sections
MORE

സ്വകാര്യചിത്രം അബദ്ധത്തിൽ പോസ്റ്റ് ചെയ്തു; ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചവരെ നേരിട്ടതിങ്ങനെ

Whitney Cummings
വിറ്റ്നി കുമിങ്സ്
SHARE

മനഃപൂര്‍വമല്ലാത്ത പ്രവൃത്തിയുടെ പേരിലും ഒരു സ്ത്രീ അപമാനിക്കപ്പെടാം. ഭീഷണിക്കു വിധേയയാകാം. വരാനിരിക്കുന്ന അപമാനത്തില്‍നിന്നു രക്ഷപ്പെടാന്‍ പണം ചെലവഴിക്കേണ്ടിവരാം. മാനം വില്‍ക്കേണ്ട അവസ്ഥപോലും വരാം. പുറത്തു പറയാത്തതുകൊണ്ടുമാത്രം അത്തരം കഥകള്‍ പരസ്യമാകുന്നില്ല എന്നേയുള്ളൂ.നഷ്ടപ്പെടാനുള്ളത് അഭിമാനമാണെന്നു കരുതുന്ന സ്ത്രീകളെ ഇരയാക്കുന്നതാകട്ടെ ചിലരുടെ വിനോദവും.

എന്തായാലും അമേരിക്കന്‍ കോമഡി താരം വിറ്റ്നി കുമിങ്സ്  അത്തരം ഒരു അപമാനത്തിന്റെ ഭീഷണിയില്‍ നിന്ന് സാഹസികമായി രക്ഷപ്പെട്ടിരിക്കുന്നു. ഒപ്പം സ്ത്രീകള്‍ക്ക് ധീരമായ ഒരു മാതൃകയും കാണിച്ചുകൊടുത്തിരിക്കുന്നു. അഭിമാനം ദുരഭിമാനമായി മാറരുതെന്നും അപമാനം നേരിടേണ്ടിവരുമോ എന്ന പേടിയില്‍ ചതിക്കുഴികളില്‍ വീഴരുതെന്നുമാണ് വിറ്റ്നിക്കു ലോകത്തോടു പറയാനുള്ളത്. 

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍നിന്നാണ് സംഭവങ്ങളുടെ തുടക്കം. ശുചിമുറിയില്‍ വച്ച് എടുത്ത മാറിടം കാണുന്ന ഒരു ചിത്രം. ഒരു നിമിഷത്തെ ശ്രദ്ധക്കുറവില്‍ വിറ്റ്നി ആ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. അബദ്ധം മനസ്സിലായപ്പോള്‍ പെട്ടെന്നുതന്നെ ചിത്രം പിൻവലിക്കുകയും ചെയ്തു. പക്ഷേ, സമൂഹമാധ്യമത്തില്‍ കണ്ണുനട്ടിരുന്നവര്‍ വേഗം തന്നെ ചിത്രത്തിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ എടുത്ത്. ചിത്രം പരസ്യമാക്കാതിരിക്കാന്‍ പണം വേണമെന്ന് വിറ്റ്നിയോട് ആവശ്യപ്പെടാനും തുടങ്ങി.  ആവശ്യം ഭീഷണിയായി മാറി. പണം കിട്ടിയില്ലെങ്കില്‍ ചിത്രം ഉടന്‍ പരസ്യപ്പെടുത്തുമെന്നായി നിലപാട്. അതോടെ വിറ്റ്നി ധീരമായ നിലപാടെടുത്തു. പണം തരാന്‍ താന്‍ ഒരുക്കമല്ലെന്നും ആര്‍ക്കു വേണമെങ്കിലും ചിത്രം പരസ്യപ്പെടുത്താമെന്നും വെല്ലുവിളിച്ചു. 

തിങ്കളാഴ്ചയാണ് 36 വയസ്സുകാരിയായ നടി തനിക്ക് നേരിടേണ്ടിവന്ന അപമാനത്തിന്റെയും ഭീഷണിയുടെയും കഥകള്‍ ഏതാനും ട്വിറ്റര്‍ സന്ദേശങ്ങളിലൂടെ പുറത്തുവിട്ടത്. തന്നോട് പണം ആവശ്യപ്പെടുന്ന ആളുകളുടെ സന്ദേശങ്ങളുടെ ചിത്രവും വിറ്റ്നി പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഭീഷണിപ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങിയവര്‍ ഒന്നടങ്ങിയത്. തന്റെ ചിത്രം മറ്റുള്ളവര്‍ പരസ്യപ്പെടുത്തേണ്ടതില്ലെന്നും താന്‍ തന്നെ അതിനു തയാറാണെന്നും പറഞ്ഞുകൊണ്ട് അവര്‍ വിവാദം സൃഷ്ടിക്കാവുന്ന സ്വന്തം മാറിടം കാണാവുന്ന ചിത്രം പരസ്യപ്പെടുത്തുകയും ചെയ്തു. 

അര്‍ഹിക്കുന്നതേക്കാള്‍ പ്രശസ്തി എനിക്കുണ്ടെന്നാണ് പലരും കരുതുന്നത്. പെട്ടെന്ന് ഞാന്‍ ഭീഷണിക്കു വഴങ്ങുമെന്നും അവര്‍ കരുതുന്നു. പെട്ടെന്നുതന്നെ അഭിഭാഷകരെയും നിയമ വിദഗ്ധരെയും മറ്റും ഏര്‍പ്പെടുത്തി ഞാന്‍ ആ ചിത്രത്തിന്റെ പിന്നാലെ പോകുമെന്നാണ് പലരും കരുതിയത് - വിറ്റ്നി പറയുന്നു. എന്തായായും താന്‍ ഭീഷണിക്കു വഴങ്ങില്ലെന്നും തന്നെ ഭീഷണിപ്പെടുത്തിയവരുടെയെല്ലാം പേരുകള്‍ വെളിപ്പെടുത്താത്തത് അവരില്‍ ചിലര്‍ കുട്ടികളായതുകൊണ്ടാണെന്നും അവര്‍ സന്ദേശത്തില്‍ പറയുന്നു.

ഉഭയസമ്മതപ്രകാരമല്ലാതെ ലൈംഗിക ദൃശ്യങ്ങളും നഗ്നദൃശ്യങ്ങളും മറ്റും പരസ്യപ്പെടുത്തുന്നത് അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും കുറ്റകരവുമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA