ADVERTISEMENT

പ്രായം വെറുമൊരു സംഖ്യ മാത്രമെന്ന് പെട്ടെന്ന് ഓർത്തു പോകും പാലക്കാട് സ്വദേശിനിയായ വത്സലാ നാരായണൻ എന്ന ഈ അമ്മയെ കാണുമ്പോൾ. 77 വയസ്സിലും 17ന്റെ ചെറുപ്പമുള്ള കലയെ മനസ്സിൽ ചേർത്തു വയ്ക്കുന്ന ഇവർ ജൂലൈ 18 മുതൽ  തൃശൂർ ലളിത കലാ അക്കാദമി ഹാളിൽ ആദ്യ ചിത്രപ്രർശനം നടത്തി.

വിവാഹം കഴിഞ്ഞ് ഭർത്താവ് ശങ്കരനാരായണനൊപ്പം നേരെ കൊൽക്കത്തയ്ക്ക് വണ്ടി കയറിയതാണ്. അവിടെ വീട്ടമ്മയായതുകൊണ്ട്  ഒഴിവുസമയമേറെയുണ്ടായിരുന്നു. ആ മടുപ്പൊഴിവാക്കാനാണ് ചിത്രകലയുടെ വർണക്കൂട്ടുകളിൽ ഓരോ പരീക്ഷണങ്ങൾ ചെയ്തു തുടങ്ങിയത്. പല നിറമുള്ള പഴയ തുണികൾ പൊടിച്ചുചേർത്ത് പേസ്റ്റ് ചെയ്ത ചിത്രങ്ങളായിരുന്നു ആദ്യം. പിന്നെപ്പിന്നെ മരപ്പൊടി, ചായപ്പൊടി, അരിപ്പൊടി തുടങ്ങി കയ്യിൽ കിട്ടുന്ന ഏതുതരം പൊടികൾ കൊണ്ടും മിഴിവുള്ള ചിത്രങ്ങൾ ഒരുക്കുന്നത് പതിവായി. 

painting-exhibition-08
valsalas-painting-exhibition-02
painting-exhibition-05
valsalas-painting-04
valsalas-painting-03
painting-exhibition-06

ഇടയ്ക്ക് കുട്ടികളും പഠനവും തിരക്കുകളുമായതോടെ ചിത്രകലയ്ക്ക് അവധിയായി. പിന്നീട് മക്കളും കൊച്ചുമക്കളുമായുള്ള തിരക്കുകളെല്ലാം ഒതുങ്ങി 60 വയസിനു ശേഷമാണ് വത്സല കലാ പരീക്ഷണങ്ങളിൽ സജീവമാകുന്നത്. സ്വയം വരച്ചോ ഔട്ട്‌ലൈൻ പ്രിന്റ് എടുത്തോ കിട്ടുന്ന ചിത്രങ്ങളിലാണ് ‘പൊടിവിദ്യ’. കാപ്പിപ്പൊടി മുതൽ പൂക്കളുടെ ചെറിയ വിത്തുകൾ വരെ ചിത്രരചനയ്ക്ക് ആയുധമാകും. മുമ്പൊക്കെ പാലുകാച്ചിനും പിറന്നാളിനുമൊക്കെ പല വീടുകളിലേക്കും ഈ ചിത്രങ്ങൾ സമ്മാനമായെത്തിയിരുന്നു. 

പാലക്കാട് ചെർപ്പുളശേരിയ്ക്കടുത്ത് പനവണ്ണയിലാണ് ഇപ്പോൾ മക്കളോടൊപ്പം താമസം. എല്ലാ മാസവും മുടക്കാതെ ഗുരുവായൂർ ദർശനം. ഒരു തവണ ദർശനത്തിനു ശേഷം പുറത്തെ സ്റ്റാളിൽ ശിൽപങ്ങളും മറ്റും വിൽക്കുന്നൊരാളുമായി സംസാരിച്ചു നിൽക്കേ അമ്മയുടെ ചിത്രങ്ങൾ കാണണമെന്ന് അയാൾ ആഗ്രഹം പറഞ്ഞു. അടുത്ത മാസം ഗുരുവായൂർ ദർശനത്തിനു പോയപ്പോൾ ഏതാനും ചിത്രങ്ങളും ഒപ്പം കൊണ്ടുപോയി. ചിത്രം കണ്ട ആ പരിചയക്കാരനാണ് പ്രദർശനം എന്ന ആശയം പറയുന്നത്. തൃശൂർ ഫൈൻ ആർട്സ് കോളജ് അധ്യാപകനും ബന്ധുവുമായ വിനോദ് കണ്ണേരിയുടെ  സഹായത്തോടെയാണ് പ്രദർശനം ഒരുക്കിയത്. 

ഒരിടത്തിരിക്കാതെ എപ്പോഴും ആക്ടീവ് ആയിരിക്കാൻ ഇഷ്ടപ്പെടുന്ന വത്സലയ്ക്ക് കലയുടെ വേറിട്ട വഴികളിൽ എല്ലാ പിന്തുണയുമായി ഒപ്പമുണ്ട് മക്കളും കൊച്ചുമക്കളുമടങ്ങിയ സംഘം. മക്കൾ ബേബി പ്രസന്നയും സുധയും റിട്ടയേർഡ് അധ്യാപകർ. സുരേഷ് അബുദാബിയിൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com