ADVERTISEMENT

ലൈംഗിക പീഡന ആരോപണത്തെത്തുടര്‍ന്ന് ഗൂഗിളില്‍നിന്നു പുറത്തുപോകേണ്ടിവന്ന ആന്‍ഡ്രോയ്ഡ് സ്രഷ്ടാവ് ആന്‍ഡി റൂബിനെതിരെ പുതിയ ആരോപണങ്ങളുമായി മുന്‍ ഭാര്യ രംഗത്ത്. വിവാഹജീവിതത്തില്‍ വര്‍ഷങ്ങളോളം ഭര്‍ത്താവ് അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ തന്നില്‍നിന്നു മറച്ചുവെന്നാണ് ആരോപണങ്ങളില്‍ പ്രധാനം. 

കലിഫോര്‍ണിയയിലെ ഒരു കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ആന്‍ഡിയുടെ മുന്‍ ഭാര്യ റി ഹിരാബുറി റൂബിന്‍ ഒട്ടേറെ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. വിവാഹത്തിനു മുമ്പ് ആന്‍ഡിയും അഭിഭാഷകനും  കൂടി തന്നെക്കൊണ്ട് ഒരു ഉടമ്പടിയില്‍ ഒപ്പുവപ്പിച്ചതായും റി വെളിപ്പെടുത്തുന്നു. ഭര്‍ത്താവിന്റെ സാമ്പത്തിക ഇടപാടുകളില്‍ കൈ കടത്തില്ലെന്നും അതേക്കുറിച്ചുള്ള ഒരു വിവരം അറിയാന്‍ ശ്രമം നടത്തില്ലെന്നതുമായിരുന്നു ഉടമ്പടി. 

വിവാഹത്തിനു മുമ്പുതന്നെ ഈ ഉടമ്പടിയില്‍ റി ഒപ്പുവച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ആന്‍ഡി അദ്ദേഹത്തിന്റെ വരുമാനസ്രോതസ്സുകള്‍ ഒരിക്കലും റിയോടു വെളിപ്പെടുത്തിയില്ലത്രേ. എവിടെനിന്ന്, എങ്ങനെയൊക്കെ പണം ലഭിക്കുന്നുണ്ട്, അവ എങ്ങനെയൊക്കെയാണ് ഉപയോഗിക്കുന്നത്, ആര്‍ക്കൊക്കെ കൊടുക്കുന്നു തുടങ്ങിയ എല്ലാ കാര്യങ്ങളും ആന്‍ഡി വിദഗ്ധമായി ഭാര്യയില്‍നിന്നു മറച്ചുവച്ചു. ആന്‍ഡി ഒരു ‘സെക്സ്റിങ്’ തന്നെ നടത്തുന്നുണ്ടായിരുന്നെന്നും ഭാര്യയ്ക്കു പുറമെ അഞ്ചിലധികം മറ്റു സ്ത്രീകളുമായി ആന്‍ഡിക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്നും റി ആരോപിക്കുന്നു. 

ഗൂഗിളില്‍നിന്നു പുറത്തുപോകുന്നതിനുമ്പ് ആന്‍ഡി ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങി. പിരിയുമ്പോള്‍ ഗൂഗിളില്‍നിന്നു ലഭിച്ച ദശലക്ഷക്കണക്കിനു ഡോളര്‍ ഈ അക്കൗണ്ടിലേക്ക് മാറ്റിയ റൂബിന്‍ കൂടുതല്‍ പണവും സ്ത്രീകള്‍ക്കു വേണ്ടി ചെലവിടുകയായിരുന്നത്രേ. 

ഇതൊരു കുടുംബവഴക്കാണെന്നും വിവാഹത്തിനു മുമ്പു നടന്ന ഒരു സംഭവത്തില്‍ പശ്ചാത്തപിക്കുന്ന ഭാര്യയുടെ ഖേദപ്രകടനമാണ് കേസെന്നുമാണ് ആന്‍ഡിയുടെ അഭിഭാഷകന്‍ റി കൊടുത്ത കേസിനെക്കുറിച്ച് പ്രതികരിക്കുന്നത്. എല്ലാ ആരോപണങ്ങളും അസംബന്ധമാണെന്നും എല്ലാറ്റിനുമുള്ള മറുപടി ഉടന്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. 

ആന്‍ഡിക്കും ഇന്ത്യന്‍ വംശജനായ അമിത് സിംഘലിനും ഗൂഗിളില്‍നിന്നു പിരിയുമ്പോള്‍ ദശലക്ഷക്കണക്കിനു ഡോളറാണ് ലഭിച്ചത്. ലൈംഗികാരോപണങ്ങളെത്തുടര്‍ന്നാണ് ആന്‍ഡിക്ക് ഗൂഗിള്‍ വിടേണ്ടിവന്നത്. അമ്പതോളം പേരെ ഇത്തരത്തില്‍ ലൈംഗിക പീഡന ആരോപണങ്ങളുടെ പേരില്‍ ഗൂഗിള്‍ അടുത്തകാലത്ത് പുറത്താക്കിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com