sections
MORE

ചന്ദ്രയാൻ ടു ദൗത്യത്തിലെ വനിതാ പ്രതിഭകൾ ഇവർ; രാജ്യത്തിന് അഭിമാനിക്കാം

Chandrayaan-2 mission: Meet the rocket women who will again take India to the moon
ചന്ദ്രയാന്‍- 2ന്റെ പ്രോജക്ട്റ്റ് ഡയറക്ടറായിത്തന്നെ ഒരു വനിതയുണ്ട്. മിഷന്‍ ഡയറക്ടര്‍ സ്ഥാനത്തുമുണ്ട് ഒരു വനിത.
SHARE

ഇന്ത്യയുടെ രണ്ടാം ചന്ദ്രപര്യവേക്ഷണദൗത്യമായ ചന്ദ്രയാന്‍ -2 ജൂലൈ 15 ന് പുലര്‍ച്ചെ 2.15 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് കുതിച്ചുയരുമ്പോള്‍ അംഗീകരിക്കപ്പെടുന്ന, ആദരിക്കപ്പെടുന്ന, ബഹുമാനിക്കപ്പെടുന്ന ശാസ്ത്രപ്രതിഭകളുണ്ട്. അവര്‍ പുരുഷന്‍മാര്‍ മാത്രമാണ് എന്നു കരുതിയെങ്കില്‍ തെറ്റി. ചന്ദ്രയാന്‍- 2ന്റെ പ്രോജക്ട്റ്റ് ഡയറക്ടറായിത്തന്നെ ഒരു വനിതയുണ്ട്. മിഷന്‍ ഡയറക്ടര്‍ സ്ഥാനത്തുമുണ്ട് ഒരു വനിത. അതില്‍ക്കൂടുതലായി പുതിയ ദൗത്യസംഘത്തിലെ 30 ശതമാനത്തോളം പേരും വനിതകള്‍ തന്നെ. 

റോക്കറ്റ് സയന്‍സ് എന്നത് പുരുഷന്‍മാര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള ശാസ്ത്രശാഖയാണെന്നും വനിതകള്‍ക്ക് അവിടെ ഒന്നും ചെയ്യാനില്ലെന്നുമുള്ള ധാരണ നേരത്തെതന്നെ തിരുത്തിക്കുറിക്കപ്പെട്ടിരുന്നു. എങ്കിലും ഇത്തവണ മുഖ്യസ്ഥാനങ്ങള്‍ തന്നെ വനിതകള്‍ അലങ്കരിച്ചുകൊണ്ട് രാജ്യം പുതിയ യുഗത്തിലേക്കു കടക്കുമ്പോള്‍ അഭിമാനിക്കാനേറെയുണ്ട് രാജ്യത്തിന്; ഒപ്പം വനിതകള്‍ക്കും. 

എം. വനിതയാണ് ചന്ദ്രയാന്‍ -2 പ്രൊജക്ട് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നത്. മിഷന്‍ ഡയറക്ടര്‍ റിതു കരിദ്ദാളും. സാങ്കേതിക ജ്ഞാനംകൊണ്ടുമാത്രം ഒരാള്‍ക്ക് പ്രൊജക്ട് ഡയറക്ടര്‍ പദവിയില്‍ എത്താനാകില്ല. മറ്റു വിഭാഗങ്ങളുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തനം നടത്താനും മാനേജ്മെന്റ് കഴിവുകളും അത്യാവശ്യം. ഏറ്റവും സൂക്ഷ്മമായ കാര്യങ്ങളില്‍പ്പോലും പ്രൊജക്ട് ഡയറക്ടറുടെ ശ്രദ്ധ പതിയണം. ഒന്നും നോട്ടത്തില്‍നിന്നു വഴുതിമാറാനും പാടില്ല. ഡിസൈന്‍ എന്‍ജിനീയറായാണ് വനിത വളര്‍ന്നുവന്നത്. 2006-ല്‍ ഇന്ത്യന്‍ ബഹിരാകാശ സൊസൈറ്റിയുടെ മികച്ച ശാസ്ത്രജ്ഞയ്ക്കുള്ള പുരസ്കാരവും അവര്‍ നേടിയിരുന്നു. 

ആദ്യ ചന്ദ്രയാന്‍ ദൗത്യത്തില്‍ ഡെപ്യൂട്ടി ഓപറേഷന്‍സ്  ഡയറക്ടറായി ജോലി ചെയ്ത വ്യക്തിയാണ് മിഷന്‍ ഡയറക്ടറായ റിതു കരിദ്ദാള്‍. കഴിഞ്ഞ 18 വര്‍ഷമായി റിതു ഐഎസ്ആര്‍ഒയുടെ ഭാഗമാണ്. അഭിമാനകരമായ പല പദ്ധതികളുടെയും പിന്നണിയിലുണ്ടായിരുന്നു. കുട്ടിക്കാലം മുതലേയുള്ള സ്വപ്നത്തിന്റെ ചുവടുപിടിച്ചാണ് റിതു ഇന്ത്യയുടെ അഭിമാനമായ ശാസ്ത്രഗവേഷണ സംഘത്തില്‍ എത്തുന്നതും ചന്ദ്രയാന്റെ ഭാഗമാകുന്നതും. ഒരു സ്ത്രീക്ക് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നേട്ടങ്ങള്‍ സൃഷ്ടിക്കുക  എന്നത് അസാധ്യമല്ലെന്നും കുടുംബത്തിന്റെ കൂടി പിന്തുണയോടെ മുന്നോട്ടുപോകാനാകുമെന്നും അവര്‍ മുമ്പും ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുമുണ്ട്. 

ലക്നോ സര്‍വകലാശാലയില്‍നിന്നാണ് റിതു ബിരുദം സ്വന്തമാക്കുന്നത്- എയ്റോസ്പെയ്സ് എന്‍ജിനീയറിങ്ങില്‍. തുടര്‍ന്ന് ബെംഗളൂരു ഐഎസ്ആര്‍ഒ കേന്ദ്രത്തിലെത്തുന്നു. 2007 ല്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമില്‍നിന്ന് മികച്ച യുവ ശാസ്ത്രജ്ഞയ്ക്കുള്ള പുരസ്കാരം നേടിയ റിതു ഇന്ത്യയുടെ റോക്കറ്റ് വുമണ്‍ എന്നാണ് ഇന്ന് അറിയപ്പെടുന്നത്. 

വനിതയും റിതുവുമൊക്കെ വനിതകളായതുകൊണ്ടല്ല ഐഎസ്ആര്‍ഒയുടെ ഭാഗമായതും ചന്ദ്രയാന്‍ 2 ലെ പ്രധാന മസ്തിഷ്കങ്ങളായതും. കഴിവും ആത്മവിശ്വാസവും അർപ്പണബോധവും ദീര്‍ഘവീക്ഷണവുമാണ് അവരെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. അര്‍ഹതയ്ക്കുള്ള അംഗീകാരം.ഒപ്പം സ്ത്രീശക്തിക്ക് ഒരു സല്യൂട്ടും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA