ADVERTISEMENT

ലോകത്തെ ആദ്യത്തെ ഫെമിനിസ്റ്റുകള്‍ ആരാണെന്നതില്‍ ഇനി തര്‍ക്കം വേണ്ട. അതു മന്ത്രവാദിനികള്‍ തന്നെ. ഫ്രാന്‍സിലെ പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ജൂലിയന്‍ ഫോണിയുടേതാണ് ഈ അഭിപ്രായം. ചൊവ്വാഴ്ച അദ്ഭുതകരമായ വേഷവിധാനങ്ങള്‍ അണി‍ഞ്ഞ മോഡലുകളെ അവതരിപ്പിച്ചുകൊണ്ടാണ് തന്റെ കണ്ടെത്തല്‍ ഫോണി അവതരിപ്പിച്ചത്. 

മന്ത്രവാദിനികളെ കണ്ടാല്‍ ആരാണ് വിറയ്ക്കാത്തത്. ലോകത്തെ അധികാരം മുഴുവന്‍ കൈപ്പിടിയിലാക്കിയ പുരുഷ നേതൃത്വത്തെ വിറപ്പിക്കാന്‍ കഴിഞ്ഞതു മന്ത്രവാദിനികള്‍ക്കു മാത്രമാണ്. അവര്‍ എല്ലാവരെയും നിയന്ത്രിച്ചു. വിധിയെപ്പോലും. മനുഷ്യരുടെ ഭാഗധേയങ്ങളെപ്പോലും. പുരുഷ മേധാവിത്വത്തെ വെല്ലുവിളിക്കുകയും സ്ത്രീയുടെ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുകയും ചെയ്ത അവരല്ലെങ്കില്‍ മറ്റാരാണ് ഫെമിനിസ്റ്റുകള്‍ എന്നാണ് ഫോണി ചോദിക്കുന്നത്. 

സ്ത്രീകള്‍ തങ്ങളുടെ അഴകളവുകളെ സ്നേഹിക്കണമെന്നാണ് ഫോണിയുടെ അഭിപ്രായം. ഏതു പ്രായത്തിലും രൂപത്തിലും ഭാവത്തിലുമുള്ള സ്ത്രീകളുമായിക്കോട്ടെ, അവര്‍ക്ക് സൗന്ദര്യമുണ്ട്. അതു പ്രദര്‍ശിപ്പിക്കുകതന്നെ വേണം. പ്രദര്‍ശിപ്പിക്കാനല്ലെങ്കില്‍ പിന്നെ മറ്റെന്തിനാണ് സൗന്ദര്യം എന്നാണ് ലോകപ്രശസ്ത ഫാഷന്‍ ഡിസൈനറായ ഫോണിയുടെ ധീരമായ ചോദ്യം. 

‘ഫസ്റ്റ് സ്പെല്‍’ എന്നാണ് ഫോണി ചൊവ്വാഴ്ച അവതരിപ്പിച്ച ഫാഷന്‍ ഷോയുടെ പേര്. ഈ ഷോയില്‍ മോഡലുകള്‍ കാഴ്ചവച്ച വേഷങ്ങള്‍ തയാറാക്കാന്‍ തനിക്ക് പ്രചോദനം ലഭിച്ചത് മന്ത്രവാദിനികളില്‍നിന്നാണെന്നും അദ്ദേഹം വെളിപ്പെടുത്തി. 

സ്ത്രീയെ നിയന്ത്രിച്ച് അവരുടെ ജീവിതത്തെ സ്വന്തം വരുതിക്കു കൊണ്ടുവരാനാണ് എന്നും പുരുഷന്‍മാര്‍ ശ്രമിച്ചിട്ടുള്ളത്. സ്ത്രീകളുടെ മോചനം അസാധ്യമാക്കാനും. ഇനി അത് അംഗീകരിക്കാനാകില്ലെന്ന് ഫോണി പറയുന്നു. മന്ത്രവാദിനികളും രൂപമില്ലാത്ത അപ്സരസ്സുകളുമെല്ലാം തന്നെ എന്നും പ്രചോദിപ്പിച്ചിട്ടുണ്ടെന്നും ഫോണി വെളിപ്പെടുത്തി. 

അനാട്ടമി പഠിക്കുകയും ഡോക്ടറായി പരിശീലനം നേടുകയും ചെയ്തതിനുശേഷമാണ് ഫോണി ഫാഷന്‍ ഡിസൈനിങ്ങില്‍ തന്റെ ഭാവി കണ്ടെത്തിയതും ഫ്രാന്‍സിലെ ഏറ്റവും പ്രശസ്തനായ ഡിസൈനറായി ഉയരുകയും ചെയ്തത്. എക്കാലവും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ട ഫോണി ഫ്രാന്‍സിലെ മീ ടൂ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പക്ഷേ, മറ്റു രാജ്യങ്ങളില്‍നിന്നു വ്യത്യസ്തമായി ഫ്രാന്‍സില്‍ ഇന്നും ലൈംഗിക പീഡന സംഭവങ്ങള്‍ക്ക് വേണ്ടത്ര ഗൗരവം ലഭിക്കാറില്ല. പല സംഭവങ്ങളും കേസുകളായി മാറാറുമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com