ADVERTISEMENT

സിനിമക്കഥയെ വെല്ലുന്ന ജീവിതവും അതിലെ ട്വിസ്റ്റുകളെയും കുറിച്ച് മനസ്സു തുറക്കുകയാണ് ബോളിവുഡ് താരവും ഗായകനുമായ കരൺ ഒബ്രോയ്. മീ ടൂ മൂവ്മെന്റ് തുടങ്ങാൻ കാരണമായതിനെക്കുറിച്ചും താൻ ആരോപണവിധേയനായ പീഡനക്കേസിലെ സത്യാവസ്ഥയെക്കുറിച്ചും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കരൺ മനസ്സു തുറന്നത്.

പീഡനക്കേസിൽ ജയിലഴികൾക്കുള്ളിലായ ദിവസങ്ങളിലെ മാനസികാവസ്ഥയെക്കുറിച്ചും, ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടത്തിൽ കുടുംബവും സൗഹൃദങ്ങളും നൽകിയ പിന്തുണയെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും കരൺ പറയുന്നതിങ്ങനെ :-

'' രാത്രി 10 മണിയായിക്കാണും ഉറങ്ങാൻ തുടങ്ങുമ്പോഴാണ് പൊലീസുദ്യോഗസ്ഥർ വീട്ടിലേക്ക് വന്നത്. അവരുടെയൊപ്പം സ്റ്റേഷനിൽ ചെല്ലണമെന്ന് ആവശ്യപ്പെട്ടതല്ലാതെ എന്താണ് കാരണമെന്ന് വെളിപ്പെടുത്തിയില്ല. എന്തെങ്കിലും തെറ്റായ ഇൻഫർമേഷന്റെ പുറത്തായിരിക്കും അവരങ്ങനെ ചെയ്യുന്നതെന്ന് തോന്നിയതു കൊണ്ട് അവർക്കൊപ്പം സ്റ്റേഷനിൽ പോയി. സ്റ്റേഷനിൽ എത്തിയയുടൻ എന്റെ ഫോൺ അവർക്കു മുന്നിൽ വയ്ക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എന്നോടാവശ്യപ്പെട്ടു. ഫോൺ പരിശോധിച്ച ശേഷമാണ് എന്റെമേൽ ചുമത്തിയ കുറ്റം മാനഭംഗമാണെന്ന് അവർ എന്നോട് വെളിപ്പെടുത്തിയത്. പിന്നീട് അവർ എന്നോട് എന്റെ ലാപ്ടോപ് ആവശ്യപ്പെട്ടു. കുടുംബത്തിലുള്ള ആരുമായും ഫോണിൽ സംസാരിക്കാൻ പോലും അവർ എനിക്ക് അനുവാദം തന്നില്ല. പക്ഷേ ഭാഗ്യംകൊണ്ട് എനിക്കെന്റെ സഹോദരിയോട് സംസാരിക്കാൻ ഒരു അവസരം കിട്ടി.

ഞാൻ നിരപരാധിയാണെന്ന് അവരോട് പറഞ്ഞു. അതുമാത്രമല്ല. 2018 ഒക്ടോബർ 17 ന് ഞാൻ പൊലീസ് സ്റ്റേഷനിൽ ഒരു എൻസി (Non cognizable offence) ഫയൽ ചെയ്തിരുന്നു. എന്നെ മാനസികമായി പീഡിപ്പിച്ചുകൊണ്ടിരുന്ന ഒരു യുവതിക്കെതിരെയായിരുന്നു അത്. എൻസി ഫയൽ ചെയ്ത് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ ഏതു പെൺകുട്ടിക്കെതിരെയാണോ പരാതി നൽകിയത് അവൾ എന്നെ വിളിച്ചു. അവളെന്തോ പ്രശ്നത്തിലാണെന്നു പറഞ്ഞാണ് വിളിച്ചത്. കാണാൻ ചെന്നപ്പോൾ അവളെന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു. അപ്പോഴാണ് അവളെ സഹായിക്കാൻ എനിക്കൊരിക്കലും കഴിയില്ലെന്നും അവളുടെ മനസ്സ് ഒരിക്കലും മാറില്ലെന്നും ഞാൻ തിരിച്ചറിഞ്ഞത്.

ഒരു ഡേറ്റിങ് ആപ് വഴിയാണ് ഞങ്ങൾ പരിചയപ്പെട്ടത്. ജ്യോതിഷിയാണെന്നു പറഞ്ഞാണ് അവൾ സ്വയം പരിചയപ്പെടുത്തിയത്. പിന്നീട് ഞങ്ങൾ വാട്സാപ് വഴി ചാറ്റ് ചെയ്യാൻ തുടങ്ങി. താനൊരു ദുർമന്ത്രവാദിയാണെന്ന് ആദ്യമൊന്നും എന്നോട് വെളിപ്പെടുത്തിയിരുന്നില്ല. പക്ഷേ എനിക്കെന്തൊക്കെയോ ചില സംശയങ്ങൾ തോന്നിയിരുന്നു. ഈ സൗഹൃദം അവൾക്ക് അനുയോജ്യമല്ലെന്നും അവളെപ്പോലെയുള്ള ഒരാൾ എന്നെ സംരക്ഷിക്കാനുള്ളത് നല്ലതാണെന്നും അവളെപ്പോഴും പറയുമായിരുന്നു. ഈ സംസാരം പലപ്പോഴും എനിക്ക് അരോചകമായി തോന്നിയിരുന്നു. ഒടുവിൽ അവൾ തന്നെ അക്കാര്യം തുറന്നു പറഞ്ഞു. വർഷങ്ങളായി ദുർമന്ത്രവാദം പരിശീലിക്കുന്നുണ്ടെന്നും എന്റെ വിധിയെത്തന്നെ മാറ്റാനുള്ള കഴിവുണ്ടെന്നും സിനിമാ മേഖലയിലെ ആരെ വേണമെങ്കിലും നിയന്ത്രിക്കാനുള്ള കഴിവ് എനിക്കു നൽകാമെന്നും പറഞ്ഞു. അതിനൊപ്പം ഒരു കാര്യം കൂടി ഓർമ്മപ്പെടുത്തി അവൾ വിചാരിച്ചാൽ ആരുടെ ജീവിതത്തിലും പ്രശ്നങ്ങളുണ്ടാക്കാൻ കഴിയുമെന്ന്. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഈ സൗഹൃദം ഇവിടെ അവസാനിപ്പിക്കാമെന്ന് ഞാൻ പറഞ്ഞു. ഞാൻ വല്ലാതെ ഭയന്നു പോയിരുന്നു. എങ്ങനെയെങ്കിലും അവളിൽ നിന്ന് ഒഴിഞ്ഞു മാറണമെന്ന ചിന്തയായിരുന്നു മനസ്സു നിറയെ.

അതോടെ ദുർമന്ത്രവാദം അവസാനിപ്പിച്ച് മറ്റെന്തെങ്കിലും ജോലിചെയ്യാമെന്ന് അവൾ പറഞ്ഞു. ഒരാൾക്ക് നന്നാകാൻ ഒരു അവസരം ആകുമല്ലോയെന്നു കരുതി എന്റെ വീട് ഡിസൈൻ ചെയ്യാനുള്ള അവസരം ഞാനവൾക്ക് കൊടുത്തു. അതിനാവശ്യമായ പണവും നൽകി. ഒരാൾക്ക് ഉപകാരം ചെയ്യാൻ കഴിയുന്നുണ്ടല്ലെയെന്ന സന്തോഷമായിരുന്നു അപ്പോൾ മനസ്സു നിറയെ. പക്ഷേ അവൾ വല്യ ദുശ്ശാഠ്യക്കാരിയായിരുന്നു. ചെറിയ കാര്യങ്ങളുടെ പേരിൽ വലിയ വഴക്കുകളുണ്ടാക്കും. അങ്ങനെയുണ്ടായ ഒരു വഴക്കിനെത്തുടർന്ന് അവൾ വീടിന്റെ ഡിസൈനിങ് പാതിവഴിയിൽ അവസാനിപ്പിച്ചു. പിന്നീട് അത് പൂർത്തിയാക്കാൻ എനിക്ക് മറ്റൊരാളെ കണ്ടെത്തേണ്ടി വന്നു.

അതിനും അവൾ പ്രശ്നമുണ്ടാക്കി. അവൾ വീട്ടിൽ വന്ന് വലിയ ബഹളമുണ്ടാക്കി. അവൾ ദുരുപയോഗം ചെയ്യപ്പെട്ടുവെന്നൊക്കെ പറഞ്ഞ് പ്രശ്നമുണ്ടാക്കി. അത് അവിടംകൊണ്ടും തീർന്നില്ല. എന്റെ വീട്ടിലെത്തിയ അവളെ ഞാൻ കാണണമെന്ന് വാശിപിടിച്ചു. വിസമ്മതമറിയിച്ചപ്പോൾ എന്റെ സൽപ്പേരിനെ കളങ്കപ്പെടുത്തുമെന്ന് അവൾ ഭീഷണിമുഴക്കി.  അവളെ വീടിനുള്ളിൽ കടക്കാനനുവദിക്കരുതെന്ന് ഞാൻ സുരക്ഷാ ഉദ്യോഗസ്ഥരോടു പറഞ്ഞു.  അതോടെ എനിക്കായി കൊണ്ടുവന്ന സമ്മാനങ്ങൾ സുരക്ഷാജീവനക്കാരുടെ സമീപം വച്ച് അവൾ മടങ്ങി. സമ്മാനങ്ങൾ നിരാകരിച്ചാൽ അതെല്ലാം കൂടി വീടിന്റെ ഗേറ്റിന് മുന്നിലിട്ട് കത്തിച്ച് വമ്പൻ തമാശ സൃഷ്ടിക്കുമെന്ന് അവൾ പറഞ്ഞു.

ഒരു ദുസ്വപ്നം പോലെയേ അതൊക്കെ ഓർത്തെടുക്കാനാവുന്നുള്ളൂ. ആരെ വിശ്വസിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ അമ്മയ്ക്ക്  പെട്ടന്ന് സുഖമില്ലാതായി. പക്ഷേ എന്താണ് പറ്റിയതെന്നു മാത്രം മനസ്സിലായില്ല. ആ സമയത്താണ് അവൾ എന്നെ വിളിച്ച് അമ്മയ്ക്ക് സുഖമായോ എന്ന് അന്വേഷിച്ചത്. 'എന്റെ ശക്തിയെക്കുറിച്ച് നിനക്കറിയില്ല'' എന്ന് മുന്നറിയിപ്പു നൽകിയാണ് അവൾ ഫോൺ വച്ചത്. അതിനു ശേഷം നാലു ദിവസം കഴിഞ്ഞപ്പോൾ പെട്ടന്ന് എന്റെ അച്ഛനും സുഖമില്ലാതായി. അങ്ങനെയാണ് വീണ്ടും അവളുടെ ഫോൺ കോളുകളെടുക്കാൻ ഞാൻ നിർബന്ധിതനായത്.

അവൾ എന്റെ കുടുംബത്തെ അപകടപ്പെടുത്തുമോയെന്ന് ഞാൻ ഭയന്നിരുന്നു. എങ്ങനെയൊക്കെയോ ധൈര്യം വീണ്ടെടുത്ത ഞാൻ അവളുടെ ഫോൺകോളുകൾ ബ്ലോക്ക് ചെയ്തു. സമൂഹമാധ്യമങ്ങളിൽ നിന്നും ബ്ലോക്ക് ചെയ്തു. അതുകൊണ്ടൊന്നും അവൾ അടങ്ങിയില്ല. പല നമ്പറുകളിൽ നിന്ന് അവളെനിക്ക്  തുരുതുരെ മെസേജ് അയച്ചുകൊണ്ടിരുന്നു. എന്റെ പേരിൽ ആത്മഹത്യാപ്രേരണക്കുറ്റം ആരോപിക്കാൻ വേണ്ടിമാത്രം സ്വന്തം കൈഞരമ്പു മുറിക്കുമെന്ന് അവളെന്നെ ഭീഷണിപ്പെടുത്തി. പക്ഷേ എന്താണ് അവളുടെ ആവശ്യമെന്നു മാത്രം എനിക്കു മനസ്സിലായില്ല. അവളെ വിവാഹം ചെയ്യാമെന്ന് ഞാൻ വാഗ്ദാനം നൽകിയിട്ടില്ല. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് സങ്കടമുണ്ട്  അവൾക്കെതിരെ അന്ന് എഫ്ഐആർ ഫയൽ ചെയ്യാതെ എൻസി ഫയൽ ചെയ്തതിന്. 

 അവളുടെ കള്ളക്കളികൾ പൊളിക്കണമെങ്കിൽ ഒന്നുരണ്ടു കാര്യങ്ങൾ അവളോട് ചോദിച്ചാൽ മതി. നിങ്ങളെ ആരെങ്കിലും മാനഭംഗപ്പെടുത്തിയാൽ നിങ്ങളവർക്ക് പ‍ഞ്ചാരസന്ദേശങ്ങൾ അയയ്ക്കുമോ? അയാളിൽ നിന്ന് സെക്സ് ആവശ്യപ്പെടുമോ? നിങ്ങളുടെ ഫോൺകോൾ അറ്റൻഡ് ചെയ്യാൻ നിങ്ങൾ അയാളോടു യാചിക്കുമോ?. മാനഭംഗം എന്നത് ഹീനമായ ഒരു കുറ്റകൃത്യമാണ് ആർക്കെങ്കിലുമെതിരെ വെറുതെ ആരോപിക്കാവുന്ന ഒന്നല്ല. മാനഭംഗം ചെയ്യപ്പെട്ടത് ഏതു ദിവസമാണെന്ന് കൃത്യമായി പറയാൻ അവളോട് പറയൂ. അത്തരമൊരുകാര്യം നടന്ന ദിവസം ആരും  കൃത്യമായി ഓർക്കാതിരിക്കില്ലല്ലോ. കൃത്യമായ ദിവസം പറയാൻ ആവശ്യപ്പെട്ടാൻ അവളുടെ ആരോപണം പൊളിയുമെന്ന് അവൾക്ക് നന്നായറിയാം.

അവളുടെ പരാതിയുടെ പുറത്ത് പൊലീസ് എന്നെ അറസ്റ്റ് ചെയ്തപ്പോൾ ഞാൻ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. കേസ് പിൻവലിക്കാനാവശ്യപ്പെട്ട് ബൈക്കിലെത്തിയ യുവാക്കൾ അവളെ ആക്രമിച്ചു എന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് പൊലീസിന് മനസ്സിലായി. ആ സത്യം പുറത്തുകൊണ്ടു വന്ന ദൈവത്തിന് നന്ദി. ആ കേസ് അവൾ കെട്ടിച്ചമച്ചതാണെന്നും അതിൽ അവളുടെ വക്കീലിനുള്ള പങ്കും പൊലീസ് അന്വേഷണത്തിൽ നിന്ന് വ്യക്തമായതാണ്.

ജയിലനുഭവങ്ങളെപ്പറ്റിയുള്ള ഒരു പുസ്തകമെഴുതാനുള്ള തയാറെടുപ്പിലാണ് ഞാൻ. ആരും സഹായിക്കാനില്ലാതെ ജയിലിൽ കിടക്കുന്ന ഒരുപാടു പേരെ ഞാൻ കണ്ടു. ഇതുപോലെ കെട്ടിച്ചമയ്ക്കപ്പെട്ട കേസ് മൂലം അഴിക്കുള്ളിൽ ആയിട്ടുള്ളവർക്ക് ജാമ്യമെടുത്തു കൊടുക്കാൻ പോലും ആരുമില്ലാത്ത അവസ്ഥയുണ്ട്. ഇങ്ങനെ കള്ളക്കേസിൽപ്പെട്ട് ജയിലിനുള്ളിൽ കഴിയുന്ന നിശ്ശബ്ദരായ ആളുകൾക്കുവേണ്ടിയാണ് ഇനിയെന്റെ പോരാട്ടം. എനിക്കനുഭവിക്കേണ്ടി വന്ന തരത്തിലുളള സങ്കടങ്ങൾ ഇനിയൊരു മനുഷ്യനുമുണ്ടാവരുത്.

നിയമസംവിദാനങ്ങളിൽ നവീകരണം വേണം. പലകാര്യങ്ങളും തിരുത്താൻ തയാറാകണം. എന്റെ പോരാട്ടം അതിനുവേണ്ടിയാണ്. കയ്പേറിയ അനുഭവം എന്നെ വല്ലാതെ ബാധിച്ചിരുന്നു. പക്ഷേ അപ്പോഴും എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. ജനങ്ങൾ എനിക്ക് വലിയ പിന്തുണയാണ് നൽകിയത്.

മെൻ ടൂ മൂവ്മെന്റിന്റെയും സമത്വത്തിന്റെയും വക്താവാണ് ഞാൻ. ഇത് മീ ടൂ വിനെ സമ്പൂർണ്ണമാക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഉദാഹരണത്തിന് എന്റെ കാര്യം തന്നെയെടുക്കാം. ഈ സംഭവം വളരെ വലിയൊരു ആഘാതമാണ് എന്റെ അമ്മയ്ക്കും സഹോദരിക്കുമുണ്ടാക്കിയിരിക്കുന്നത്. മെൻ ടൂ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. എല്ലാവരുടെയും സമാധാനപരമായ ജീവിതത്തിന് ഇതത്യാവശ്യമാണ്. 

നിങ്ങളൊരു കള്ളക്കേസ് ഫയൽ ചെയ്യുകയാണെങ്കിൽ നിങ്ങൾ കുടുങ്ങുമെന്ന് അറിയിക്കാൻ കൂടിയാണ് മെൻ ടൂ . സ്ത്രീകളുടെ മൂവ്മെന്റ് ആയ മീ ടൂ വന്നപ്പോൾ നീതിക്കുവേണ്ടി തോളോടു തോൾ ചേർന്നു പ്രവർത്തിച്ച ആളാണ് ഞാൻ. പക്ഷേ ഒരാളെ മനപൂർവം കുടുക്കാനായി സൃഷ്ടിക്കുന്ന കള്ളക്കേസുകളോട് യോജിപ്പില്ല. ഇനി.യൊരു പെൺകുട്ടിയെ പരിചയപ്പെട്ടാൽ അവൾ എനിക്കെതിരെ ഇതുപോലെ കള്ളക്കേസ് കൊടുക്കില്ലെന്ന് എന്തുറപ്പാണുള്ളത്. എനിക്കെങ്ങനെയാണ് എന്നെ സുരക്ഷിതനാക്കാൻ കഴിയുന്നത്. ഇപ്പോൾ ഈ ചോദ്യം ഓരോ പുരുഷനെയും വേട്ടയാടുന്നുണ്ട്. ഇത് പുരുഷന്മാർക്കു വേണ്ടി മാത്രമുള്ള മൂവ്മെന്റ് അല്ല ലിംഗസമത്വത്തിനു വേണ്ടിക്കൂടിയുള്ളതാണ്. ഇത്തരം കേസുകൾ വരുമ്പോൾ കുടുംബത്തിലെ സ്ത്രീകളെയാണ് അതേറെ ബാധിക്കുന്നത്. സഹതാപം കാണിക്കേണ്ടത് വേദനകൾക്കു നേരെയാമ് അല്ലാതെ ജെൻഡറിനു നേരെയല്ല.

 എന്റെ കരിയറിനേക്കാളേറെ എന്റെ മനസ്സിനെയാണ് ഇത് മോശമായി ബാധിച്ചത്. ഇപ്പോൾ ഞാൻ ഒക്കെയായി വരുന്നു. സിനിമയിൽ നിന്ന് ഇപ്പോഴും അവസരങ്ങൾ ലഭിക്കുന്നുണ്ട്. പക്ഷേ എനിക്ക് സമയം വേണം. ഇതോടൊപ്പം എന്റെ പുസ്തകമെഴുത്തും പൂർത്തിയാക്കണം. മെൻ ടൂ ഒരു ലക്ഷ്യമാണ് ഞാൻ തളരില്ല. മോശം അനുഭവങ്ങൾക്ക് ഒന്നിൽ നിന്നും എന്നെ പിന്തിരിപ്പിക്കാൻ കഴിയില്ല. അഭിനയവും സംഗീതവും എഴുത്തും നിർമാണവും സംവിധാനവുമെല്ലാം നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com