ADVERTISEMENT

രാജ്യം ഇപ്പോൾ അഭിമാനിക്കുന്നത് ഒരു അതിവേഗക്കാരിയായ പെൺകുട്ടിയുടെ പേരിലാണ്. രണ്ടാഴ്ചക്കിടയിൽ മൂന്നു സ്വർണ്ണം നേടിക്കൊണ്ട് റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന ഹിമാദാസിന്റെ പേരിൽ. വൻരാജ്യങ്ങളുടെ കുത്തകയായ ട്രാക്ക് ഇനത്തിൽ ഒരു ഇന്ത്യക്കാരി പെൺകുട്ടി ചരിത്രം തിരുത്തി സ്വർണം നേടുന്ന വാർത്ത അഭിമാനത്തോടെയാണ് രാജ്യം കേൾക്കുന്നത്. അസാമിൽ നിന്ന് വേഗതയുടെ ലോകത്തെത്തുന്നതുവരെ ആരും അറിയാത്ത ഒരു പ്രതിഭയായിരുന്നു അവൾ.

അസാമിലെ രോൺജിത് ദാസിന്റെയും ജൊമാലിയുടെയും ആറുമക്കളിൽ ഇളയവളാണ് ഹിമ. 13–ാം വയസ്സിൽ ബന്ധുവായ ആൺകുട്ടിക്കൊപ്പം മൈതാനത്ത് ഫുട്ബോൾ കളിച്ചപ്പോഴാണ് തന്റെയുള്ളിലെ അത്‌ലറ്റിനെ ഹിമ തിരിച്ചറിഞ്ഞത്. ഫുട്ബോൾ ആൺകുട്ടികളുടെ മാത്രം കളിയാണെന്നു പറഞ്ഞു കേട്ടപ്പോൾ ആ പ്രസ്താവനയെ അവൾ ചിരിച്ചു തള്ളി. പിന്നെ ആൺകുട്ടികളെ വെല്ലുന്ന വേഗത്തിൽ ഫുട്ബോൾ കളിച്ച് അവൾ മൈതാനം കീഴടക്കി. ക്ഷീണം തോന്നുന്നുവെന്ന് ഒരിക്കലും പറയാത്ത കൂട്ടുകാരി എന്നാണ് ഹിമയെ സുഹൃത്തുക്കൾ ഓർത്തെടുക്കുന്നത്.

പതിനൊന്നു ദിവസത്തിനിടെ മൂന്നാമത്തെ സ്വര്‍ണമെഡല്‍ നേടിക്കൊണ്ടാണ് ആ മിടുക്കിപ്പെൺകുട്ടി വീണ്ടും വാർത്തകളിൽ നിറയുന്നത്. ഹിമ ദാസ് ചരിത്രനേട്ടത്തില്‍. ശനിയാഴ്ച ചെക്ക് റിപ്പബ്ലിക്കില്‍ ക്ലാഡ്നോ മെമ്മോറിയല്‍ അത്‍ലറ്റിക്സ് മീറ്റില്‍ 200 മീറ്ററിലായിരുന്നു ഹിമയുടെ മൂന്നാമത്തെ സ്വര്‍ണനേട്ടം. 23.43 സെക്കന്‍ഡില്‍ 200 മീറ്റര്‍ പിന്നിടാനായി എന്നതും ഹിമയുടെ സ്വര്‍ണത്തിന്റെ തിളക്കം കൂട്ടുന്നു. 23.10 സെക്കന്‍ഡ് ആണ് ഹിമയുടെ ഏറ്റവും മികച്ച റെക്കോര്‍ഡ്. ചെക്ക് റിപ്പബ്ലിക്കിലെ സ്വര്‍ണത്തോടെ രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ മെഡലാണ് കായികരംഗത്തെ ഇന്ത്യയുടെ ഭാവി വാഗ്ദാനം  നേടുന്നത്.

ജൂലൈ രണ്ടിന് പോളണ്ടില്‍നിന്നാണ് ഹിമയുടെ ജൈത്രയാത്ര തുടങ്ങുന്നത്. ആസ്സാമില്‍ നിന്നുള്ള കായികാരമായ ഹിമ അന്ന് 200 മീറ്റര്‍ പിന്നിട്ടത് 23.65 സെക്കന്‍ഡില്‍. പോളണ്ടില്‍വച്ചുതന്നെ നടന്ന കുത്‍നോ അത്‍ലറ്റിക്സ് മീറ്റിലായിരുന്നു രണ്ടാമത്തെ സ്വര്‍ണനേട്ടം. 23.97 സെക്കന്‍ഡില്‍. ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന മല്‍സരങ്ങളില്‍ മുഹമ്മദ് അനസ് ഉള്‍പ്പെടയുള്ള ഇന്ത്യയുടെ അഭിമാന താരങ്ങളും സ്വര്‍ണനേട്ടത്തിലെത്തി. വനിതകളുടെ 400 മീറ്ററില്‍ 52.54 സെക്കന്‍ഡില്‍ ഓടിയെത്തി വി.കെ.വിസ്മയയും മലയാളികളുടെ അഭിമാനം ഉയര്‍ത്തി. 

ലോകമീറ്റുകളില്‍ കായികരംഗത്ത് ഇന്ത്യ നിരന്തരമായി പിന്നാക്കം പോകുന്ന നാണക്കേടിന്റെ ചരിത്രത്തിനാണ് ഹിമ ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ അവസാനം കുറിച്ചിരിക്കുന്നത്.  വിദേശതാരങ്ങളുടെ മുമ്പില്‍ പിന്നാലായിപ്പോകുന്നതായിരുന്നു അടുത്തകാലം വരെ ഇന്ത്യയുടെ ചരിത്രം. ഇന്ത്യയിലെ അറിയപ്പെടാത്ത സംസ്ഥാനങ്ങളില്‍നിന്ന്, കഷ്ടപ്പാടിന്റെ കാലത്തെ പിന്നിലാക്കിയെത്തിയ യുവതാരങ്ങള്‍ തങ്ങള്‍ വിദേശതാരങ്ങള്‍ക്കു പിന്നിലല്ലെന്നും മെഡല്‍ നേടാന്‍ യോഗ്യരാണെന്നും തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ നേട്ടം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ ഒളിംപിക്സ് ഉള്‍പ്പെടെയുള്ള മല്‍സരങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ മെഡല്‍ നേടുന്ന കാലം വിദൂരമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com