ADVERTISEMENT

ഒരു 19 വയസ്സുകാരിക്ക് കഴിയുന്നതിലും കഠിനമായൊരു തീരുമാനമെടുത്തുകൊണ്ടാണ് ഹോക്കിതാരം ലാൽറെംസിയാമി കളിക്കളത്തിലേക്കിറങ്ങിയത്. അച്ഛന്റെ മരണവാർത്തയറിഞ്ഞിട്ടും വീട്ടിലേക്ക് മടങ്ങാതെ അച്ഛന്റെ മരണാനന്തരച്ചടങ്ങുകളിൽ പങ്കെടുക്കാതെ അവൾ രാജ്യത്തിനു വേണ്ടി കളിക്കളത്തിലേക്കിറങ്ങി.

മിസോറം സ്വദേശിയായ ലാൽറെംസിയാമിയെടുത്ത കഠിനമായ തീരുമാനത്തെ പിന്തുണച്ചുകൊണ്ടും ഹോക്കി ഫൈനലിൽ കളിക്കളത്തിലിറങ്ങാൻ അവൾ കാണിച്ച ആർജ്ജവത്തെ അഭിനന്ദിച്ചുകൊണ്ടും നിരവധിയാളുകൾ തങ്ങളുടെ പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.

ഫൈനലിൽ ജപ്പാനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ടീമിന്റെ വിജയം എല്ലാവരും ആഘോഷിച്ചപ്പോൾ കണ്ണീരോടെ ജന്മനാട്ടിലേക്കു മടങ്ങുകയായിരുന്നു ഇന്ത്യൻ ഹോക്കി ടീമിലെ ആ മിടുക്കിപ്പെൺകുട്ടി. ഒരു നാടുമുഴുവൻ അവളുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു അപ്പോൾ.

ഹൃദയസ്തംഭനം മൂലം അച്ഛൻ മരിച്ച വാർത്ത വെള്ളിയാഴ്ചയാണ് അവൾ അറിഞ്ഞത്. അച്ഛന്റെ മരണാനന്തരച്ചടങ്ങുകളിൽ പങ്കെടുക്കാനാവില്ലെന്ന സത്യം മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്തിയാണ് അവൾ കളിക്കളത്തിലിറങ്ങിയത്. വ്യക്തിപരമായി തനിക്ക് സംഭവിച്ച വലിയൊരു നഷ്ടത്തിന്റെ വേദനയോ വിഷമമോ കളിക്കളത്തിൽ കാട്ടാതെ അവൾ ടീമിനൊപ്പം ഊർജ്ജസ്വലയായി കളിച്ചു.

ടീമിന്റെ വിജയം ആ പെൺകുട്ടിയുടെ അച്ഛനു സമർപ്പിക്കുന്നുവെന്ന് ടീം ക്യാപ്റ്റൻ റാണി രാംപാൽ പറഞ്ഞു. രാജ്യത്തിന്റെ വിജയത്തിൽ ഭാഗമായ ആ പെൺകുട്ടിയെ കാത്ത് നിറകണ്ണുകളോടെ നാട്ടിൽ അവളുടെ അമ്മയുണ്ടായിരുന്നു. ദിവസങ്ങളായി മനസ്സിലൊതുക്കിയ സങ്കടം മുഴുവൻ അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് അവൾ കരഞ്ഞു തീർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com