ADVERTISEMENT

ഈ വര്‍ഷത്തെ വെനീസ് രാജ്യാന്തര ചലച്ചിത്രോല്‍സവം പ്രതീക്ഷയോടെ കാത്തിരിക്കാന്‍ ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ചൊരു കാരണം കൂടിയുണ്ട്. മഹാനഗരമായ മുംബെയുടെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥ പറയുന്ന ഒരു ചിത്രമാണ് ക്രിട്ടിക്സ് വീക്കിന്റെ ഉദ്ഘാടന ചിത്രമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഓഗസ്റ്റ് 29 നായിരിക്കും ഇന്ത്യക്കാരുടെ അഭിമാന ദിവസം. 

അന്ന് ഷോര്‍ട് ഫിലിമുകളിലൂടെ പ്രശസ്തയായ ഗീതാഞ്ജലി റാവുവിന്റെ കന്നി ഫീച്ചര്‍ ഫിലിം വെനീസില്‍ പ്രദര്‍ശിപ്പിക്കും. വെനീസിലെ ക്രിട്ടിക്സ് വീക്കില്‍ ഉദ്ഘാടന ചിത്രമായി ഒരു ഇന്ത്യന്‍ ചിത്രം തിരഞ്ഞെടുക്കപ്പെടുന്നതും ആദ്യമായിട്ടാണ്. ബോംബെ റോസ് എന്നാണ് ഗീതാഞ്ജലിയുടെ ചിത്രത്തിന്റെ പേര്. 

ബോംബെ റോസിന്റെ എഴുത്തും സംവിധാനവും സാക്ഷത്കാരവും നിര്‍വഹിച്ചിരിക്കുന്നത് യുവ സംവിധായികയായ ഗീതാഞ്ജലി തന്നെ. രാജ്യാന്തര തലത്തില്‍ ചിത്രത്തിന്റെ ആദ്യപ്രദര്‍ശനവും വെനീസിലെ ക്ഷണിക്കപ്പെട്ട സദസ്സില്‍മുന്നില്‍ത്തന്നെയായിരിക്കും. 

മൂന്നു പ്രണയകഥകളെ കോര്‍ത്തിണക്കുന്ന ഒരു ചുവന്നറോസാപ്പൂവിന്റെ കഥയാണ് ബോംബെ റോസ്. പൂക്കള്‍ വില്‍ക്കുന്ന രണ്ടുപേര്‍ തമ്മിലുള്ള പ്രണയം. രണ്ടു സ്ത്രീകളുടെ പരസ്പര അനുരാഗം. ബോളിവുഡ് താരങ്ങളോടുള്ള മുംബൈയുടെ പ്രണയത്തിന്റെ കഥ. ഈ മൂന്നു കഥകളും കൂടിച്ചേരുമ്പോള്‍ ബോംബെ റോസ് എന്ന പ്രണയചിത്രമാകും. 

മുംബൈയുടെ തെരുവുജീവിതങ്ങളെ സ്ക്രീനില്‍ പകര്‍ത്തണം എന്നത് ഗീതാഞ്ജലിയുടെ സ്വപ്നങ്ങളിലൊന്നായിരുന്നു. ഇന്ത്യയിലെയും ലോകത്തിലെയും പല നഗരങ്ങളിലും ഗ്രാമങ്ങളിലും നിന്ന് ജീവിതം തേടിയെത്തുന്ന വ്യത്യസ്ത ജനങ്ങളുടെ കഥകള്‍. പേരുള്ളവരും പേരില്ലാത്തവരും. പ്രശസ്തരാകുന്നവരും അറിയപ്പെടാതെപോകുന്നവരും. കബളിപ്പിക്കപ്പെടുന്നവരും തട്ടിപ്പ് ഒരു കലയായി കൊണ്ടുനടക്കുന്നവരും. അനന്തവൈചിത്ര്യം നിറഞ്ഞ മുംബൈയുടെ ജീവിതത്തിന്റെ സൗന്ദര്യവും വൈകൃതവും-അതാണ് ബോംബെ റോസ്.

തെരുവുകളിലൂടെ സഞ്ചരിക്കുന്ന ഗീതാഞ്ജിയുടെ ക്യാമറ ചിലപ്പോള്‍ ഒരു ഡോക്യുമെന്ററിയെ ഓര്‍മിപ്പിക്കും. മറ്റുചിലപ്പോള്‍ തട്ടുപൊളിപ്പന്‍ ബോളിവുഡ് പാട്ടുകള്‍ക്കൊത്തു ചുവടുവയ്ക്കുന്ന സാധാരണക്കാരിലൂടെ ഒരു കൊമേഴ്സ്യല്‍ സിനിമയേയും. 

ആറു വര്‍ഷം മുമ്പാണ് മുംബൈ ജെജെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ആര്‍ട്സില്‍നിന്ന് ബിരുദം നേടിയ ഗീതാഞ്ജലി ബോംബെ റോസിന്റെ ജോലി തുടങ്ങുന്നത്. ജീവിതത്തില്‍ ഒന്നുമായില്ലെങ്കിലും അവരവരുടേതായ തലത്തില്‍ വീരനായകരാകുന്ന സാധാരണക്കാരാണ് നായികാ നായകന്‍മാര്‍. സിനിസ്റ്റാന്‍ ഫിലിം കമ്പനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 

രാജ്യാന്തര ശ്രദ്ധ നേടിയ ചെറുചിത്രങ്ങളിലൂടെ പ്രശസ്തയാണ് 46 വയസ്സുകാരിയായ ഗീതാഞ്ജലി റാവു. പ്രിന്റഡ് റെയിന്‍ബോ എന്ന ഷോര്‍ട് ഫിലിം ഗീതാഞ്ജലിക്ക് ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിക്കൊടുത്തു. 2006-ല്‍ കാനിലായിരുന്നു പ്രിന്റഡ് റെയിന്‍ബോയുടെ ആദ്യപ്രദര്‍ശനം. 25 പുരസ്കാരങ്ങള്‍ നേടിയ ചിത്രം ഓസ്കറിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇനി കാത്തിരിക്കാം. വെനീസില്‍ ഇന്ത്യയുടെ അഭിമാന നിമിഷങ്ങള്‍ക്കായി; ഗീതാഞ്ജലിയുടെ അംഗീകാരത്തിന്റെ കയ്യടികള്‍ക്കായും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com