ADVERTISEMENT

ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെ നേരിടുമ്പോള്‍ ആ പെണ്‍കുട്ടിക്ക് 14 വയസ്സ് മാത്രം. ബിസിനസിലെ ശത്രുതയുടെ പേരില്‍ പിതാവ് സത്ബീര്‍ മാന്‍ വെടിയേറ്റു മരിച്ചു. രണ്ടുപെണ്‍കുട്ടികളില്‍ മൂത്തവളാണവള്‍. ഇളയകുട്ടിക്കാകട്ടെ പ്രായം വളരെകുറവും. ജീവിതത്തിന്റെ പാതിവഴിയില്‍ പിന്തുണ നഷ്ടപ്പെട്ടുപോയ അമ്മയെ എങ്ങനെ ആശ്വസിപ്പിക്കണം എന്നുപോലും അറിയാതെ 14 വയസ്സുകാരി ജീവിതത്തെ നോക്കി പകച്ചുനിന്നു. തുലിക മാന്‍ എന്നാണ് ആ പെണ്‍കുട്ടിയുടെ പേര്. 

ഡല്‍ഹി പൊലീസ് സബ് ഇന്‍സ്പെക്ടറായി ജോലി ചെയ്യുന്ന അമ്മയെ സഹായിച്ചും പിന്തുണച്ചും തുലിക വളര്‍ന്നുവന്നു. സാമ്പത്തിക ബുദ്ധിമുട്ടും മുഴവന്‍ സമയ പരിശീലകന്റെ അഭാവവും മൂലം 2016-ല്‍ ഉപേക്ഷിച്ച ജൂഡോയിലെ പരിശീലനവും തുടര്‍ന്നു. ഒടുവില്‍ യശ്പാല്‍ സോളങ്കി എന്ന നല്ല മനുഷ്യന്‍ കോച്ചിന്റെ രൂപത്തില്‍ തുലികയെ സഹായിക്കാനെത്തി. അതോടെ ആ കുട്ടി ഇന്ത്യന്‍ കായിക ചരിത്രത്തിന്റെ ഭാഗവുമായി. കഴിഞ്ഞ വര്‍ഷം മക്കാവുവില്‍ നടന്ന ഏഷ്യന്‍ കപ്പ് ജൂഡോ ചാംപ്യന്‍ഷിപ്പില്‍ 78 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയതോടെ തുലികയുടെ യാത്രയുടെ ഒരുഘട്ടം പൂര്‍ണമായി.

ഏതാനും ദിവസം മുമ്പ് തന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍കൂടി ചാര്‍ത്തിക്കൊണ്ട് 20 വയസ്സുകാരി തുലിക തായ്പെയില്‍ നടന്ന ഏഷ്യന്‍ ഓപണില്‍ രാജ്യത്തിനു ലഭിച്ച ഒരേയൊരു മെഡലിന്റെയും അവകാശിയായി. ഏഴു പുരുഷന്‍മാരും വേറെ യുവതികളും പങ്കെടുത്തെങ്കിലും തുലികയ്ക്കു മാത്രമായിരുന്നു മെഡല്‍; വെങ്കലം. രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കാനായതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോള്‍ തുലിക.

മറ്റ് ഏതൊരു കായികതാരത്തെയും പോലെ ഒളിംപിക്സിലെ ഒരു മെഡല്‍ തന്നെയാണ് തുലികയുടെയും സ്വപ്നം. തടസ്സം ഔദ്യോഗിക പിന്തുണയില്ലാത്തതും സാമ്പത്തിക ബുദ്ധിമുട്ടുകളും. ഇപ്പോള്‍ സ്വപ്നം സാക്ഷാത്കരിക്കാനുള്ള യാത്രയില്‍ സ്വന്തം കയ്യില്‍നിന്നുള്ള പണമെടുത്താണ് തുലിക പരിശീലിക്കുന്നതുപോലും. തായ്പെയില്‍ സര്‍ക്കാര്‍ സഹായത്തോടുകൂടിയാണ് പോയതെങ്കിലും ചെറിയ പല ടൂര്‍ണമെന്റുകളിലും സ്വന്തം പണം മുടക്കി പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്. ബുഡാപെസ്റ്റ് ഗ്രന്‍ഡ് പ്രിയിലും മറ്റും പങ്കെടുക്കാന്‍ കുടുംബത്തിന് മൂന്നരലക്ഷത്തോളം രൂപ ചെലവായെന്നും തുലിക പറയുന്നു.

ലോകറാങ്കിങ്ങില്‍ നിലവില്‍ 52-ാം സ്ഥാനത്താണ് തുലിക. ഒളിംപിക് റാങ്കിങ്ങില്‍ 42-ാം സ്ഥാനത്ത്. ഓഗസ്റ്റ് 25 മുതല്‍ 31 വരെ ടോക്കിയോയില്‍ ലോക ചാംപ്യന്‍ഷിപ്പ് നടക്കാന്‍ പോകുകയാണ്. തുലിക ഉള്‍പ്പെട്ട സംഘത്തിന്റെ വീസ ഇതുവരെ തയാറായിട്ടില്ല. ദേശീയ ക്യാംപും സംഘടിപ്പിച്ചിട്ടില്ല. എങ്കിലും സ്വന്തം പരിശ്രമത്തില്‍ തുലിക പരിശീലനം മുടക്കാതെ മുന്നോട്ടുകൊണ്ടുപോകുന്നു. ആരും സഹായിച്ചില്ലെങ്കിലും ടോക്കിയോയില്‍ പങ്കെടുത്ത് ഒളിംപിക്സ് യോഗ്യതയിലേക്ക് അടുക്കുകയാണ് നിലവില്‍ തുലികയുടെ സ്വപ്നം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com