sections
MORE

ഈ നാട്ടിലെ പെണ്ണുങ്ങളെ പൂവാലന്മാർക്കു പേടിയാണ്; അപമര്യാദയായി പെരുമാറിയാൽ വിവരമറിയും

Kampala's market women unite against harassment
പ്രതീകാത്മക ചിത്രം
SHARE

കരുത്തിന്റെ ഭൂഖണ്ഡമാണ് ആഫ്രിക്ക. കിഴക്കൻ ആഫ്രിക്കയിലെ യുഗാണ്ട ഇപ്പോൾ രാജ്യാന്തര മാധ്യമങ്ങളിൽ നിറയുന്നത് പെൺകരുത്തിന്റെ പേരിലാണ്. തലസ്ഥാനമായ കംപാലയിലെ ഏറ്റവും വലിയ കമ്പോളമായ നക്കാവ ഇപ്പോൾ ലോകമെങ്ങുമുള്ള സ്ത്രീകൾക്ക് പ്രചോദനത്തിന്റെ പുതിയ പാഠമാകുന്നു. സ്ത്രീകൾക്കു നേരേയുള്ള കയ്യേറ്റവും അക്രമങ്ങളും ഇന്ന് ആഗോള വിഷയമാണ്. പെൺകുഞ്ഞുങ്ങൾ‌ മുതൽ വൃദ്ധകൾ വരെ പലതരം ചൂഷണങ്ങൾക്ക് ഇരയാകുന്നുമുണ്ട്. മനുഷ്യാവകാശ പ്രവർത്തകരും സ്ത്രീസുരക്ഷയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളും അടക്കം ഇതിനെ ചെറുക്കാൻ ശ്രമിക്കുന്നുമുണ്ട്. അത്തരം ശ്രമങ്ങളുടെ പുതിയ അധ്യായമാണ് നക്കാവ മുന്നോട്ടു വയ്ക്കുന്നത്.

നക്കാവയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയാൽ് വിവരമറിയും. ഇവിടെ ഭൂരിഭാഗം കച്ചവടക്കാരും സ്ത്രീകളാണ്. ഭൂഗോളത്തിൽ പലയിടത്തുമെന്നപോലെ ഇവിടെയുമുണ്ടായിരുന്നു പ്രശ്നക്കാരായ ചില പുരുഷന്മാർ. സാധനങ്ങൾ വാങ്ങാനെന്ന മട്ടിൽ എത്തി സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവർ മറ്റുള്ള കച്ചവടക്കാർക്കും മറ്റു പുരുഷ ഉപഭോക്താക്കൾക്കും അടക്കം തലവേദനയായതോടെയാണ് നക്കാവ മാറിച്ചിന്തിച്ചു തുടങ്ങിയതെന്ന് ‘ദ് ഗാർഡിയൻ’ അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങൾ പറയുന്നു.

മാർക്കറ്റിലെ സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുക, നോട്ടംകൊണ്ടും വാക്കുകൊണ്ടും അപമാനിക്കുക എന്നിങ്ങനെ തങ്ങള്‍ക്കിഷ്ടമുള്ള എന്തും ചെയ്യുന്നവരായിരുന്നു അവിടെയുള്ള പൂവാലന്മാർ. അടുത്തിടെ മാര്‍ക്കറ്റിലെ സ്ത്രീകള്‍ സംഘടിച്ചതോടെ അവര്‍ മര്യാദക്കാരായി. അല്ലെങ്കില്‍ അവര്‍ വിവരമറിയും എന്നതാണ് സ്ഥിതി. 

‘ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷന്‍’ എന്ന, സ്ത്രീകള്‍ക്കുവേണ്ടിയുള്ള സംഘടന സജീവമായതോടെയാണ് നക്കാവയിൽ മാറ്റത്തിന്റെ വെളിച്ചം നിറഞ്ഞത്. ചന്തയില്‍ വരുന്നവര്‍ എങ്ങനെ പെരുമാറണമെന്ന് ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കിയിട്ടുണ്ട് സംഘടന. ഏഴു മേഖലകളായി തിരിച്ചിരിക്കുകയാണ് നക്കാവ മാര്‍ക്കറ്റ്. ഓരോന്നിലും 40 വിഭാഗങ്ങള്‍ വീതം. ഓരോ വിഭാഗത്തിന്റെയും കാര്യങ്ങള്‍ നോക്കാന്‍ ഒരു സ്ത്രീപ്രതിനിധി വീതമുണ്ട്. അപമര്യാദയായ പെരുമാറ്റമോ ലൈംഗിക അക്രമമോ ഉണ്ടായാല്‍ ഇവരെയാണ് ആദ്യം വിവരമറിയിക്കേണ്ടത്. പ്രതിനിധികള്‍ സോണ്‍ ലീഡറെ കാര്യങ്ങള്‍ ധരിപ്പിക്കും. അതിനും മുകളില്‍ അച്ചടക്ക സമിതിയുമുണ്ട്. 

അക്രമിയെ പിടിച്ചാല്‍ ആദ്യം പിഴ ശിക്ഷയാണ്. 10 മുതല്‍ 20 യുഗാണ്ടൻ ഷില്ലിങ് വരെയാണ് പിഴ ഒടുക്കേണ്ടത്. തെറ്റ് ആവര്‍ത്തിച്ചാല്‍ ഒരു മാസത്തേക്ക് മാര്‍ക്കറ്റില്‍നിന്നു പുറത്താക്കും. ഒരിക്കല്‍ക്കൂടി പിടിക്കപ്പെട്ടാല്‍ ആജീവനാന്തം പുറത്താക്കലും. ശല്യക്കാരായ പുരുഷന്‍മാര്‍ ഇതേത്തുടര്‍ന്ന് ഇപ്പോള്‍ മാര്‍ക്കറ്റില്‍ സൂക്ഷിച്ചാണ് വരുന്നതെന്നു പറയുന്നു പല യുവതികളായ കച്ചവടക്കാരും.

നക്കാവയിൽ പഴക്കട നടത്തുകയാണ് ബാഗുമ എന്ന യുവതി. ചന്തയിലോ കടയിലോ എത്തി പുരുഷന്‍മാര്‍ അപമര്യാദയായി പെരുമാറിയില്‍ അവര്‍ക്ക് കടുത്ത ശിക്ഷ കൊടുക്കുമെന്നു പറയുന്നു ബാഗുമ. അതുകൊണ്ടും നിന്നില്ലെങ്കില്‍ അവരെ ചന്തയില്‍നിന്നു തന്നെ പുറത്താക്കും. ഒരുതരം നാടുകടത്തല്‍. ഏഴായിരത്തോളം സ്ത്രീകള്‍ നക്കാവയിൽ ജോലി ചെയ്യുന്നുണ്ട്. അവരുടെ പ്രതിനിധികളില്‍ ഒരാളാണ് ബാഗുമ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA