ADVERTISEMENT

ആക്ഷേപങ്ങളും പരിഹാസങ്ങളും സമ്മാനിച്ച വേദനകൾക്കൊടുവിൽ ഗർഭത്തിലുണ്ടായിരുന്ന കുഞ്ഞിനെക്കൂടി നഷ്ടപ്പെട്ട ദുരനുഭവം പങ്കുവയ്ക്കുകയാണ് ടെലിവിഷൻ അവതാരകയായ ജുഗൻ കാസിം. സമൂഹമാധ്യമങ്ങളിലെഴുതിയ ഹൃദയസ്പർശിയായ കുറിപ്പിലൂടെയാണ് ജുഗൻ തന്റെ സ്വകാര്യജീവിതത്തിലുണ്ടായ വലിയൊരു വേദനയെക്കുറിച്ച് പങ്കുവച്ചത്.

പാക്ക് ടെലിവിഷൻ താരമായ 39 വയസ്സുകാരി ജുഗൻ തന്റെ ദുരനുഭവത്തെക്കുറിച്ച് കുറിച്ചതിങ്ങനെ :-

'' കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഞാൻ ഗർഭിണിയായിരുന്നു. അതുകൊണ്ടാകണം എന്റെ ശരീരഭാരവും പെട്ടന്ന് വർധിച്ചുകൊണ്ടിരുന്നു. എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്താണെന്നു വച്ചാൽ ആ സമയത്തൊക്കെ ആളുകൾ ശരീരഭാരത്തിന്റെ പേരിൽ എന്നെ വല്ലാതെ പരിഹസിച്ചിരുന്നു. സ്ത്രീകളുൾപ്പടെയുള്ളവരുടെ പരിഹാസങ്ങൾ അതിരുവിട്ടപ്പോൾ ഗർഭിണിയാണെന്ന കാര്യം തുറന്നു പറഞ്ഞാലോ എന്നുവരെ ഞാൻ ചിന്തിച്ചിരുന്നു. പക്ഷേ ഗർഭകാലം സങ്കീർണ്ണമാണെന്ന ഡോക്ടർമാരുടെ മുന്നറിയിപ്പുണ്ടായിരുന്നതിനാലാണ് അക്കാര്യം അപ്പോൾ തുറന്നു പറയാതിരുന്നത്''.

ഗർഭത്തിലുണ്ടായിരുന്ന കുഞ്ഞിനെ നഷ്ടപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ജുഗൻ വിശദീകരിച്ചതിങ്ങനെ :-

'' കഴിഞ്ഞാഴ്ച എന്റെ ഗർഭത്തിലുണ്ടായിരുന്ന കുഞ്ഞിനെ എനിക്ക് നഷ്ടപ്പെട്ടു. ഡോക്ടർമാർ എന്നോടു പറഞ്ഞത് സ്ഥിതി അൽപ്പം ഗുരുതരമാണെന്നാണ്. ആന്തരിക രക്തസ്രാവം വല്ലാതെ കൂടിയിരുന്നു. ഒരു ദിവസം മുഴുവനിരുന്ന് എന്റെ സങ്കടം കരഞ്ഞു തീർത്ത് പിറ്റേന്നു തന്നെ ഞാൻ ജോലിക്കു വന്നു തുടങ്ങി.അതല്ലാതെ എനിക്ക് എന്തു ചെയ്യാൻ കഴിയും. ജോലിയിൽ തിരികെ പ്രവേശിച്ച അന്നുമുതൽ വീണ്ടും ഞാൻ ബോഡിഷെയിമിങ്ങിന് ഇരയായി. ഞാൻ അപ്പോൾ കൂടുതൽ ആരോഗ്യവതിയായിരിക്കുന്നു എന്നായിരുന്നു ചിലർ പറഞ്ഞത്''.

ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ ഒരു ഘട്ടത്തിലൂടെ കടന്നു പോകേണ്ടി വന്നപ്പോൾ പോലും മറ്റുള്ളവരാൽ പരിഹസിക്കപ്പെട്ടപ്പോൾ, ഇതിനു സമാനമായ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകാതിരിക്കാനായി ബോധവൽക്കരണം നടത്താൻ തന്നെ ജുഗൻ ഉറച്ചു. മറ്റുള്ളവരെ പരിഹസിക്കാൻ കാരണം തേടിനടക്കുന്നവരോട് ജുഗന് പറയാനുള്ളതിതാണ് :-

'' തടിച്ച ശരീരപ്രകൃതിയുടെ പേരിൽ ആളുകളെ പരിഹസിക്കുന്ന സ്വഭാവം അവസാനിപ്പിക്കണം. അമിതവണ്ണമുള്ളവർക്ക് അവരുടെ വണ്ണത്തെക്കുറിച്ച് സ്വയം നല്ല ബോധ്യമുണ്ടാകും. ഒരാളുടെ വണ്ണം കൂടുന്നതിന് പല കാരണങ്ങളുണ്ടായേക്കാം.ചിലർ ആഗ്രഹങ്ങൾ കൊണ്ട് വണ്ണം വയ്ക്കുന്നതാവാം. ചിലർ അല്ലാതെയുമാകാം. നല്ല ലൈഫ് സ്റ്റൈൽ പിന്തുടരാൻ ചിലർക്ക് മറ്റുള്ളവരുടെ പ്രചേദനം ആവശ്യമായെന്നു വരാം. ആരുടെയെങ്കിലുമൊക്കെ അമ്മയും സഹോദരിയുമൊക്കെയാകാം അവർ. അതുകൊണ്ട് ദയവു ചെയ്ത് അവരുടെ ശരീരത്തെക്കുറിച്ച് നിങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് അവരോട് പറയരുത്. ജീവിതം വളരെ ചെറുതാണ്. മറ്റുള്ളവരോട് ദയയുള്ളവരായി പെരുമാറാൻ ശ്രമിക്കണം''. ഫൈസലാണ് ജുഗന്റെ ഭർത്താവ്. അവർക്ക് ഹസൻ എന്നു പേരുള്ള ഒരു മകനുമുണ്ട്. ആദ്യവിവാഹബന്ധത്തിൽ ഹംസ എന്നൊരു മകൻ കൂടി ജുഗനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com