sections
MORE

ഈ ദൃശ്യങ്ങൾ കാട്ടിത്തരും സ്മൃതി ഇറാനി ആരാണെന്ന്; എങ്ങനെ ജനപ്രിയയായെന്ന്

Smriti Irani
സ്മൃതി ഇറാനി
SHARE

സമൂഹമാധ്യമങ്ങളിൽ രസികൻ പോസ്റ്റുകളിട്ട് ആളുകളെ രസിപ്പിക്കാൻ മാത്രമല്ല. ആരും പറയാതെ ജനങ്ങളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കാനും സ്മൃതി ഇറാനി എന്ന വനിതാ നേതാവിന് അറിയാമെന്നാണ് അടുത്തിടെ പുറത്തു വന്ന ചില ദൃശ്യങ്ങൾ നൽകുന്ന സൂചന.

ലോക്സഭ തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം ആദ്യമായി അമേഠിയിലെത്തിയപ്പോഴാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഒരു യുവതിയെ കണ്ടത്. രോഗിയായ ആ യുവതിയെ ആശുപത്രിയിലെത്തിക്കാൻ അവർ ആംബുലൻസ് വിട്ടു നൽകി. സ്വന്തം അകമ്പടി വാഹനത്തിൽ രോഗിയെ ആശുപത്രിയിലെത്തിക്കാൻ സൻമനസ് കാട്ടുന്ന സ്മൃതി ഇറാനിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.

അസുഖ ബാധിതയായ യുവതിയെ ഗൗരിഗഞ്ച് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുന്ന സ്മൃതി ഇറാനിയുടെ ദൃശ്യങ്ങൾ നിരവധിപേരാണ് പങ്കുവച്ചത്. അമേഠിയിലുണ്ടായിരുന്ന ആ ദിവസങ്ങളിൽത്തന്നെ ബരോലി ഗ്രാമത്തിലെ മുൻഗ്രാമത്തലവനും തന്റെ അടുത്ത സഹായിയുമായിരുന്ന സുരേന്ദ്ര സിങ്ങിന്റെ കുടുംബത്തെയും അവർ സന്ദർശിച്ചു.

അമേഠിയിൽ സ്മൃതി ഇറാനി വിജയിച്ചതിന്റെ ആഘോഷങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് സുരേന്ദ്ര സിങ്ങിനെ സ്വന്തം വീട്ടിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. തന്റെ തെരഞ്ഞെടുപ്പു വിജയത്തിനായി അഹോരാത്രം കഷ്ടപ്പെട്ട സുഹൃത്തും പാർട്ടിപ്രവർത്തകനുമായ സുരേന്ദ്രസിങ്ങിന്റെ മൃതശരീരം തോളിലേറ്റിയാണ് സ്മൃതി ഇറാനി അന്ന് സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തത്. അതിന്റെ ദൃശ്യങ്ങളും ഏറെ ചർച്ചയായിരുന്നു.

അന്തരിച്ച മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ ദത്തെടുത്ത ഗ്രാമങ്ങൾ സന്ദർശിക്കാൻ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനൊപ്പമാണ് സ്മൃതി ഇറാനി എത്തിയത്. 2014ൽ താൻ പാർട്ടി പ്രവർത്തകനായി അമേഠിയിൽ വന്നപ്പോൾ അന്തരിച്ച സുരേന്ദ്ര സിങ്ങിനോടൊപ്പം കുറേ ദിവസങ്ങൾ ജോലി ചെയ്യാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ നന്നായി അറിയാമെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് മാധ്യമങ്ങളോടു പറഞ്ഞു.

പൊതുജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ മനസ്സിലുള്ള വികസന സ്വപ്നങ്ങളെക്കുറിച്ചും സ്മൃതി ഇറാനി തുറന്നു പറഞ്ഞു. ''അമേഠിയിൽ ബിജെപിക്ക് വോട്ട് നൽകിക്കൊണ്ട് പുതിയൊരു വിപ്ലവത്തിനാണ് ജനങ്ങൾ തുടക്കം കുറിച്ചിരിക്കുന്നതെന്നും നാമധാരികൾക്കു വേണ്ടിയുള്ളതല്ല ജനാധിപത്യം എന്ന വലിയൊരു സന്ദേശമാണ് അതിലൂടെ രാജ്യത്തിനു നൽകിയിരിക്കുന്നതെന്നും'' സ്മൃതി ഇറാനി പറഞ്ഞു. ഒരു ലോ മേക്കർ ആയല്ല സഹോദരിയായി നിങ്ങളെ സേവിക്കാമെന്ന് ഞാൻ നിങ്ങൾക്ക് വാക്ക് നൽകുന്നു. നിങ്ങളോടൊപ്പം ഇവിടെ താമസിക്കാൻ പറ്റിയ ഒരു സ്ഥലം തിരയുകയാണിപ്പോൾ ഞാൻ''.- സ്മൃതി പറഞ്ഞു.

''ദിനംപ്രതി ജനങ്ങളുടെ പരാതികൾ കേൾക്കാനും ഏഴു ദിവസത്തിനകം പരാതികളെല്ലാം പരിഹരിക്കാനും ഭരണ സംവിധാനം ഒരുക്കാൻ ജില്ലാഭരണകൂടത്തിന് നിർദേശം നൽകും. ഒരു ചെറിയ കുടുംബത്തിൽ നിന്നും വരുന്നവർക്ക് ജനങ്ങളെ സേവിക്കാൻ അവസരം ലഭിക്കില്ലെന്ന് ആരും കരുതാൻ പാടില്ല. കോൺഗ്രസ്സിന് വോട്ടു ചെയ്ത നാലുലക്ഷത്തോളം ആളുകൾക്കുവേണ്ടിയും ഞാൻ ജോലിചെയ്യും''- സ്മൃതി ഇറാനി പറയുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപ് അമേഠിയിൽ ക്യാംപെയിൻ നടത്തുന്നതിനിടയിൽ പുരാബ് ധ്വാരാ ഗ്രാമത്തിലെ തീപിടുത്തത്തെക്കുറിച്ചറിഞ്ഞപ്പോൾ തിരഞ്ഞെടുപ്പു പ്രചാരണം പാതിവഴിയിലുപേക്ഷിച്ച് തനിക്ക് അകമ്പടിയായെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരെ ഗ്രാമത്തിലെ ജനങ്ങളെ സഹായിക്കാനായി സ്മൃതി ഇറാനി അയച്ചിരുന്നു. ദുരന്തബാധിതരെ സന്ദർശിക്കുകയും അവരുടെ ദുഖത്തിൽ പങ്കുചേരുകയും ചെയ്ത സ്മൃതി ഇറാനിയുടെ ദൃശ്യങ്ങളും അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു.

ഒരിക്കൽ തോൽപ്പിച്ചിട്ടും അമേഠിയെ മറക്കാത്ത നേതാവിന് അവർ വിജയം സമ്മാനിച്ചതിനു പിന്നിലെ കഥകൾ ഈ ദൃശ്യങ്ങൾ കാട്ടിത്തരുമെന്ന് പറഞ്ഞുകൊണ്ടാണ് പലരും ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA