sections
MORE

ആ അവഗണനയെ ഓർത്ത് ഒരുപാട് രാത്രികൾ കരഞ്ഞിട്ടുണ്ട് : വിദ്യാബാലൻ

Vidya Balan
വിദ്യാബാലൻ
SHARE

കൈനിറയെ ചിത്രങ്ങളുമായി ലൊക്കേഷനുകളിൽ നിന്ന് ലൊക്കേഷനുകളിലേക്ക് പറക്കുന്ന, ദേശീയ അവാർഡ് ജേതാവായ വിദ്യാ ബാലനെ മാത്രമേ ആരാധകർക്ക് പരിചയമുള്ളൂ. എന്നാൽ സ്വപ്നങ്ങൾക്ക് പിറകേ സഞ്ചരിക്കാൻ തുടങ്ങിയ ദിവസം മുതൽ താൻ നേരിട്ട അവഗണനകളെക്കുറിച്ചും ഒഴുക്കിയ കണ്ണീരിനെക്കുറിച്ചും തുറന്നു പറയുകയാണ് ബോളിവുഡ് താരം വിദ്യാ ബാലൻ. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കരിയറിന്റെ തുടക്കകാലത്തിൽ താനനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് താരം വെളിപ്പെടുത്തിയത്.

സ്വപ്നങ്ങൾ കരയിപ്പിച്ച കാലം

'ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ എന്നെ ഏറ്റവും കൂടുതൽ കരയിപ്പിച്ചത് എന്റെ സ്വപ്നങ്ങൾ തന്നെയാണ്. സിനിമയിൽ ചുവടുറപ്പിക്കാൻ തുടക്കകാലത്ത് വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. സിനിമയുമായൊന്നും ഒരു ബന്ധവുമില്ലാത്ത കുടുംബത്തിൽ നിന്ന് വന്ന ഒരാളായതുകൊണ്ടു തന്നെ നടിയാകാൻ എന്തു ചെയ്യണം, എവിടെത്തുടങ്ങണം എന്നതിനെക്കുറിച്ചൊന്നും യാതൊരു ധാരണയുമില്ലായിരുന്നു. പക്ഷേ എനിക്ക് നടിയാകണമായിരുന്നു. എന്നെയോർത്ത് എന്റെ കുടുംബം വല്ലാതെ വിഷമിച്ചിരുന്നു. പക്ഷേ എങ്കിലും അവർ എനിക്ക് പിന്തുണ നൽകിക്കൊണ്ടേയിരുന്നു. എന്റെ ആദ്യ ടെലിവിഷൻ ഷോ വന്നതോടെ അവർക്ക് ചെറിയൊരു ആശ്വാസം ലഭിച്ചു. കാരണം 'ലാ ബെല്ലാ' എന്ന ടെലിവിഷൻ ഷോ ടെലികാസ്റ്റ് ചെയ്ത് മാസങ്ങൾക്കകം നിർത്തേണ്ടി വന്നു. 'ഇതോടെ അഭിനയ ഭ്രാന്ത് തീർന്നെന്ന്' അവർ കരുതിക്കാണും'. 

വർഷങ്ങൾ നീണ്ട അവഗണന

'കരിയറിന്റെ തുടക്കത്തിൽ ദക്ഷിണേന്ത്യയിൽ നിന്ന് തുടർച്ചയായി അവഗണനകൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതെന്നെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു. അന്നൊക്കെ ഒരു രാത്രിപോലും കരയാതെ ഞാൻ ഉറങ്ങിയിട്ടില്ല. മൂന്നു വർഷത്തോളം ദക്ഷിണേന്ത്യയിൽ നിന്ന് അവഗണനകൾ മാത്രമാണ് നേരിടേണ്ടി വന്നത്. കണ്ണീരോടെയാണ് ഓരോ രാത്രിയും ഉറങ്ങാൻ കിടക്കുന്നതെങ്കിലും ഉണരുന്നത് പുഞ്ചിരിയോടെയാണ്. എന്നെങ്കിലും നല്ലത് സംഭവിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു. അങ്ങനെയാണ് 'പരിണീത' എന്ന ചിത്രം ചെയ്തത്'.

മിഷൻ മംഗളിനുവേണ്ടി തയാറെടുത്തതിങ്ങനെ

ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗൾയാനെ ആസ്പദമാക്കി സംവിധായകൻ ജഗൻ ശക്തിയൊരുക്കുന്ന 'മിഷൻ മംഗൾ' എന്ന ചിത്രത്തിൽ ടീം മിഷൻ മംഗളിലെ 'വണ്ടർ വുമണി'ന്റെ കഥാപാത്രത്തെയാണ് വിദ്യ അവതരിപ്പിക്കുന്നത്. അക്ഷയ് കുമാർ, സൊനാക്‌ഷി സിൻഹ,തപ്സീ പന്നു, കൃതി കുൽഹരി, നിത്യ മേനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ചിത്രത്തിൽ അഭിനയിച്ച അനുഭവത്തെക്കുറിച്ച് വിദ്യ പറയുന്നതിങ്ങനെ. :-

'' ചിത്രത്തിന്റെ സെറ്റിലെത്തുമ്പോൾ ചില സമയത്ത് ഞാൻ വല്ലാതെ നെർവസ് ആകും. ശാസ്ത്രഞ്ജർ ഉപയോഗിക്കുന്ന ചില ടെക്നിക്കൽ ടേംസ് ഒക്കെയാണ് അതിന് കാരണം. അങ്ങനെ തോന്നുമ്പോഴൊക്കെ ചിത്രത്തിനു വേണ്ടി തയാറെടുക്കുന്നതിനായി ജഗൻ നൽകിയ ദൃശ്യങ്ങൾ മണിക്കൂറുകളോളം കാണും.''. ചിത്രത്തിൽ താര ഷിൻഡെ എന്ന കഥാപാത്രത്തെയാണ് വിദ്യ അവതരിപ്പിക്കുന്നത്. 2019 ആഗസ്റ്റ് 15നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

'പരിണീത' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച വിദ്യ 'ഡേർട്ടി പിക്ചർ' എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം സ്വന്തമാക്കിക്കൊണ്ടാണ് അഭിനയ രംഗത്ത് കഴിവ് തെളിയിച്ചത്. 2014 ൽ പത്മശ്രീ പുരസ്കാരം ലഭിച്ച വിദ്യ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് ബോളിവുഡിൽ ചുവടുറപ്പിച്ചത്. പലപ്പോഴും ശരീരഭാരത്തിന്റെ പേരിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് വിദ്യയ്ക്ക്. അത്തരം വിമർശനങ്ങൾ തുടർച്ചയായി വാർത്തകളിൽ ഇടംപിടിച്ചപ്പോൾ ശരീരഭാരം നിയന്ത്രിക്കാനാവാത്തതിനു പിന്നിലുള്ള ആരോഗ്യകാരണങ്ങളെക്കുറിച്ച് വിദ്യ ആരാധകരോട് തുറന്നു പറഞ്ഞു. 2012 ലാണ് ചലച്ചിത്ര നിർമാതായ സിദ്ധാർഥ് കപൂർ വിദ്യയെ വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളുമായി ബി ടൗണിൽ നിറഞ്ഞു നിൽക്കുകയാണ് ആരാധകരുടെ പ്രിയ താരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA