sections
MORE

തടിച്ചിയെന്നു പരിഹസിച്ചവർക്കു മുന്നിൽ പേളി ചെയ്തത്; ഒപ്പം നിന്ന് ആ അമ്മയും

Nicole Whippy's daughter Pearl speaks out about being body-shamed
നിക്കോൾ വിപ്പി മകൾക്കൊപ്പം
SHARE

‘അന്നെനിക്ക് ഏഴു വയസ്സ്. സ്കൂളിലെത്തിയതിന്റെ മൂന്നാം വര്‍ഷം. കൂട്ടുകാര്‍ക്കൊപ്പം സന്തോഷത്തോടെ ഞാന്‍ കളിക്കളത്തിലേക്കു നടക്കുകയായിരുന്നു. ഞങ്ങള്‍ക്കെതിരെ കുറച്ച് ആണ്‍കുട്ടികള്‍ നടന്നുവരുന്നതു കണ്ടു. അടുത്തെത്തിയപ്പോള്‍ അവര്‍ നിന്നു. അതിലൊരുവന്‍ എന്നെ ചൂണ്ടിപ്പറഞ്ഞു: കണ്ടോ ആ തടിച്ചിയെ കണ്ടോ..’ 

ഒരു പത്തുവയസ്സുകാരിയുടെ കവിതയാണിത്. ഭാവനയോ സ്വപ്നമോ വിചാരമോ അല്ല; ഉള്ളില്‍ത്തട്ടി എഴുതിയ, സഹനത്തിന്റെ ചൂടുള്ള നേരനുഭവം. പേള്‍ ഹോള്‍ഡന്‍ എന്നാണ് അവളുടെ പേര്. ന്യൂസീലന്‍ഡ് നടി നിക്കോള്‍ വിപ്പിയുടെ മകള്‍. ഏഴാം വയസ്സില്‍ തന്നെ ഉലച്ച, ജീവിതത്തെത്തന്നെ മാറ്റിമറിച്ച അനുഭവത്തെക്കുറിച്ചു മനംനൊന്ത് എഴുതിയ കവിത പേള്‍ പാടുന്നുമുണ്ട്.

ഓരോ വാക്കിലും സങ്കടമൊതുക്കി, ഓരോ വരിയും ഒരു കരച്ചില്‍പോലെ, ശരീരത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ട മുഴുവന്‍ പേര്‍ക്കും ഐക്യദാര്‍ഢ്യവുമായി, ഷെവലിയര്‍ സ്കൂളില്‍ തന്റെ ക്ലാസ്സിലെ മറ്റു കുട്ടികള്‍ക്കും തന്നെ അപമാനിച്ചവര്‍ക്കും മുന്നില്‍ പേള്‍ കവിത ചൊല്ലി. ലോകത്ത് ഇനിയൊരിക്കലും ഒരു കുട്ടിയും സ്വന്തം ശരീരത്തെക്കുറിച്ചു ചിന്തിച്ച് ഉറങ്ങാതിരിക്കരുത് എന്ന തീവ്രമായ ആഗ്രഹവുമായി.

‘അന്നു മുതല്‍ ഞാന്‍ ശരീരം ശ്രദ്ധിക്കാന്‍ തുടങ്ങി. 

എങ്ങനെ മെലിയാമെന്നു പഠിക്കാനും തുടങ്ങി. 

മറന്നിട്ടില്ല, ഞാനൊരിക്കലും മറക്കുകയുമില്ല; 

അന്നു നിങ്ങള്‍ എന്നെ അപമാനിച്ചതിനെക്കുറിച്ച്’ 

– പേളിന്റെ കവിത തുടരുന്നു. 

മൂത്തമകള്‍ പേളിനെക്കുറിച്ച് തനിക്ക് അഭിമാനമാണുള്ളതെന്നു നിക്കോള്‍ വിപ്പി പറയുന്നു. ‘മകള്‍ എന്നെത്തന്നെ അദ്ഭുതപ്പെടുത്തി. അവളുടെ സ്ഥാനത്ത് മറ്റേതെങ്കിലും കുട്ടിയായിരുന്നെങ്കില്‍ അന്നുതന്നെ തകര്‍ന്നു പോകുമായിരുന്നു. അവള്‍ക്കതു സംഭവിച്ചില്ലല്ലോ. അവള്‍ ഉയിര്‍ത്തെഴുന്നേറ്റു. എനിക്കും സന്തോഷം’ - വിപ്പിയുടെ വാക്കുകളില്‍ വാത്സല്യത്തേക്കാളേറെ അഭിമാനം. ‘അപമാനിക്കപ്പെട്ടെങ്കിലും സ്വയം ആവിഷ്ക്കരിക്കാന്‍ ഞങ്ങളവള്‍ക്ക് അനുവാദം കൊടുത്തു. അതിന്റെ ഫലമായാണ് അവള്‍ എഴുതുന്നത്. മികച്ച എഴുത്തുകാരിയാണവള്‍’- വിപ്പി പറയുന്നു. 

