ADVERTISEMENT

അതിവേഗത്തിലെടുക്കുന്ന ബുദ്ധിപരമായ തീരുമാനങ്ങൾ ചിലപ്പോൾ ജീവിതം തന്നെ മാറ്റി മറിച്ചേക്കാം. ഞൊടിയിടയിലെടുത്ത ധീരമായ തീരുമാനം കൊണ്ട് സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുകയാണ് ഒരു സ്ത്രീ. ഡൽഹിയിലാണ് സംഭവം. ബൈക്കിലെത്തി തന്റെ മാലപൊട്ടിച്ച് കടന്നു കളയാൻ ശ്രമിച്ച യുവാക്കളെ ധീരമായി നേരിടുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ കണ്ടാണ് അവരുടെ ധീരതയെ വെർച്വൽ ലോകം അഭിനന്ദിക്കുന്നത്.

ആഗസ്റ്റ് 30 ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് ആളുകൾ സ്ത്രീയെ അഭിനന്ദിച്ചുകൊണ്ട് പ്രതികരിക്കാൻ ആരംഭിച്ചത്. ഒരു പെൺകുട്ടിയോടൊപ്പം റിക്ഷയിലാണ് നൻഗോളി തെരുവിൽ സ്ത്രീ എത്തിയത്. റിക്ഷാ ഡ്രൈവർക്ക് പണംകൊടുത്ത ശേഷം ഒപ്പമുള്ള പെൺകുട്ടിക്കൊപ്പം റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോഴാണ് രണ്ട്പേർ ബൈക്കിൽ വന്ന് സ്ത്രീയെ കടന്നു പോയത്. പോകുന്ന പോക്കിൽ ബൈക്കിനു പിന്നിലിരുന്നയാൾ സ്ത്രീയുടെ മാലപൊട്ടിച്ചെടുത്തു.

ഒരു നിമിഷം പോലും ചിന്തിച്ചു പാഴാക്കാതെ സ്ത്രീ മോഷ്ടാക്കളെ പിന്തുടർന്നു മോഷ്ടാവിന്റെ ഷർട്ടിന്റെ കോളറിൽ പിടുത്തമിട്ട് അയാളെ റോഡിലേക്ക് വലിച്ചിട്ടു. ഈ സമയം ബൈക്കിന്റെ ബാലൻസ് നഷ്ടപ്പെട്ട് ബൈക്ക് ഓടിച്ചിരുന്നയാളും നിലത്തു വീണു. ബഹളം കേട്ടെത്തിയ മറ്റു വഴിയാത്രക്കാരും സമീപവാസികളും യുവാവിനെ നന്നായിത്തന്നെ കൈകാര്യം ചെയ്തു. ഈ സമയം ബൈക്ക് ഓടിച്ചിരുന്ന മോഷ്ടാവ് ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും വഴിപോക്കർ അയാളെ പിടികൂടുന്നതും അയാൾ കുതറിയോടാൻ ശ്രമിക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഈ ദൃശ്യങ്ങൾ ട്വിറ്ററിൽ ട്വീറ്റ് ചെയ്യപ്പെട്ടതോടെയാണ് സ്ത്രീയുടെ ധൈര്യത്തെ അഭിനന്ദിച്ചുകൊണ്ട് പലരും പ്രതികരിച്ചതും ആ ദൃശ്യങ്ങൾ വീണ്ടും പങ്കുവയ്ക്കപ്പെട്ടതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com