ADVERTISEMENT

അത്യപൂർവമായ ഒരു കൂട്ടായ്മയുടെ ആവേശത്തിലാണ് സ്പ്രിന്റ് ഇനങ്ങളിലെ ഇതിഹാസ അമേരിക്കൻ താരം അലിസൻ ഫെലിക്സ്. ഒരിക്കലും സാധ്യമാകില്ലെന്നു വിചാരിച്ച ഒരു കൂട്ടായ്മ. ലോകമെങ്ങുമുള്ള വനിതാ താരങ്ങളുടെ ഒത്തൊരുമയാണ് ഫെലിക്സിനെ ആവേശംകൊള്ളിക്കുന്നത്. നിരന്തരമായി ലൈംഗികചൂഷണം നടത്തിയ ഒരാൾക്കെതിരെ അമേരിക്കയിൽനിന്നുള്ള ജിംനാസ്റ്റിക് താരങ്ങളുടെ പ്രതിഷേധം, പുരുഷ ടീമിനു ലഭിക്കുന്ന അതേ പ്രതിഫലത്തിനുവേണ്ടി ഫുട്ബോൾ ഫെഡറേഷനെ കോടതി കയറ്റിയ അമേരിക്കൻ വനിതാ ഫുട്ബോൾ ടീമിന്റെ മാതൃക എന്നിവയെല്ലാം വനിതാ കായികതാരങ്ങൾക്കു  പകർന്നുനൽ‌കിയ ധൈര്യം ചെറുതല്ല. 

ഒരു സംഘടനയുടെ കൊടിക്കീഴിൽ അണിനിരന്നിട്ടില്ലെങ്കിലും വനിതാ കായികതാരങ്ങൾ ഇപ്പോൾ ഒരുമിച്ചാണു നിൽക്കുന്നത്. ഒരു കൊടിയുടെ ചുവട്ടിലല്ലെങ്കിൽ ഒരുമിച്ചും ഐക്യത്തോടെയും ഒരേ മനസ്സോടെയും. ആറു തവണ ഒളിംപിക് മെഡലുകളും 11 തവണ ലോക ചാംപ്യൻഷിപ് മെഡലുകളും നേടിയിട്ടുണ്ട് ഫെലിക്സ്. 

വനിതാ കായികതാരങ്ങൾ സത്യം വിളിച്ചുപറയുമ്പോൾ അതുണ്ടാക്കുന്ന മാറ്റം വലുതാണ്. ഓരോരുത്തരും മുന്നോട്ടുവരുന്നത് മറ്റുള്ളവർക്ക് ധൈര്യം പകരുന്നു. ആത്മവിശ്വാസമുള്ളവരാക്കുന്നു. ഞാൻ ഒരിക്കലും സ്വപ്നം കാണാത്ത കാര്യങ്ങൾ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കൻ വനിതാ സോക്കർ ടീമിന്റെ മുന്നേറ്റം എനിക്കു നൽകിയ ധൈര്യം ചെറുതല്ല. ലോക കായിക രംഗം മാറുകയാണ്; വനിതാ അത്‌ലറ്റുകളും–ഫെലിക്സ് പറയുന്നു. 

നവംബറിൽ അടിയന്തര സിസേറിയൻ ശസ്ത്രക്രിയയിലൂടെ ഒരു പെൺകുട്ടിക്കു ജൻമം നൽകിയ ഫെലിക്സ് മേയ് മാസത്തിൽ സ്പോൺസർ സ്ഥാപനം നൈക്കിനെക്കുറിച്ച് പ്രസ്താവന നടത്തി വാർത്ത സൃഷ്ടിച്ചിരുന്നു. ആദ്യത്തെ കുട്ടിയുടെ ജനനത്തിനുശേഷവും നൈക്ക് തനിക്കുവേണ്ടി 70 ശതമാനം തുക മുടക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് ഫെലിക്സ് അറിയിച്ചത്. പ്രസവത്തോട് അനുബന്ധിച്ചുള്ള മാസങ്ങളിൽ ഫെലിക്സിന്റെ പ്രകടനം നന്നായില്ലെങ്കിലും അതിന്റെ പേരിൽ പിഴ ചുമത്താനില്ലെന്നും കൂടി നൈക്ക് അറയിച്ചിരുന്നു. മറ്റു കായികതാരങ്ങളുടെ കാര്യത്തിലും പ്രസവത്തോട് അനുബന്ധിച്ചു പിഴ ചുമത്തുന്നതു നിർത്താനും നൈക്ക് തീരുമാനിച്ചു. 

ഒരാഴ്ച മുമ്പ് കായികതാരങ്ങൾക്കുള്ള വസ്ത്രം നിർമിക്കുന്ന അത്‌ലറ്റ എന്ന സ്ഥാപനവുമായി കരാർ ഒപ്പിട്ട കാര്യവും ഫെലിക്സ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലും അവർ പങ്കെടുക്കുന്നുണ്ട്. അടുത്തവർഷം ടോക്കിയോയിൽ നടക്കുന്ന ഒളിംപിക്സിലും ഫെലിക്സ് ഉണ്ടാകും.  ഭാവി താരങ്ങൾക്കെങ്കിലും കരിയറും കുടുംബവും തമ്മിൽ ഒന്നിച്ചുകൊണ്ടുപോകാൻ ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും താനുൾപ്പെടെയുള്ളവർ അതിനുവേണ്ടിയാണ് പോരാടുന്നതെന്നും ഫെലിക്സ് പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com