നാടകാഭിനയം പഠിപ്പിക്കുന്ന അധ്യാപിക കൂടിയാണ് വിപ്പി. വാക്കുകള്‍ അടുക്കിവച്ച് എങ്ങനെ കവിതയെഴുതാമെന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ട് അവർ. ‘പ്രസംഗത്തിന് ഒരു ഘടനയുണ്ട്. അതില്‍ നിറയുന്നതു യാഥാര്‍ഥ്യങ്ങളാണ്. കവിത അങ്ങനെയല്ല. ഗദ്യകവിത. അവിടെ നിങ്ങള്‍ നിങ്ങളെക്കുറിച്ചുതന്നെയാണ് പറയുന്നത്. നിങ്ങളെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്കുതന്നെ പറയാനറിയാമെങ്കില്‍ അതാണു വേണ്ടത്. അതാണു കവിത’- വിപ്പി പറയുന്നു. 

ശരീരത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടതിനെക്കുറിച്ച് നിനക്കു പറയാനുണ്ടോ. ഉണ്ടെങ്കില്‍ നീ എഴുതൂ. – ഇതു മാത്രമാണ് താന്‍ മകളോടു പറഞ്ഞതെന്നും വിപ്പി സാക്ഷ്യപ്പെടുത്തുന്നു. സ്കൂളില്‍ സഹവിദ്യാര്‍ഥികള്‍ക്കു മുന്നില്‍ പേള്‍ കവിത ചൊല്ലിയതിനെക്കുറിച്ചു വിപ്പി സമൂഹമാധ്യമത്തില്‍ എഴുതുകയുണ്ടായി. നൂറുകണക്കിനു പേരെയാണ് ആ പോസ്റ്റ് ആകര്‍ഷിച്ചത്. സൗഹൃദത്തോടെയുള്ള പ്രതികരണങ്ങള്‍ മകളെയും സന്തോഷിപ്പിച്ചെന്നാണ് വിപ്പി വിലയിരുത്തുന്നത്. എല്ലാവര്‍ക്കും പറയാനുള്ളതു മെലി‍ഞ്ഞ കുട്ടികളെക്കുറിച്ചാണ്. തടിച്ച കുട്ടികള്‍ എവിടെയും പരിഹാസപാത്രവും. ഇതിനെതിരെയായിരുന്നു പേളിന്റെ കവിത. അതു കുറിക്കുകൊണ്ടെന്നും വിപ്പി പറയുന്നു.

അന്ന് മകള്‍ സ്കൂളില്‍ കവിത ചൊല്ലിയപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നു പറയുന്നു വിപ്പി. ‘ഒരിക്കള്‍ അവളെ പരിഹസിച്ച കുട്ടികള്‍ വീണ്ടും ബഹളമുണ്ടാക്കുമോ എന്നും ഞാന്‍ പേടിച്ചു. ഓരോ നിമിഷവും നെഞ്ചിടിപ്പോടെയാണ് ഞാന്‍ ഇരുന്നത്. തൊട്ടടുത്ത നിമിഷം എന്റെ ഹൃദയം പൊട്ടിപ്പോകുമോ എന്നും ഞാന്‍ പേടിച്ചു. വേദിയില്‍നിന്നു കവിത ചൊല്ലുന്ന മകളോട്, സദസ്സിലിരുന്നു ഞാന്‍ പറഞ്ഞുകൊണ്ടിരുന്നു: പ്രിയപ്പെട്ട പേളീ... എന്റെ ഹൃദയം നിന്നോടൊത്തുണ്ട്. മറ്റെന്നത്തേക്കാളും കൂടുതലായി ഇന്നു ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ലോകത്തിന്റെ പരിഹാസത്തെ അതിജീവിക്കാന്‍ നിനക്കു കരുത്തുണ്ടാകട്ടെ. സ്വന്തം കാലില്‍ത്തന്നെ നീ ഉറച്ചുനില്‍ക്കൂ. നിന്റെ സത്യം ലോകത്തു മാറ്റമുണ്ടാക്കട്ടെ!’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA