ADVERTISEMENT

സോഫ്റ്റ്‌വെയർ എൻജിനീയറിങ് മേഖലയിൽ ജോലിചെയ്യുന്ന രണ്ടു ചെറുപ്പക്കാർ തമ്മിൽ യാദൃശ്ചികമായി കണ്ടുമുട്ടുന്നു. സംസാരിച്ചു സംസാരിച്ചൊടുവിൽ ഒരുമിച്ച് ഒരു സ്റ്റാർട്ടപ് തുടങ്ങാമെന്നു തീരുമാനിക്കുന്നു. അധികം വൈകാതെ അവരുടെ ആ വ്യവസായ സംരംഭം ലോകപ്രശസ്തമായി. കോടികളുടെ ആസ്തിയുള്ള ഒരു ഇ കൊമേഴ്സ് സ്ഥാപനമായി അതു മാറി. ഏതെങ്കിലും സിനിമാക്കഥയാണ് കേൾക്കുന്നതെന്നു കരുതിയെങ്കിൽ തെറ്റി. പറയുന്നത് അങ്കിത എന്ന 23കാരിയുടെയും ധ്രുവ് എന്ന 24കാരന്റെയും സൗഹൃദത്തിന്റെയും വിജയത്തിന്റെയും കഥയാണ്.

ഇന്ത്യയുടെ ടെക് തലസ്ഥാനമായ ബെംഗളൂരുവിലെ ഒരു ഹൗസ് പാര്‍ട്ടിയില്‍ വച്ചായിരുന്നു സിലിംഗോ എന്ന സ്റ്റാർട്ടപ്പിന്റെ പിറവി. ഹൗസ്പാര്‍ട്ടിയിലെ സംസാരം കഴിഞ്ഞു നാലു മാസം കഴിഞ്ഞപ്പോള്‍ ഇരുവരും ജോലി ഉപേക്ഷിച്ചു. സമ്പാദ്യായി ഉണ്ടായിരുന്ന ഇരുപതു ലക്ഷം രൂപ വീതം നിക്ഷേപിച്ചുകൊണ്ടു തുടക്കം. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ചെറുകിട കച്ചവടക്കാരുടെ വ്യാപാരം അഭിവൃദ്ധിപ്പെടുത്തുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം.

‌ഇന്ന് സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കന്ന സിലിംഗോ ശതകോടികളുടെ ആസ്തിയുള്ള സ്ഥാപനമായി വളര്‍ന്നിരിക്കുന്നു; അങ്കിതി ലോകത്തുതന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സ്ഥാപനങ്ങളിലൊന്നിനെ നയിക്കുന്ന ചെറുപ്പക്കാരിയായ സ്റ്റാര്‍ട്ടപ് സ്ഥാപകയും. ലോകത്തെ മുന്‍നിര സ്റ്റാര്‍ട്ടപ് സ്ഥാപനങ്ങളെടുത്താല്‍ വനിതകള്‍ സ്ഥാപിച്ചവ 23 എണ്ണം മാത്രം. ഓണ്‍ലൈന്‍ ഷോപ്പിങ്ങ് വളരുന്നതിനുസരിച്ച് സിലിംഗോ വളരുന്നു. കൂടുതല്‍ ഉയരങ്ങളിലേക്ക്. 

ബാങ്കോക്കിലേക്കുള്ള ഒരു സന്ദര്‍ശനമാണ് അങ്കിതി ബോസിന്റെ ജീവിതം മാറ്റിമറിച്ചത്; വ്യാപാര സാധ്യതകളെക്കുറിച്ച് അവബോധമുണ്ടാക്കിയതും. ചെറുകിട കച്ചവടക്കാര്‍ക്ക് ടെക്നോളജിയുമായുള്ള പരിചയമില്ലായ്മ തുടക്കത്തില്‍ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. അവരെ സാങ്കേതിക വിദ്യയുമായി പരിചയപ്പെടുത്തുക എന്നതായിരുന്നു പ്രഥമ ജോലി. അതിനുവേണ്ടിതന്നെ സോഫ്റ്റ്‍വെയറുകള്‍ സാധ്യമാക്കി. തായ്‍ലന്‍ഡിലും കംബോഡിയയിലും സാന്നിധ്യമറിയിച്ചു കൊണ്ടായിരുന്നു തുടക്കം. ഇപ്പോള്‍ എട്ടുരാജ്യങ്ങളില്‍ സിലിംഗോ ഓഫിസുകളുണ്ട്. നാനൂറില്‍ അധികം ജീവനക്കാരും. ഇന്‍ഡൊനേഷ്യ, തായ്‍ലന്‍ഡ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലെല്ലാം ഇ കൊമേഴ്സ് വ്യവസായം നടത്തുന്നു. ഉടന്‍തന്നെ ഓസ്ട്രേലിയയിലും എത്തും. 

ഇന്ത്യയിലായിരുന്നു അങ്കിതിയുടെ കുട്ടിക്കാലം. പിതാവിന്  എണ്ണക്കമ്പനിയിലായിരുന്നു ജോലി. അദ്ദേഹത്തിനു ജോലി മാറുന്നതനുസരിച്ച് പല നഗരങ്ങളിലായി വിദ്യാഭ്യാസം. അതു നന്നായെന്നും  വ്യത്യസ്തമായ സാഹചര്യങ്ങളും സംസ്കാരങ്ങളുമായി നന്നേ ചെറുപ്പത്തില്‍ത്തന്നെ ഇണങ്ങാനും പൊരുത്തപ്പെടാനും താൻ പഠിച്ചത് അങ്ങനെയാണെന്നും അങ്കിതി പറയുന്നു. അമ്മ കോളജ് അധ്യാപികയായിരുന്നു. പക്ഷേ, ഏകമകളുടെ മികച്ച പഠനത്തിനുവേണ്ടി അവര്‍ ജോലി ഉപേക്ഷിച്ചു. ഗണിതശാസ്ത്രവും സാമ്പത്തിക ശാസ്ത്രവുമായിരുന്നു അങ്കിതിയുടെ ഇഷ്ടവിഷയങ്ങള്‍. പഠനം കഴിഞ്ഞയുടന്‍ ബഹുരാഷ്ട്ര സ്ഥാപനങ്ങളില്‍ മികച്ച ജോലിയും ലഭിച്ചു. 

വിവിധ സ്റ്റാര്‍ട്ടപ് സ്ഥാപനങ്ങള്‍ നിരീക്ഷിച്ചും അവയുടെ പ്രവര്‍ത്തനം വിശദമായി പഠിച്ചതിനുംശേഷമായിരുന്നു സ്വന്തമായ സ്ഥാപനം എന്ന ലക്ഷ്യത്തിലേക്ക് അങ്കിതി അടുത്തത്. 'കുട്ടിയായിരിക്കുമ്പോള്‍ എപ്പോഴും കൈ ഉയര്‍ത്തി 'എന്നെ എല്ലാം പഠിപ്പിക്കൂ'.... എന്നു ഞാന്‍ പറയുമായിരുന്നു. ആ മനോഭാവമായിരിക്കാം പിന്നീടും എന്നെ തുണച്ചത്. ദിവസം 18 മണിക്കോറോളം ജോലി ചെയ്ത ദിവസങ്ങള്‍ ഏറെയുണ്ടായിട്ടുണ്ട്. എല്ലാം സിലോംഗിനുവേണ്ടിയായിരുന്നു. ലോകത്തെ വമ്പന്‍ ബഹുരാഷ്ട്ര കമ്പനികളെപ്പോലും അതിശയിപ്പിക്കുന്ന വളര്‍ച്ച നേടുന്ന സിലോംഗിനുവേണ്ടി'- അങ്കിതി പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com