ADVERTISEMENT

ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ആരാധകർ വല്ലാത്ത ആശങ്കയിലും നിരാശയിലുമാണിപ്പോൾ. മീ ടൂ ആരോപണം നേരിട്ട സംവിധായകന്റെ വീട്ടിൽ ദീപികയും രൺബീർ കപൂറും സന്ദർശനം നടത്തിയതോടെയാണ് ദീപികയുടെ ആരാധകർ പരിഭ്രാന്തിയിലായത്.

മീ ടൂ ആരോപണം നേരിട്ട  ലവ് രാഞ്ജന്റെ അടുത്ത ചിത്രത്തിൽ ദീപിക അഭിനയിക്കാൻ പോകുന്നു എന്ന അഭ്യൂഹങ്ങൾ പരന്നതോടെയാണ് 'ഞങ്ങളുടെ ദീപിക ഇങ്ങനെയല്ല' (#NotMyDeepika) എന്ന ഹാഷ്ടാഗിലൂടെ ചിത്രത്തിൽ നിന്ന് പിന്മാറാൻ ആരാധകർ ദീപികയോട് അഭ്യർഥിക്കുന്നത്. 

ദീപികയെ തങ്ങൾ ഏറെ സ്നേഹിക്കുന്നുണ്ടെന്നും തങ്ങൾ ഇഷ്ടപ്പെടുന്ന ദീപിക ഒരിക്കലും ഇത്തരത്തിലുള്ള ഒരു കാര്യം ചെയ്യില്ല എന്നുമാണ് ആരാധകർ പറയുന്നത്. ആരാധകരുടെ അഭ്യർഥനയെ മാനിക്കാതെ ചിത്രത്തിൽ തുടരാനാണ് ദീപികയുടെ ഭാവമെങ്കിൽ ദീപികയ്ക്ക് ഒരുപാട് ആരാധകരെ നഷ്ടപ്പെടുമെന്നും അവർ പറയുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് ലവ് രഞ്ജനെതിരെ പേരു വെളിപ്പെടുത്താത്ത ഒരു നടി മീ ടൂ ആരോപണം ഉന്നയിച്ചത്. 'പ്യാർ കേ പഞ്ചനാമ' എന്ന ചിത്രത്തിന്റെ ഒഡിഷനിൽ പങ്കെടുത്ത അവസരത്തിൽ തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നായിരുന്നു ആരോപണം. എന്നാൽ തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണം നിഷേധിച്ചുകൊണ്ട് ലവ് ര‍ഞ്ജൻ രംഗത്തു വരികയും താൻ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നുവെന്ന് പറയുകയും ചെയ്തിരുന്നു.

ലവ് രഞ്ജന്റെ അടുത്ത ചിത്രത്തിലെ നായകന്മാർ അക്ഷയ് കുമാറും രൺബീർ കബീറും ആണെന്ന് നേരത്തെ തന്നെ സ്ഥിരീകരണമുണ്ടെങ്കിലും നായിക ആരാണെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. രൺബീർ കപൂറിനൊപ്പം ദീപിക സംവിധായകന്റെ വീട്ടിൽ സന്ദർശനം നടത്തിയതോടെയാണ് ചിത്രത്തിലെ നായിക ദീപിക ആണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതും അതിന്റെ ചുവടുപിടിച്ച് ദീപികയുടെ ആരാധകർ ക്യാംപെയിൻ തുടങ്ങിയതുമെല്ലാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com