sections
MORE

15–ാം വയസ്സിൽ വീടിനുപുറത്ത്, അരാജക ജീവിതം; രണ്ടാം പകുതിയിൽ പ്രശസ്തി; ലൂയിസ് പഠിപ്പിച്ചത്

Louise Hay
ലൂയിസ് ഹേ
SHARE

ദരിദ്രയായ ഒരു വീട്ട് ജോലിക്കാരിയുടെ മകളാണ് ലൂയിസ്. കുട്ടിക്കാലത്തുതന്നെ മാനഭംഗത്തിന് ഇരയായവൾ. 15 വയസ്സിൽ വീട് വിട്ടിറങ്ങേണ്ടി വന്നവൾ, ഹോട്ടലുകളിലും, ബാറിലും പണിയെടുത്തവൾ , സ്കൂളിന്റെ പടി പകുതി വഴി ഇറങ്ങിയവൾ, അവിഹിത ഗർഭം ധരിച്ച് പ്രസവിച്ചവൾ, സ്വന്തം കുഞിനെ മറ്റൊരാൾക്ക് ദത്ത് നൽകേണ്ടി വന്നവൾ, വിവാഹം കഴിച്ച ആളിൽ നിന്നും കൊടിയ ചതിയും വഞ്ചനയും  നേരിടേണ്ടി വന്നവൾ. ജീവിതത്തിന്റെ രണ്ടാം പാതി ലൂയിസിന്  സന്തോഷം, സമാധാനം, സമ്പത്ത്  തുടങ്ങിയവ നൽകി അദ്ഭുതപ്പെടുത്തി.  ലൂയിസ്  ആകെ ചെയ്തത് ചില തിരുത്തലുകൾ മാത്രമായിരുന്നു, ചിന്തകളിലുള്ള തിരുത്തലുകൾ. 

'ശക്തി നിങ്ങൾക്കുള്ളിൽത്തന്നെയുണ്ട്'. ഇതൊരു പുസ്തകത്തിന്റെ  പേരാണ്. എഴുതിയ ആളിന്റെ പേര് ലൂയിസ് എൽ ഹേ , ആ  അമേരിക്കക്കാരി ഇന്ന് ജീവിച്ചിരിപ്പില്ല.  അമേരിക്കയിൽ പലയിടത്തായി അവർ സ്ഥാപിച്ച ഹേ ക്ലബുകൾ ഇന്നും സജീവമാണ്. ലൂയിസിന്റെ അഭിപ്രായത്തിൽ നമ്മുടെ മനസ്സും പ്രാപഞ്ചിക ശക്തിയും തമ്മിൽ ബന്ധപ്പെട്ടുകിടക്കുന്നു.  മറ്റൊരു രീതിയിൽ പറഞ്ഞാൽ നമ്മുടെ ചിന്ത തന്നെയാണ് അനുഭവങ്ങളായി മാറുന്നത്. 

ലൂയിസിന്റെ പ്രമാണങ്ങളിൽ ചിലത് ഇവയാണ്. പക്ഷേ ഇതു മാത്രമല്ല ലൂയിസ് എന്ന് കൂടി പറയട്ടെ.

1 ജീവിതം വളരെ ലളിതമാണ്. നമ്മൾ എന്തു കൊടുക്കുന്നുവോ അത് തിരിച്ചുകിട്ടും. ചിന്തകളും വാക്കുമാണ് നമ്മുടെ മുന്നോട്ടുള്ള വഴി നിശ്ചയിക്കുന്നത്.

2. നമ്മുടെ ചിന്തകൾ അതുപോലെ തന്നെ നമ്മുടെ ഉപബോധമനസ്സ് സ്വീകരിക്കും. ഉദാഹരണത്തിന് ഒരു പരാജയമാണ്  എന്നുമാത്രം ചിന്തിക്കുന്ന ഒരാളെ മറ്റുള്ളവർക്കും  പരാജയമായി മാത്രമേ കാണാൻ പറ്റുകയുള്ളൂ.

3. കുട്ടിക്കാലത്ത്  ഉണ്ടായ ചില മോശം അനുഭവങ്ങൾ ജീവിതകാലം മുഴുവൻ ഓർത്ത് വേദനിക്കുന്നവരോട് ലൂയിസ് പറയുന്നു. " അത് ഭൂതകാലമാണ്. എന്നോ മരിച്ചുപോയ ആ അനുഭവം ഇന്ന് ജീവിക്കുന്നത് ചിന്തകളിൽ മാത്രം.   അതിനെ ഒഴിവാക്കി പകരം ആ  വെള്ളവും  വളവും നല്ല ചിന്തകൾക്ക് കൊടുക്കൂ, അവ നല്ല അനുഭവങ്ങൾ മടക്കിത്തരും. 

4. സ്വയം ഒരിക്കലും വെറുക്കരുത് , മറ്റുള്ളവർക്ക് മാപ്പ്  െകാടുക്കുന്നതുപോലെ അവനവനും മാപ്പ് കൊടുക്കണം. 

ലോകത്തിലെ മിക്ക മനുഷ്യരും ഉള്ളിന്റെ ഉള്ളിൽ അവനവനെ കുറിച്ച് മതിപ്പില്ലാത്തവരാണ്. അവനവെനെ അംഗീകരിക്കുകയും  സ്നേഹിക്കുകയും ചെയ്യാത്ത ഒരാൾക്ക് എങനെ മറ്റൊരാളെ അംഗീകരിക്കാനും സ്നേഹിക്കാനും കഴിയും ? ലൂയിസിന്റെ സംശയം. 

നിസ്സഹായായ  ഇരയുടെ കുപ്പായമിട്ട് ജീവിക്കുന്ന ഒരാൾക്ക് തന്റെ ഉള്ളിലെ ശക്തിയെ ഒരിക്കലും തിരിച്ചറിയാൻ പറ്റില്ല. നിങ്ങളുടെ ഉള്ളിലെ മാലിന്യങ്ങളെ ആത്മീയതയുടെ  പുതപ്പിട്ട് തൽക്കാലേത്തേക്ക് മൂടണം എന്നല്ല അവർ പറയുന്നത്.  വളർച്ച ആന്തരികമായിരിക്കണം. കാൻസർ  തന്നെ ബാധിച്ചു എന്നറിഞ്ഞ നേരം  താൻ ഒരു തീരുമാനമെടുത്തു എന്ന് ലൂയിസ്. ആരെക്കുറിച്ചും  മോശമായി ഒരു വാക്കും പറയില്ല എന്നതായിരുന്നു അത്. നമ്മൾ മറ്റുള്ളവരെക്കുറിച്ച് കുറ്റം പറയുമ്പോൾ അത് യഥാർഥത്തിൽ നമ്മെക്കുറിച്ചു തന്നെയല്ലെ പറയുന്നത്. നമ്മളെല്ലാവരും പ്രാപഞ്ചിക ശക്തിയാൽ ആന്തരികമായി ബന്ധിപ്പിക്കപ്പെട്ടവരെല്ലെ ? 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA