ADVERTISEMENT

പ്രിയപ്പെട്ടവരുടെ വേർപാട് ജീവിതത്തിൽ സൃഷ്ടിക്കുന്ന ശൂന്യത വലുതാണ്. ആ ആഘാതത്തിൽ നിന്നും ഉണർന്ന് സമൂഹത്തിനു നന്മ ചെയ്യാനിറങ്ങിയ, ശിഷ്ടജീവിതം അനാഥർക്കും ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾക്കുമായി ഉഴിഞ്ഞു വച്ച ഒരു മുത്തശ്ശിയുടെ കഥ കണ്ണുനനയിക്കും. 81കാരിയായ മുത്തശ്ശിയുടെ പേര് മിസിസ് ശുക്ല. ജീവിതം പൂർണ്ണമായി എന്നു വിശ്വസിച്ചു തുടങ്ങിയ നാളുകൾ ഏറ്റവും പ്രിയപ്പെട്ടവരെ ഒരു ദാക്ഷണ്യവുമില്ലാതെ വിധി തട്ടിയെടുത്തതിന് സാക്ഷിയാകേണ്ടി വന്ന അമ്മ. ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങളെക്കുറിച്ചും അതിൽ നിന്നും കരകയറിയതിനെക്കുറിച്ചും ആ അമ്മ പങ്കുവച്ചത് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക് കുറിപ്പിലൂടെയാണ്.

മിസിസ് ശുക്ല തന്റെ കഥ പറയുന്നതിങ്ങനെ :- '' സ്കൂളിൽ പോകാനും പഠിക്കാനും അവസരം ലഭിച്ച എന്റെ തലമുറയിൽപ്പെട്ട ചുരുക്കംചിലയാളുകളിൽ ഒരാളായിരുന്നു ഞാൻ.  ജീവിതത്തിൽ ഒരു ഘട്ടത്തിൽ എന്റെ അച്ഛനും സഹോദരനും ജോലി നഷ്ടപ്പെട്ട സാഹചര്യമുണ്ടായിട്ടുണ്ട്. അപ്പോൾ റേഷനിങ് ഓഫിസിൽ സീനിയർ ഓഫിസർ ആയി ജോലിചെയ്യുകയായിരുന്നു ഞാൻ. പിന്നീട് വിവാഹാലോചനയൊക്കെ വന്നപ്പോൾ എനിക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ വിവാഹശേഷം ഒരിക്കലും ജോലിക്കു പോകുന്നത് നിർത്തേണ്ടി വരില്ലെന്ന് എന്റെ വീട്ടുകാർ എനിക്കുറപ്പു തന്നു.

ഭാഗ്യംകൊണ്ട് വളരെ നല്ലൊരു മനുഷ്യനെ എനിക്ക് കണ്ടെത്താൻ കഴിഞ്ഞു. എനിക്കിഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്യാൻ അദ്ദേഹം എനിക്ക് പിന്തുണ നൽകി. കഠിനാധ്വാനം ചെയ്യാൻ എന്നെ സഹായിച്ചു. ഒരു വർഷത്തിനു ശേഷം ഞങ്ങൾ വിവാഹിതരായി. അധികം വൈകാതെ ഞങ്ങൾക്കൊരു മകൾ പിറന്നു. എന്നേക്കാൾ മിടുക്കും കാര്യക്ഷമതയുമുള്ള വ്യക്തിയായി അവളെ വളർത്തണമെന്ന് ഞാൻ ആഗ്രഹിച്ചു. അവൾ കഠിനാധ്വാനിയും മിടുക്കിയുമായിരുന്നു. 10 ക്ലാസിലും 12–ാം ക്ലാസിലുമൊക്കെ സ്കൂൾ ടോപ്പറായാണ് അവൾ പഠിച്ചിറങ്ങിയത്. ചെറുപ്പത്തിൽത്തന്നെ സ്വയംപര്യാതയാകണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു. അവളുടെ എല്ലാ ആഗ്രഹങ്ങളും പൂർത്തിയാകാൻ ഞാൻ ഒപ്പം നിന്നു.

എല്ലാകാര്യങ്ങളും മികച്ച രീതിയിൽ അവൾ ചെയ്തു. കരിയറിൽ മികച്ച വിജയം ഉറപ്പിക്കാൻ കഴിഞ്ഞ സമയത്ത് അവൾ വിവാഹിതയായി. അധികം വൈകാതെ രണ്ട് ഓമനക്കുഞ്ഞുങ്ങൾക്ക് അവൾ ജന്മം നൽകി. ഞങ്ങളുടെ കുടുംബം അക്ഷരാർഥത്തിൽ പൂർണ്ണമായിത്തുടങ്ങുകയായിരുന്നു. ആ സമയത്താണ് മകൾക്ക് ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചത്. അധികം വൈകാതെ അവൾ മരിച്ചു. അവളുടെ മരണത്തിൽ നിന്ന് മുക്തരാകും മുൻപേ അവളുടെ ഭർത്താവിന്റെ മരണവാർത്തയുമെത്തി. ഒരു റോഡപകടത്തിലാണ് ഞങ്ങളുടെ മരുമകനെ ഞങ്ങൾക്ക് നഷ്ടമായത്.

ഞങ്ങൾ വല്ലാത്ത ഷോക്കിലായിപ്പോയി. എങ്കിലും ദുഖം ഞങ്ങളെ വിഴുങ്ങാൻ അനുവദിച്ചില്ല. ഞങ്ങളുടെ പേരക്കുട്ടികൾക്ക് ഞങ്ങളെ വേണം. അവർ വളർന്നു വലുതായി സെറ്റിൽ ആവുന്നതുവരെ അവർക്ക് ഞങ്ങളെ ആവശ്യമുണ്ട്. അതുകൊണ്ട് റിട്ടർ ചെയ്ത് മടങ്ങാനുള്ള തീരുമാനമൊക്കെ മാറ്റി ഞാൻ വീണ്ടും ജോലിചെയ്യാനാരംഭിച്ചു. സീനിയർ സിറ്റിസൺ വെൽഫെയർ അസോസിയേഷനിൽ ജോയിൻ ചെയ്യുകയും ആവശ്യക്കാർക്ക് വേണ്ട സേവനം നൽകുകയും ചെയ്തു.

ഒരിക്കൽ ‍ാൻ സംഘടിപ്പിച്ച മെഡിക്കൽ ക്യാംപിൽ വച്ച് എനിക്ക് സ്തനാർബുദം സ്ഥിരീകരിച്ചു. ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പക്ഷേ എന്റെ ഭർത്താവ് വല്ലാതെ ഭയന്നു. ഞങ്ങളുടെ ജീവിതയാത്ര അവസാനിക്കാൻ പോവുകയാണെന്ന് അദ്ദേഹത്തിന് തോന്നി. ഞാൻ ആരോഗ്യവതിയാണെന്ന് ഞാൻ അദ്ദേഹത്തിന് ഉറപ്പു നൽകി. പക്ഷേ, അദ്ദേഹം എന്നെക്കുറിച്ചല്ല, അദ്ദേഹത്തെക്കുറിച്ചാണ് പറയുന്നതെന്ന് തിരിച്ചറിയാൻ ഞാൻ വൈകിപ്പോയി. ദിവസങ്ങൾക്കകം കരൾരോഗം മൂർച്ഛിച്ച് അദ്ദേഹം മരിച്ചു.

എനിക്ക് 81 വയസ്സുണ്ട്. എന്റെ പ്രിയപ്പെട്ടവരെയെല്ലാം എനിക്ക് നഷ്ടമായി. മനസ്സുകൊണ്ടു തകർന്ന ഒരു വ്യക്തിയാണ് ഞാൻ. പക്ഷേ ജീവിതവും മരണവും ആരുടെയും നിയന്ത്രണത്തിലല്ല എന്ന തിരിച്ചറിവ് എനിക്കുണ്ട്. അതുകൊണ്ട് മനസ്സിനെ സമാധാനിപ്പിച്ച് ഞാൻ വീണ്ടും ജോലിയിൽ പ്രവേശിച്ചു. കുടുംബമില്ലാത്തവർക്കും, സഹായം വേണ്ടവർക്കുമായി ഞാനെന്റെ മുഴുവൻ സമയവും വിനിയോഗിച്ചു. ഇപ്പോൾ സീനിയർ സിറ്റിസൺ അസോസിയേഷന്റെ കാര്യം മാത്രമല്ല ഞാൻ നോക്കുന്നത് പ്രത്യേക ശ്രദ്ധവേണ്ട കുഞ്ഞുങ്ങൾക്കുവേണ്ടി ഒരു സ്കൂളും നടത്തുന്നുണ്ട്.

ഓരോ ദിവസവും എന്റെ ഭർത്താവിനെയും മകളെയും ഞാൻ മിസ് ചെയ്യുന്നുണ്ട്. പക്ഷേ ഞാൻ ചെയ്തുകൊടുക്കുന്ന സഹായങ്ങളുടെ പേരിൽ ഓരോദിവസവും ആളുകൾ നന്ദിപറയുമ്പോൾ അവരുടെ സാന്നിധ്യം എനിക്ക് അനുഭവിക്കാൻ കഴിയുന്നുണ്ട്. എന്റെ കൈ ചേർത്തുപിടിച്ച്, അവർ എന്റെ മുതുകിൽത്തട്ടി അഭിനന്ദിക്കും. ദുരന്തങ്ങളിൽ തകർന്നു പോകാതെ ജീവിതത്തിലേക്ക് തിരികെ വന്ന് മറ്റുള്ളവരെ സഹായിക്കാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നതിന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com