ADVERTISEMENT

തടിച്ച ശരീരപ്രകൃതിയുള്ള സ്ത്രീയെ പരിഹസിച്ച് സംസാരിച്ച് വിവാദം സൃഷ്ടിച്ച മാധ്യമപ്രവർത്തകയ്ക്ക് വിലക്ക്. ഈജിപ്റ്റിലെ ടെലിവിഷൻ അവതാരകയായ റേഹം സയീദിനെയാണ് ഒരു വർഷം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിന് വിലക്ക് കൽപിച്ചിരിക്കുന്നത്. 

'' അമിത വണ്ണമുള്ളവർ മരിക്കേണ്ടവരാണ്. ശരീരത്തിന് തടിയുണ്ടെങ്കിൽ സ്ത്രീത്വം തന്ന നഷ്ടമാകും. സ്വന്തം കുടുംബത്തിനും സംസ്ഥാനത്തിനും തന്നെ ഭാരമായ അവരെ കാണുന്നത് കണ്ണിനുപോലും വെറുപ്പുണ്ടാക്കും'' എന്നായിരുന്നു അവതാരകയുടെ വിവാദ പരാമർശം. സമൂഹമാധ്യമങ്ങൾ വിഷയം ഏറ്റെടുത്തതോടെ ഏറെ വിമർശനങ്ങളാണ് റേഹത്തിന് നേരിടേണ്ടി വന്നത്. റേഹത്തിന്റെ ബോഡിഷെയിമിങ് പരാമർശത്തെ വിമർശിച്ചുകൊണ്ട് ലെബനീസ് അവതാരകയായ റാബിയ സയ്യദ് പറഞ്ഞതിങ്ങനെ. :-

'' ഈ സ്ത്രീയുടെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത് അഹങ്കാരവും അവഗണനയുമാണ്. ഒരിക്കലും സുഖപ്പെടുത്താനാവാത്ത രോഗമാണത്. മാധ്യമമേഖലയിൽ നിന്നുള്ള ഏറ്റവും അപകടകരമായ ഉദാഹരണമാണിത്''. ലോകമെമ്പാടുനിന്നും വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ താൻ ജോലിവിടുകയാണെന്ന് റേഹം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ഇത് ആദ്യമായല്ല റേഹത്തിന്റെ പേര് വിവാദങ്ങളിൽപ്പെട്ടത്. 2015 ൽ ഒരു സ്ത്രീയെ കുറ്റപ്പെടുത്തിയ വിഷയത്തിലും റേഹം ഏറെ പഴികേട്ടിരുന്നു. മാന്യമല്ലാത്ത രീതിയിൽ വസ്ത്രം ധരിച്ചുവെന്നാരോപിച്ച് ഒരു സ്ത്രീയെ ഒരാൾ ലൈംഗികമായി ആക്രമിക്കുകയും ശാരീരികമായി മർദ്ദിക്കുകയും സ്വിം സ്യൂട്ട് ധരിച്ചു നിൽക്കുന്ന അവരുടെ ചിത്രം പ്രചരിപ്പിച്ചതിന്റെ പേരിലായിരുന്നു ആ വിവാദ പരാമർശം.

നാഷണൽ കൗൺസിൽ ഫോർ വുമൺ ഇവർക്കെതിരെ കേസെടുക്കുകയും ഇവരെ 12 മാസം ജോലിയിൽ നിന്ന് വിലക്ക് കൽപിച്ചതായി സുപ്രീം കൗൺസിൽ ഓഫ് മീഡിയ റെഗുലേഷൻ ഉത്തരവിടുകയും ചെയ്തു. ഈജിപ്ഷ്യൻ സ്ത്രീയെ അപമാനിച്ചതിന്റെ പേരിലും ഔദ്യോഗിക നിലവാരം പുലർത്താതിന്റെ പേരിലുമാണ് നടപടി.

എന്നാൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമകൾക്കെതിരെ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ല എന്നതിന്റെ പേരിൽ പോയ വർഷങ്ങളിൽ നാഷണൽ കൗൺസിൽ ഫോർ വുമൺ വിമർശിക്കപ്പെട്ടിട്ടുണ്ട്. 2018 ൽ  ഫോൺ കോൾ വഴിയും ഓൺലൈൻ വഴിയും വന്ന 95 ശതമാനത്തോളം പരാതികൾ അവഗണിക്കപ്പെട്ടിട്ടുണ്ടെന്ന് ഈജിപ്ഷ്യൻ ജേണൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ലൈംഗിക അതിക്രമണങ്ങളെക്കുറിച്ചുള്ള പരാതികളോട് ഫലപ്രദമായ രീതിയിൽ പ്രതികരിക്കാത്തതിന്റെ പേരിൽ പലപ്പോഴും അധികൃതരുടെ പക്കൽ നിന്ന് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. 2014 ൽ നിലവിൽ വന്ന നിയമമനുസരിച്ച് ലൈംഗിക അതിക്രമം 5 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്. പക്ഷേ നടപ്പിലാകുന്നത് അപൂർവമാണെന്നു മാത്രം.

ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയുന്ന സ്ത്രീകളെ അധികൃതർ ശിക്ഷിക്കാറുണ്ട്. ലൈംഗികഅതിക്രമത്തെക്കുറിച്ചുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ 2018 ൽ അമൽ ഫാത്തി എന്ന യുവതിയ്ക്ക് ജയിൽ ശിക്ഷ ലഭിച്ചിട്ടുണ്ട്.‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com