ADVERTISEMENT

സൂഫിയ ഖാൻ എന്ന മുപ്പത്തിമൂന്നുകാരി ഓടുകയാണ്; മാനവികതയ്ക്കും ഏകതയ്ക്കും സമാധാനത്തിനും തുല്യതയ്ക്കും വേണ്ടി. കശ്മീരിൽനിന്ന് ഇന്ത്യയുടെ തെക്കേയറ്റത്തെ കന്യാകുമാരിയിലേക്ക് നാലായിരത്തിലേറെ കിലോമീറ്റർ നീളുന്ന ഓട്ടം. ‘റൺ ഫോർ ഹോപ്പ്’ എന്നു പേരിട്ട ഈ ഓട്ടം നൂറു ദിവസം കൊണ്ടു പൂർത്തിയാക്കാനാവുമെന്നാണ് ഈ രാജസ്ഥാൻ സ്വദേശിനിയുടെ പ്രതീക്ഷ. 

ഏപ്രിൽ ഇരുപത്തി ഒമ്പതിന് ശ്രീനഗറിൽ നിന്നായിരുന്നു തുടക്കം. ജമ്മു, പഠാൻകോട്ട്, ജലന്ധർ, ലുധിയാന, ചണ്ഡീഗഡ്, കർണാൽ, മീററ്റ്, ഗാസിയാബാദ്, ജയ്പുർ, കോട്ട, ഇൻഡോർ, നാസിക് വഴി ഇപ്പോൾ മുംബൈയിലെത്തി. ഇനി പുണെ, സത്താറ, ബെംഗളൂരു, മധുരൈ വഴി കന്യാകുമാരിയിലെത്തും. ഏകദേശം 4000 കിലോമീറ്റർ 100 ദിവസം കൊണ്ടു താണ്ടാനാണ് രാജസ്ഥാനിൽ നിന്നുള്ള ഈ മുപ്പത്തിമൂന്നുകാരിയുടെ പദ്ധതി. ഇത് ഗിന്നസ് റെക്കോർഡ് ആയിരിക്കും എന്നാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ‘ഫസ്റ്റ് ഫീമെയിൽ ട്രാവലർ ടു ഇന്ത്യൻ ഗോൾഡൻ ട്രയാങ്കിൾ ഓൺ ഫൂട്ട്’ എന്ന്  സ്ഥാനം പിടിച്ചിട്ടുള്ള സൂഫിയ പറയുന്നത്.

പ്രധാന നഗരങ്ങളിലെല്ലാം അതാതിടത്തെ ഓട്ടക്കാരും സൈക്ലിസ്റ്റുകളും അകമ്പടിക്കെത്തുന്നുണ്ടെന്ന് സൂഫിയ പറയുന്നു. ആവേശകരമായ ജന പിന്തുണയാണ് അവിടെയെല്ലാം. ഫെയ്സ്ബുക്കിലൂടെയും വാട്സാപ്പിലൂടെയുമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മുംബൈയിലുള്ള റണ്ണേഴ്സ് ക്ലബ്ബുകളും സൈക്ലിങ് ക്ലബ്ബുകളും മുംബൈയിലെ യാത്രയിലുടനീളം സൂഫിയയെ അനുഗമിക്കുന്നുണ്ട്. അതിനായി വലിയ ഒരുക്കങ്ങളാണ് നടത്തുന്നതെന്ന് ബേലാപൂർ ഫ്യൂരിയസ് റണ്ണിങ് ക്ലബ്ബിന്റെ അഡ്മിനിസ്ട്രേറ്ററും മുംബൈ പൊലീസിൽ കോൺസ്റ്റബിളുമായ ശശികാന്ത് ഗംഗാവനെ പറഞ്ഞു. വാഷി മുതൽ പനവേൽ വരെയും പനവേൽ മുതൽ വിനേഗാവ് വരെയും രണ്ടു ഘട്ടങ്ങളിലായി തങ്ങളുടെ ക്ലബ്ബിലെ എഴുപതോളം പേർ സൂഫിയയെ അനുഗമിക്കുമെന്ന് സഹ അഡ്മിനിസ്ട്രേറ്റർ മാധുരി ഷെട്ടി പറഞ്ഞു. പത്തൊമ്പതിനു പുലർച്ചെ നാലിനാണ് വാഷിയിൽ നിന്നുള്ള ഓട്ടം ആരംഭിക്കുന്നത്.

ന്യൂഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എയർഇന്ത്യയുടെ ഡ്യൂട്ടി ഓഫിസറാണ് സൂഫിയ. രണ്ടു വർഷം മുമ്പാണ് സൂഫിയ ഓട്ടം ശീലമാക്കുന്നത്. പത്തുവർഷമായി വ്യോമയാന രംഗത്തു ജോലി ചെയ്യുന്നു. മാറി വരുന്ന ജോലി ഷിഫ്റ്റുകളും മറ്റും ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയപ്പോൾ, ശാരീരികക്ഷമതയും ആരോഗ്യവും നിലനിർത്താൻ സൂഫിയ കണ്ടെത്തിയ വഴിയാണ് ഓട്ടം. ‘നമുക്ക് മാനുഷികതയും മൂല്യങ്ങളും സംസ്കാരവുമൊക്കെ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. അതിനെപ്പറ്റി ആളുകളെ ഓർമിപ്പിക്കാനും രാജ്യത്തിന്റെ ഏകതയുടെ സന്ദേശം പ്രചരിപ്പിക്കാനുമാണ് ഈ ഓട്ടം’ – സൂഫിയ പറയുന്നു.

(ലേഖകൻ മുംബൈ കസ്റ്റംസിൽ അസിസ്റ്റന്റ് കമ്മിഷണറും മാരത്തൺ ഓട്ടക്കാരനുമാണ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com