sections
MORE

16–ാം വയസ്സിൽ ഭർത്താവ് വിറ്റു, ചുവന്ന തെരുവിൽ 7 മാസം, അവിടെയും ചതി; എന്നിട്ടും തോറ്റില്ല

 He said that my husband had sold me to him for Rs.40000, and I had to work there or repay him
ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക് ( ഹ്യൂമൻസ് ഓഫ് ബോബെ)
SHARE

ഭാര്യയുടെ ശരീരത്തിന് അയാളിട്ട വില 40,000. കേവലം 16 വയസ്സ് മാത്രം പ്രായമുള്ള, തന്റെ കുഞ്ഞിന്റെ അമ്മ കൂടിയായ പെണ്ണിനെയാണ് അയാൾ മാംസക്കച്ചവട ചന്തയിലേക്ക് വലിച്ചെറിഞ്ഞത്. കെട്ടുകഥയേക്കാൾ അവിശ്വസനീയമായ ജീവിതാനുഭവങ്ങളിൽക്കൂടി കടന്നു പോകേണ്ടി വന്നിട്ടും തളരാതെ ജീവിതത്തോടു പോരാടി നിന്ന ഒരു സ്ത്രീയുടെ കഥയാണ് പറഞ്ഞു വരുന്നത്. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെ അവൾ തന്റെ കഥ പറയുന്നതിങ്ങനെ :-

'' എനിക്ക് 16 വയസ്സുള്ളപ്പോഴാണ് ഭർത്താവ് എന്നെ ചുവന്ന തെരുവിൽ വിറ്റത്. ചെറുപ്പത്തിൽ വീടുവിട്ട ഞാൻ ജോലിസ്ഥലത്തു വച്ചാണ് അയാളെ പരിചയപ്പെട്ടത്. അയാൾ എന്നെ മുംബൈയിലേക്കു കൊണ്ടു വന്നു. ഒരു വർഷത്തോളം ഞാനവിടെയൊരു വീട്ടിൽ ജോലിക്കാരിയായി നിന്നു. ഇതിനിടയിൽ ‍ഞാനൊരു ആൺകുഞ്ഞിന് ജന്മം നൽകി. അതിനു ശേഷം എന്നെയും കുഞ്ഞിനെയും അയാൾ ചുവന്ന തെരുവിൽ കൊണ്ടുപോയി. അവിടെയൊരു മുറിയിൽ ഞങ്ങളെയിരുത്തിയിട്ട് ഇപ്പോൾ വരാമെന്ന് പറഞ്ഞ് അയാൾ പുറത്തേക്കിറങ്ങി.

ഒരു മണിക്കൂറോളം ഞാൻ അയാളെ കാത്തിരുന്നു. പക്ഷേ, കണ്ടില്ല. അയാൾ പൊയ്ക്കളഞ്ഞതാണെന്ന് ആളുകൾ എന്നോടു പറഞ്ഞു. ആകെത്തകർന്നുപോയ ഞാൻ കുഞ്ഞിനെയുമെടുത്ത് പുറത്തേക്കു പോകാൻ തുടങ്ങി. എന്നെ തടഞ്ഞുകൊണ്ട് ഒരു മനുഷ്യൻ ആ സത്യം എന്നോടു വെളിപ്പെടുത്തി. എന്റെ ഭർത്താവ് 40,000 രൂപയ്ക്ക് എന്നെ വിറ്റുവെന്ന്. ശേഷം അയാൾ എനിക്ക് മുന്നിൽ രണ്ട് ഓപ്‌ഷൻ വച്ചു. ഒന്ന് ഞാനവിടെ ജോലി ചെയ്യണം, രണ്ട് അയാളുടെ കാശ് തിരികെക്കൊടുത്താൽ എനിക്ക് മടങ്ങാം.

എന്റെ മനസ്സ് വല്ലാതെ മുറിവേറ്റു. എട്ടു ദിവസത്തോളം ഞാൻ ആ മുറിയിൽ നിന്ന് പുറത്തിറങ്ങിയതേയില്ല. എന്റെ കുഞ്ഞിനുള്ള ആഹാരം മാത്രം നൽകി ഭക്ഷണമൊന്നും കഴിക്കാതെ ഞാൻ ആ ദിവസങ്ങൾ തള്ളിനീക്കി. എന്റെ കൈയിൽ കാശൊന്നുമില്ല. എന്റെ മുന്നിൽ മറ്റുമാർഗ്ഗങ്ങൾ ഒന്നും തന്നെയില്ല. അതുകൊണ്ടു തന്നെ ഒൻപതാം ദിവസം ഞാൻ എന്റെ ആദ്യത്തെ കസ്റ്റമറെ സ്വീകരിച്ചു. ഏഴുമാസത്തോളം അവിടെ ജോലിചെയ്തിട്ടും 25,000 രൂപ മാത്രമേ സമ്പാദിക്കാൻ കഴിഞ്ഞുള്ളൂ. ഈ ദിവസങ്ങളിലൊന്നിൽ എന്റെ ഭർത്താവ് മടങ്ങിവരുകയും ഞാനില്ലാത്ത തക്കം നോക്കി മുറിയിൽ വന്ന് ഞാൻ സമ്പാദിച്ച പണമത്രയും മോഷ്ടിച്ചുകൊണ്ട് പോവുകയും ചെയ്തു. തിരികെ മുറിയിലെത്തിയപ്പോൾ ആ കാഴ്ചകണ്ട് ഞാൻ തകർന്നു പോയി.

വീണ്ടും അവിടെത്തന്നെ ഞാൻ ജോലി തുടർന്നു. വളരെ ദയയുള്ള സൗമ്യനായ ഒരു കസ്റ്റമറെ ഞാൻ പരിചയപ്പെട്ടു. അവിടെ നിന്നും മോചിപ്പിക്കാമെന്നും വിവാഹം കഴിക്കാമെന്നും അയാൾ എനിക്ക് വാഗ്ദാനം നൽകി. അയാളിൽ എനിക്ക് രണ്ട് പെൺകുഞ്ഞുങ്ങൾ ജനിച്ചു. പക്ഷേ അതിനുശേഷമാണ് അയാൾ വിവാഹിതനായിരുന്നു എന്ന സത്യം ഞാൻ മനസ്സിലാക്കിയത്. മൂന്നു കുഞ്ഞുങ്ങളുള്ള എനിക്ക് ഒരേയൊരു കാര്യം മാത്രമേ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. അവരെ നന്നായി വളർത്തുക. അതിനായി എന്റെ സമ്പാദ്യമെല്ലാം വിനിയോഗിക്കാൻ ഞാൻ ഉറപ്പിച്ചു. അതിനായി ബോർഡിങ് സ്കൂളിനെയും ഹോസ്റ്റലുകളെയുമൊക്കെ സമീപിച്ചെങ്കിലും എല്ലാവരും എന്റെ ആവശ്യത്തെ നിരസിച്ചു. അങ്ങനെയാണ് ഞാൻ ഒരു എൻജിഒ യുമായി ബന്ധപ്പെടുന്നത്. എന്റെ കുഞ്ഞുങ്ങളെ ബോർഡിങ്ങിൽ ചേർത്ത് പഠിപ്പിക്കാനുള്ള തുക കണ്ടെത്താൻ അവരെന്നെ സഹായിച്ചു.

എന്റെ ജീവിതത്തിലേക്ക് സമാധാനം തിരിച്ചു വന്നു. എനിക്ക് നഷ്ടപ്പെടാനൊന്നുമില്ലായിരുന്നു. എങ്കിലും ചുവന്ന തെരുവിലെ ജോലിയുപേക്ഷിച്ച് മറ്റൊരു ജോലി കണ്ടെത്താൻ ഞാൻ ആഗ്രഹിച്ചു. ദിവസങ്ങളോളം ഞാൻ ജോലിയന്വേഷിച്ചു നടന്നു. ഒരു ലൈംഗിക തൊഴിലാളിക്ക് ആരു ജോലി നൽകും?. ദേവാലയങ്ങളുടെ മുന്നിലൂടെ ഞാൻ ഭക്ഷണം യാചിച്ചു നടന്നു. ഓടയിലെ മലിനജലം കുടിച്ചു ‍ഞാൻ ദാഹമകറ്റി. അതിനു ശേഷം എന്റെ മക്കളെ സഹായിച്ച എൻ ജി ഒ എന്നെയും സഹായിച്ചു. അവർ എനിക്കൊരു ജോലി നൽകി. ലൈംഗികത്തൊഴിലാളികൾക്ക് കോണ്ടം വിൽക്കുന്നതുംഅവർക്ക് ബോധവൽക്കരണം നൽകുന്നതുമായിരുന്നു എന്റെ ജോലി. വളരെപ്പെട്ടന്നു തന്നെ അവർ എനിക്ക് ഓഫിസ് ജോലി നൽകി.

ഇപ്പോൾ 15 വർഷമായി. ഇപ്പോൾ എനിക്ക് സ്വന്തമായി വീടുണ്ട്, എന്റെ മക്കൾക്ക് വേണ്ട വിദ്യാഭ്യാസം നൽകി, അവരെ വിവാഹം കഴിപ്പിച്ചു. ഇപ്പോൾ നല്ലൊരു ജീവിതം നയിക്കാൻ എനിക്ക് കഴിയുന്നുണ്ട്. ഇപ്പോഴും ഞാൻ എൻജിഒയിൽ പ്രവർത്തിക്കുന്നുണ്ട്. എന്നെക്കൊണ്ട് സഹായിക്കാൻ പറ്റുന്നിടത്തോളം സ്ത്രീകളെ ഞാൻ സഹായിക്കുന്നുണ്ട്.

ഞാൻ കടന്നുപോയ ഇരുണ്ട ദിനങ്ങൾ ഇന്നും പേടിസ്വപ്നങ്ങളായി ഇപ്പോഴും വിരുന്നെത്താറുണ്ട്. രാത്രികൾ താണ്ടാൻ കഴിയുമെന്ന് ഒരുറപ്പുമില്ലാത്ത ദിനങ്ങളിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്. അഭിമാന ക്ഷതമേറ്റ് ഞാൻ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും അതെല്ലാം കഴിഞ്ഞ് ഇന്നും ഞാൻ ലോകത്തിനു മുന്നിൽ ധീരമായി നിൽക്കുന്നുണ്ട്. ഭൂതകാലത്തെ പിന്നിലുപേക്ഷിച്ച് ഞാൻ എന്റെ ജീവിതത്തെ പുനർനിർമിച്ചു. ഇപ്പോൾ എന്റെജീവിതം മറ്റാർക്കും സ്വന്തമല്ല. ഞാൻ സ്വതന്ത്രയാണ്''.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA