്പോഴിതാ അതും വാര്‍ത്തയായിരിക്കുന്നു. അതിനുകാരണം വാസുകി എന്ന കലക്ടറാണ്. ഏതു കസേരയില്‍ ഇരുന്നാലും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രതിബദ്ധതയുടെ മറുപേര്. അവര്‍ എല്ലാ ദിവസവും ഓഫിസില്‍ എത്തണമെന്ന് ജനം ആഗ്രഹിക്കുന്നു. അതൊരു ഉറപ്പാണ്. സുരക്ഷയുടെ ഗ്യാരന്റി. സംരക്ഷണത്തിന്റെ ആശ്വാസം. അതു നേടിയെടുക്കുക എന്നത് ചില്ലറകാര്യമല്ല. തമിഴ്നാട്ടില്‍ നിന്നെത്തി കേരള ജനതയുടെ സ്നേഹം ആവോളം നേടി മാതൃകയാകുകയാണ് വാസുകി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA