sections
MORE

ബജറ്റ് സ്ത്രീ സൗഹൃദമല്ലെന്നു വിദഗ്ധർ; കാരണങ്ങൾ വ്യക്തമാക്കിയതിങ്ങനെ

Nirmala Sitharaman
നിർമല സീതാരാമൻ
SHARE

ബജറ്റ് സ്ത്രീ സൗഹൃദമല്ലെന്നു വിദഗ്ധർ; കാരണങ്ങൾ വ്യക്തമാക്കിയതിങ്ങനെ

ഇന്ത്യയുടെ ഒരേയൊരു ഉരുക്കുവനിത ഇന്ദിരാഗാന്ധിക്കുശേഷം കേന്ദ്രബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിര്‍മല സീതാരാമന്‍ ചരിത്രം കുറിച്ചെങ്കിലും സ്ത്രീ ശാക്തീകരണത്തിനു ബജറ്റ് നിര്‍ദേശങ്ങള്‍ അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി വിദഗ്ധര്‍ രംഗത്ത്. വിവേചനം അവസാനിപ്പിക്കാന്‍ വ്യക്തമായ പദ്ധതികള്‍ അവതരിപ്പിക്കാതെയും കാര്യമായ തുക നീക്കിവയ്ക്കാതെയും ബജറ്റ് നിരാശപ്പെടുത്തിയെന്നും അവര്‍ ചൂണ്ടിക്കാട്ടുമ്പോഴും ബജറ്റ് സ്ത്രീസൗഹൃദമാണെന്നാണ് മന്ത്രി നിര്‍മല സീതാരാമന്റെ അവകാശവാദങ്ങള്‍. 

വനിതകള്‍ക്കുള്ള സ്വാശ്രയസംഘം പലിശയിളവു പദ്ധതി എല്ലാ ജില്ലകളിലേക്കു വ്യാപിപ്പിക്കാനുള്ള ബജറ്റ് നിര്‍ദേശത്തിലൂടെ രാജ്യത്തെ സ്ത്രീകളുടെ ഉന്നമനവും ശാക്തീകരണവുമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് നിര്‍മല സീതാരാമൻ പറയുന്നു‍. ഒരു വനിത അവതരിപ്പിക്കുന്ന ബജറ്റ് എന്ന നിലയില്‍ സ്ത്രീ ശാക്തീകരണത്തിനുള്ള നിര്‍ദേശങ്ങളും വകയിരുത്തലുകളും ബജറ്റില്‍ ഉണ്ടാകുമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്തല്ലെന്നും മന്ത്രി വിശദീകരിക്കുന്നു. ജന്‍ധന്‍ അക്കൗണ്ടുള്ള എല്ലാ വനിതകള്‍ക്കും 5,000 രൂപ ഓവര്‍ഡ്രാഫ്റ്റ്, സ്വാശ്രയ സംഘത്തിലെ ഒരു വനിതാ അംഗത്തിന് ഒരു ലക്ഷം രൂപ വായ്പ എന്നീ നിര്‍ദേശങ്ങളും തന്റെ കന്നിബജറ്റിന്റെ സവിശേഷതകളായും അവര്‍ എടുത്തുകാണിക്കുന്നു. 

മുദ്ര, സ്റ്റാന്‍ഡ് അപ് ഇന്ത്യ, സ്വാശ്രയ സംഘങ്ങള്‍ എന്നിവ നടപ്പാക്കി സ്ത്രീ ശാക്തീകരണത്തിനുള്ള പ്രതിബദ്ധതയും സന്നദ്ധതയും നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇന്ത്യയുടെ ധനകാര്യമന്ത്രി ഉറപ്പിച്ചു പറയുന്നു. മുദ്ര പദ്ധതിയിലൂടെ സ്വാശ്രയ സംഘത്തിലെ ഒരു വനിതയ്ക്ക് ഒരുലക്ഷം രൂപ വരെ വായ്പയ്ക്ക് അര്‍ഹതയുണ്ട്. മുദ്ര പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതില്‍ 70 ശതമാനം പേരും വനിതകളാണെന്നും മന്ത്രി അവകാശപ്പെടുന്നു. 

സ്ത്രീകളുടെ ജീവിതസാഹചര്യം മെച്ചപ്പെടാതെ ലോകത്തിന്റെ പുരോഗതി സാധ്യമല്ലെന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് നിര്‍മല സീതാരാമന്‍ പറയുന്നു: ഒരു ചിറകു മാത്രംകൊണ്ട് പക്ഷിക്ക് പറക്കാന്‍ കഴിയില്ല. ഇന്ത്യയുടെ പുരോഗതി സ്ത്രീകളുടെ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ വികസന ചരിത്രത്തിലെ ഏറ്റവും മധുരിക്കുന്ന അനുഭവമാണ് സ്ത്രീകള്‍ കൈവരിക്കുന്ന ഓരോ നേട്ടങ്ങളും. സ്ത്രീകളുടെ കൂടുതല്‍ സംഭാവനകളിലൂടെ രാജ്യത്തെ വികസനത്തെ കൂടുതല്‍ തിളക്കമുള്ളതാക്കാനാണ് ബജറ്റിലൂടെയും ശ്രമിക്കുന്നത്- ബജറ്റിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടിയായി മന്ത്രി അവകാശപ്പെട്ടു. 

സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ളവരും സ്വകാര്യ മേഖലയുടെ പ്രതിനിധികളും ഉള്‍പ്പെടുന്ന വിശാലമായ ഒരു കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതിനുള്ള നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷമായി ഓരോ ബജറ്റ് അവതരിപ്പിക്കുമ്പോഴും അതിനെ സ്ത്രീകളുടെ ഭാഗത്തുനിന്നു നോക്കിക്കാണുന്ന പ്രവണതയുണ്ടെന്നും ഇത്തവണത്തേത് സ്ത്രീകള്‍ക്ക് അഭിമാനിക്കാവുന്ന ബജറ്റ് തന്നെയാണെന്നും അവര്‍ പറയുന്നു. 

ഉജ്വല യോജന, സൗഭാഗ്യ യോജന എന്നീ രണ്ടു പദ്ധതികളുടെ പ്രയോജനം ഗ്രാമങ്ങളിലെ ഓരോ വീടുകളിലും എത്തിക്കഴിഞ്ഞുവെന്ന് നിര്‍മല സീതാരാമന്‍ പറയുന്നു. പുതുതായി 7 കോടി പാചക വാതക കണക്‌ഷന്‍ അനുവദിക്കുന്നതിലൂടെ ഗ്രാമീണ സ്ത്രീകളുടെ വര്‍ഷങ്ങളായുള്ള പരാതിക്കാണ് പരിഹാരം കണ്ടിരിക്കുന്നത്. ഇതു രാജ്യത്തെ പ്രകാശത്തിന്റെ പാതയിലേക്ക് നയിക്കുമെന്നാണ് നിര്‍മലയുടെ പ്രതീക്ഷ. 2022ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ വൈദ്യുതിയില്ലാത്ത, വെളിച്ചമില്ലാത്ത, പാചക വാതകമില്ലാത്ത ഒരു വീടു പോലും ഇന്ത്യയില്‍ കാണരുതെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 

23,357 കോടിയില്‍നിന്ന് 27584 കോടിയാക്കി സംയോജിത ശിശു വികസന പദ്ധതിക്കുള്ള ഫണ്ട് വര്‍ധിപ്പിച്ചിട്ടുണ്ട്. ആറു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. മന്ത്രി അവകാശവാദങ്ങള്‍ നിരത്തന്നുണ്ടെങ്കിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പദ്ധതികളും അവയ്ക്കു വിലയിരുത്തിയ തുകയും അപര്യാപ്തമാണെന്ന് സാമ്പത്തിക-സാമൂഹിക രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ വകയിരുത്തുന്ന തുക പലപ്പോഴും ഉപയോഗിക്കാതിരിക്കുകയും മറ്റു പദ്ധതികള്‍ക്കുവേണ്ടി വക മാറ്റി ചെലവഴിക്കുകയും ചെയ്യുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 

63.5 ശതമാനം പെണ്‍കുട്ടികള്‍ കൗമാരത്തില്‍ സ്കൂള്‍ ഉപേക്ഷിക്കുന്നത് ഇപ്പോഴും ഒരു യാഥാര്‍ഥ്യമാണെന്നും 25 മുതല്‍ 55 വരെ പ്രായത്തിലുള്ള സ്ത്രീകളില്‍ 27ശതമാനം പേര്‍ മാത്രമാണ് ജോലി ചെയ്യുന്നതെന്നും കാണാതിരുന്നുകൂടാ. വിദ്യാഭ്യാസമുള്ള സ്ത്രീകളില്‍ തന്നെ വലിയൊരു വിഭാഗം ജോലി ലഭിക്കാതെ വീടുകളില്‍ കഴിഞ്ഞുകൂടുന്നുണ്ടെന്നും കൂടി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിര്‍മല സീതാരാമന്റെ ബജറ്റ് അപര്യാപ്തമാണെന്നാണ് അവര്‍ വാദിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA