sections
MORE

തീൻമേശയിൽ ശ്വാസംകിട്ടാതെ കൈക്കുഞ്ഞ് പിടഞ്ഞു; രക്ഷകയായ പൊലീസ് ഉദ്യോഗസ്ഥക്ക് കൈയടി

 Officer Melissa Carey saving a two-week-old after the infant choked and stopped breathing
മെലിസ്സ രക്ഷിച്ച കുഞ്ഞിനൊപ്പം. ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്
SHARE

ഭക്ഷണശാലയിലെ തീൻമേശയിൽ ശ്വാസം കിട്ടാതെ പിടയുകയാണ് ഒരു കുഞ്ഞ്. വെറും രണ്ടാഴ്ച മാത്രം പ്രായമായ കുഞ്ഞിന്റെ ശ്വാസനാളത്തിൽ എന്തോ കുടുങ്ങി. ശ്വാസം കിട്ടാതെ പിടഞ്ഞ കുഞ്ഞിനെ എങ്ങനെ രക്ഷിക്കുമെന്നറിയാതെ അമ്മയും ഭക്ഷണശാലാ അധികൃതരും പരക്കം പാഞ്ഞു. ഒടുവിൽ ആ കുഞ്ഞിന് രക്ഷകയായത് ഒരു പൊലീസ് ഓഫിസറാണ്. ഭക്ഷണശാലയുടെ ഏതോ കോണിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കാൻ അവർ പാഞ്ഞടുക്കുന്നതിന്റെയും പ്രാഥമിക ശുശ്രൂഷകൾ നൽകി കുഞ്ഞിനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണിപ്പോൾ.

കലിഫോർണിയയിലെ റസ്റ്റോറന്റിൽ അരങ്ങേറിയ നാടകീയമായ സംഭവങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് ഡാൻവില്ലെ പൊലീസ് വിഭാഗമാണ്. ധീരയായ തങ്ങളുടെ പൊലീസ് ഉദ്യോഗസ്ഥ ഒരു നിമിഷം പോലും പാഴാക്കാതെ പിഞ്ചുകുഞ്ഞിന് രക്ഷകയായ സംഭവത്തിന്റെ ദൃശ്യങ്ങൾ ഏറെ അഭിമാനത്തോടെയാണ് അവർ ഫെയ്സ്ബുക്കിലും ട്വിറ്ററിലും പങ്കുവച്ചത്.

മെലിസ്സ കാരെ എന്ന പൊലീസ് ഉദ്യോഗസ്ഥയാണ് പിഞ്ചുകുഞ്ഞിനെ രക്ഷിച്ചത്. ഹീറോ എന്ന് വിശേഷിപ്പിച്ചു കൊണ്ടും മനസ്സു നിറഞ്ഞ് അഭിനന്ദിച്ചുകൊണ്ടുമാണ് മെലിസ്സ കുഞ്ഞിനെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ ആളുകൾ പങ്കുവയ്ക്കുന്നത്.

ഭക്ഷണ ശാലയിൽ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സഹായമഭ്യർഥിച്ചുകൊണ്ട് ഭക്ഷണശാലയിലെ ജീവനക്കാരി മെലിസ്സയെ സമീപിച്ചത്. കുറച്ച് ടേബിളിനപ്പുറത്ത് ഒരു പി‍ഞ്ചുകുഞ്ഞ് ശ്വാസം കിട്ടാതെ പിടയുകയാണെന്ന സന്ദേശം കിട്ടിയ നിമിഷം തന്നെ കുഞ്ഞിനെ കിടത്തിയിരുന്ന തീൻ മേശക്കരികിലേക്ക് മെലിസ്സ പാഞ്ഞു. കുഞ്ഞിനെ വാരിയെടുത്ത് പ്രഥമ ശുശ്രൂഷ നൽകി. ശ്വാസനാളത്തിലെ തടസ്സം മാറിയതോടെ കുഞ്ഞ് അപകടനില തരണം ചെയ്യുകയും സാധാരണ ഗതിയിൽ ശ്വസിച്ചു തുടങ്ങുകയും ചെയ്തു.

തക്കസമയത്ത് മെലിസ്സയുടെ സേവനം ലഭിച്ചില്ലായിരുന്നുവെങ്കിൽ കുഞ്ഞ് ഇപ്പോൾ ഉണ്ടാകുമായിരുന്നില്ല എന്നാണ് കുഞ്ഞിന്റെ അമ്മ പിന്നീട് പ്രതികരിച്ചത്. കുഞ്ഞു ജീവൻ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥയെ സ്നേഹംകൊണ്ടു പൊതിയുകയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA