sections
MORE

അഭിമാനത്തോടെ 'കൈ ഉയർത്തി' സൂപ്പർ മോഡൽ; അഭിനന്ദിച്ച് ആരാധകർ

Emily Ratajkowski shows off armpit hair in powerful photoshoot
എമിലി. ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

ചെറിയ മുടിനാരിനു പോലും വലിയ സന്ദേശങ്ങൾ കൈമാറാൻ കഴിയും എന്നു തെളിയിച്ചു കൊണ്ടാണ് ഒരു സൂപ്പർ മോഡലിന്റെ ഗംഭീര ഫൊട്ടോഷൂട്ട് ചർച്ച ചെയ്യപ്പെടുന്നത്. കക്ഷത്തിലെ രോമങ്ങൾ നീക്കം ചെയ്യാതെ അഭിമാനത്തോടെ കൈകൾ ഉയർത്തിപ്പിടിച്ച് ചിത്രങ്ങൾക്ക് പോസ് ചെയ്തുകൊണ്ടാണ് മോഡൽ എമിലി റാതജോകോവ്സ്കി വാർത്തകളിലിടം പിടിച്ചത്.

ഫെമിനിസത്തെക്കുറിച്ച് ഒരു മാസികയ്ക്കു വേണ്ടിയെഴുതിയ ലേഖനത്തിന്റെ ഭാഗമായാണ് 28കാരിയായ മോഡലും അഭിനേത്രിയുമായ എമിലി ഈ ബോൾഡ് ഫൊട്ടോഷൂട്ടിനു വേണ്ടി തയാറായത്. ചർച്ചയായ ഫൊട്ടോഷൂട്ടിനെക്കുറിച്ചും തന്റെ നിലപാടുകളെക്കുറിച്ചും താരം പറയുന്നതിങ്ങനെ :-

'' ഇഷ്ടപ്പെട്ട കാര്യങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്ത്രീകളുടെ അവകാശത്തെക്കുറിച്ചാണ് ഞാൻ ലേഖനമെഴുതിയത്. ( എങ്ങനെയുള്ള വസ്ത്രം ധരിക്കണം, എന്തൊക്കെ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണം, ശരീരരോമങ്ങൾ ഷേവ് ചെയ്തു കളയണോ, വേണ്ടയോ) തുടങ്ങിയ കാര്യങ്ങൾ. സ്വയം അവതരിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ സ്വാധീനം ചെലുത്തുമെന്നതൊന്നും അപ്പോൾ വിഷയമേയല്ല''.

വ്യാഴാഴ്ച പങ്കുവച്ച ചിത്രങ്ങൾക്ക് ലക്ഷക്കണക്കിന് ലൈക്കുകളും പതിനായിരക്കണക്കിന് കമന്റുകളുമാണ് ലഭിക്കുന്നത്. കക്ഷത്തിലെ രോമങ്ങൾ നീക്കം ചെയ്യാതെ ചിത്രത്തിന് പോസ് ചെയ്യാനും ആ ചിത്രം പങ്കുവയ്ക്കാനും ധൈര്യം കാട്ടിയ താരത്തിനെ അഭിനന്ദിച്ചുകൊണ്ടാണ് ഭൂരിപക്ഷമാളുകളും പ്രതികരിച്ചത്.

''നിങ്ങൾ ചെയ്യുന്നത് വലിയൊരു കാര്യമാണ്.  സൗന്ദര്യ സങ്കൽപ്പങ്ങളെ വെല്ലുവിളിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കാനും  നിങ്ങളുടെ അധികാരങ്ങളെ ഉപയോഗിക്കുന്നതിൽ വളരെ സന്തോഷമുണ്ട്. അതിന് നിങ്ങളോട് നന്ദിയുണ്ട്''. - ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് ഒരാൾ കുറിച്ചതിങ്ങനെ. നിങ്ങൾ ഞങ്ങൾക്ക് പ്രചോദനമാണ് എന്നാണ് മറ്റൊരാൾ കുറിച്ചത്.

ബോളിവുഡ് താരം മലൈക അറോറ മാസങ്ങൾക്കു മുൻപ് പങ്കുവച്ച ഇത്തരമൊരു ചിത്രവും സമൂഹമാധ്യമങ്ങളിൽ വൻ തരംഗമാണ് സൃഷ്ടിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA