ADVERTISEMENT

ബംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ വൃത്തിഹീനമായ ശുചിമുറിയെക്കുറിച്ച് ഇന്ത്യയുടെ മുൻവിദേശകാര്യ സെക്രട്ടറി നിരുപമ റാവു കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ബംഗളൂരുവിലെ കെംപെ ഗൗഡ വിമാനത്താവളത്തിലെ ശുചിമുറിയിലെ ശോച്യാവസ്ഥയെക്കുറിച്ചും ശുചിമുറിയിലെ തകർന്നു കിടക്കുന്ന വസ്തുക്കളെക്കുറിച്ചും ചിത്രങ്ങൾ സഹിതമാണ് നിരുപമ ട്വീറ്റ് ചെയ്തത്. ബെംഗളൂരു വിമാനത്താവളത്തിന്റെ ഒഫിഷ്യൽ ട്വിറ്റർ അക്കൗണ്ടിനെ ടാഗ് ചെയ്തുകൊണ്ടാണ് നിരുപമ ട്വീറ്റ് ചെയ്തത്.

അടർന്നുമാറിയ ഫിറ്റിങ്ങ്സുകളുടെയും നിറഞ്ഞു കവിഞ്ഞ മാലിന്യപ്പെട്ടിയുടെയും ചിത്രങ്ങളാണ് നിരുപമ പങ്കുവച്ചത്. 'രാജ്യാന്തര എയർപോർട്ട് ലോഞ്ചിലെ ശുചിമുറിയുടെ അവസ്ഥ ദയവുചെയ്തു പരിശോധിക്കൂ. വൃത്തിഹീനവും വളരെ മോശവുമാണ്. തകർന്ന ഫിറ്റിങ്ങുകളും നിറഞ്ഞു കവിഞ്ഞ മാലിന്യക്കൊട്ടയും. എവിടെയാണ് സ്വച്ഛഭാരതം' എന്ന അടിക്കുറിപ്പോടെയാണ് നിരുപമ ശുചിമുറിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

നിരുപമയുടെ ട്വീറ്റ് ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ ബംഗളൂരു എയർപോർട്ട് അധികൃതര്‍ മറുപടി നൽകി. സംഭവം  ബന്ധപ്പെട്ട വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഉടൻ തന്നെ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നുമായിരുന്നു അവരുടെ മറുപടി.

ബംഗളൂരു അധികൃതരുടെ റീ ട്വീറ്റ് ഇങ്ങനെ :-

'' ഹലോ മിസിസ് റാവു, ഇങ്ങനെയൊരു കാര്യം ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയതിനു നന്ദി. ബിഎൽആർ ലോഞ്ചിൽ വച്ച് നിങ്ങൾക്കുണ്ടായ അസൗകര്യത്തിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ബന്ധപ്പെട്ട വിഭാഗത്തിന് ഞങ്ങൾ വിവരം കൈമാറിയിട്ടുണ്ട്. അവർ ഉടൻ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു''.

മണിക്കൂറുകൾക്കകം എയർപോർട്ട് അധികൃതരുടെ ഒരു സചിത്ര റീ ട്വീറ്റ് നിരുപമയ്ക്ക് ലഭിച്ചു. പുതിയ ഫിറ്റിങ്സുകൾ പിടിപ്പിച്ച വൃത്തിയുള്ള ശുചിമുറിയുടെ ചിത്രങ്ങൾക്കൊപ്പം എയർപോർട്ട് അധികൃതർ കുറിച്ചതിങ്ങനെ :-

'' ഹലോ മിസിസ് റാവു, ഞങ്ങളുടെ ടീം അംഗങ്ങൾ ആ പ്രശ്നത്തിനുള്ള പരിഹാരം കണ്ടെത്തിയ കാര്യം സന്തോഷത്തോടെ അറിയിക്കട്ടെ. നല്ല ഒരു ദിനം ആശംസിക്കുന്നു.

തന്റെ ട്വീറ്റ് കണ്ട് വളരെവേഗം തന്നെ പ്രശ്നം പരിഹരിച്ച എയർപോർട്ട് അധികൃതർക്ക് നന്ദി പറയാൻ നിരുപമ മറന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com