sections
MORE

തെറ്റായ തീരുമാനങ്ങളെടുക്കാൻ കാരണം ട്രോളുകൾ: വെളിപ്പെടുത്തലുമായി സമാന്ത

Samantha Talks About How Trolls Affects Her
സമാന്ത
SHARE

പരിഹാസങ്ങൾ പരിധി ലംഘിക്കുമ്പോൾ അത് വ്യക്തിജീവിതത്തെ എങ്ങനെ മോശമായി ബാധിക്കുമെന്ന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ തുറന്നു പറയുകയാണ് നടി സമാന്ത റൂത്ത് പ്രഭു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മനസ്സിനെ വല്ലാതെ വേദനിപ്പിച്ച ട്രോളുകളെക്കുറിച്ചും അത്തരം ട്രോളുകൾ ജീവിതത്തിൽ തെറ്റായ തീരുമാനങ്ങളെടുക്കാൻ തന്നെ പ്രേരിപ്പിച്ചതിനെക്കുറിച്ചും സമാന്ത തുറന്നു പറഞ്ഞത്.

കരിയറിന്റെ തുടക്കത്തിൽ ട്രോളുകൾ തന്റെ മനസ്സിലെ വല്ലാതെ ബാധിച്ചിരുന്നെന്നും  എന്നാലിപ്പോൾ ട്രോളുകളുണ്ടാക്കുന്ന മനോവേദനയെ അതിജീവിക്കാൻ താൻ പഠിച്ചുവെന്നും സമാന്ത പറയുന്നു. തെലുങ്ക് താരം നാഗചൈതന്യയെ വിവാഹം കഴിച്ചതോടു കൂടി ട്രോളുകളുടെ സ്വഭാവം മാറിയെന്നും ഇപ്പോൾ താൻ ഗർഭിണിയാണെന്ന തരത്തിലാണ് ട്രോളുകൾ വരുന്നതെന്നും സമാന്ത പറയുന്നു.

ഗർഭിണിയാണെന്ന വ്യാജവാർത്തയെക്കുറിച്ചും സൈബർ ആക്രമണങ്ങളെ നേരിടുന്ന രീതിയെക്കുറിച്ചും സമാന്ത പറഞ്ഞതിങ്ങനെ :-

'' തുടക്കകാലത്ത് ഇത്തരം വാർത്തകൾ എന്നെ മോശമായി ബാധിച്ചിരുന്നു. യുക്തിബോധത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കാര്യങ്ങൾ എന്നെ വല്ലാതെ അസ്വസ്ഥയാക്കുകയും ചെയ്തിരുന്നു. അന്നൊക്കെ രാവിലെ ഉണർന്നാലുടൻ എന്നെക്കുറിച്ച് എന്തൊക്കെ ട്രോളുകൾ വന്നിട്ടുണ്ട് എന്ന് പരിശോധിക്കലായിരുന്നു എന്റെ ആദ്യത്തെ ജോലി. അത് മനസ്സിന്റെ ആരോഗ്യത്തെ വല്ലാതെ ബാധിക്കുകയും അതുമൂലം പെട്ടന്നു ചില തെറ്റായ തീരുമാനങ്ങളെടുക്കേണ്ടി വരുകയും ചെയ്തിട്ടുണ്ട്. അത്തരം അനുഭവങ്ങളിലൂടെ കടന്നു പോയപ്പോൾ എനിക്ക് ആ സമയത്ത് അത്തരം കാര്യങ്ങളെക്കുറിച്ച് ഉപദേശം തരാൻ ആരുമില്ലായിരുന്നു. പക്ഷേ  ആ കാലം കഴിഞ്ഞു. ഇപ്പോൾ അതൊക്കെ തമാശയായെടുക്കാൻ എനിക്ക് കഴിയുന്നുണ്ട്. ഇപ്പോൾ അതൊക്കെ ആ അർഥത്തിൽ തന്നെ കാണാനും കേൾക്കാറുമുണ്ട്''.

വിവാഹശേഷമാണ അഭിനയ ജീവിതം കൂടുതൽ ശോഭനമായത് എന്ന ചോദ്യത്തോട് സമാന്ത പ്രതികരിച്ചതിങ്ങനെ :-

''വിവാഹശേഷം കുറേയേറെ നല്ല സിനിമകൾ ലഭിച്ചതിന്റെ ക്രെഡിറ്റ് എനിക്കെടുക്കാനാവില്ല. വിവാഹത്തിന് മുൻപ് ഞാൻ അധികം സിനിമകൾ ഒന്നും ചെയ്തിരുന്നില്ല. എനിക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് അന്ന് വ്യക്തമായ ധാരണയില്ലാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്നാ‌ണ് ഞാൻ കരുതുന്നത്''.

സിനിമയിലെത്തി 10 വർഷത്തിനുള്ളിൽ 45 ചിത്രങ്ങളിലാണ് സമാന്ത അഭിനയിച്ചത്. 2015 ൽ നൽകിയ ഒരു അഭിമുഖത്തിൽ താൻ സിനിമ വിടുകയാണെന്നും താരം പറഞ്ഞിരുന്നു. കരിയർ വളർച്ചയെക്കുറിച്ച് താരം പറയുന്നതിങ്ങനെ :- '' എന്റെ ആദ്യത്തെ ചിത്രം പുറത്തിറങ്ങിയത് 2010 ലാണ്. ഒരു സാധാരണ കുടുംബാന്തരീക്ഷത്തിൽ നിന്നു വന്ന എനിക്ക് സിനിമ ഒരു പുതിയ ലോകമായിരുന്നു. ആദ്യമായി വിദേശ യാത്ര ചെയ്തതുപോലും സിനിമയിലെത്തിയതിനു ശേഷമാണ്. അതെല്ലാം വളരെ പുതുമയുള്ള കാര്യങ്ങളായിരുന്നു''.

''നടികൾ ഇങ്ങനെയായിരിക്കണം, അങ്ങനെ പെരുമാറണം തുടങ്ങിയ നൂറുകൂട്ടം നിയമങ്ങളൊക്കെ കേട്ടപ്പോൾ അതുമായി പൊരുത്തപ്പെടാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു. എനിക്ക് ഞാനായി ഇരിക്കാനായിരുന്നു ഇഷ്ടം അതിൽ നിന്നൊക്കെ ഒരുപാട് വ്യത്യസ്തമായിരുന്നു ഈ വക നിയമങ്ങളൊക്കെ. അത്തരം സമ്മർദ്ദങ്ങളെ അതിജീവിക്കാൻ തുടക്കകാലത്ത് ചില ബുദ്ധിമുട്ടുകളൊക്കെയുണ്ടായിരുന്നു.

''വർഷങ്ങൾ പിന്നിട്ടപ്പോഴാണ് രാവിലെ ഉണർന്ന് നമുക്ക് ലഭിച്ച അനുഗ്രഹങ്ങളെ ഓർക്കാനും പോസിറ്റീവായി ചിന്തിക്കാനും നെഗറ്റീവിൽ നിന്ന് അകന്നു നിൽക്കാനും സാധിച്ചത്''. - സമാന്ത പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA