sections
MORE

അന്ന് ഭക്ഷണഭ്രാന്ത് പരിഹാസ്യയാക്കി; ഇന്ന് ലോകം ആരാധിക്കുന്ന ജിംനാസ്റ്റിക്സ് താരം

Katelyn Ohashi
കേറ്റ്‍ലിന്‍ ഒഹാഷി
SHARE

മെയ്‍വഴക്കത്തിന്റെ കലയാണ് ജിംനാസ്റ്റിക്സ്. രൂപലാവണ്യത്തിന്റെ പേരില്‍ പലപ്പോഴും പൊതു സമൂഹത്തിന്റെ അദ്ഭുതം കലര്‍ന്ന നോട്ടങ്ങള്‍ക്കു വിധേയരാകാറുണ്ട്  ജിംനാസ്റ്റിക് താരങ്ങള്‍. മല്‍സരങ്ങൾക്കുവേണ്ടി ജിംനാസ്റ്റിക് താരങ്ങള്‍ ഒരുങ്ങുന്നത് കൃത്യമായ ചിട്ടയും പരിശീലനവും നടത്തിയാണ്. വര്‍ഷങ്ങളുടെ കഠിന പരിശീലനവും ആഹാര നിയന്ത്രണവും. കഠിനമായ ചിട്ടകള്‍ ചിലപ്പോഴെങ്കിലും താരങ്ങളില്‍ അസംതൃപ്തി നിറയ്ക്കുന്നു; സ്വന്തം ശരീരത്തെ വെറുക്കുന്ന അപകടകരമായ അവസ്ഥയിലുമെത്തിക്കുന്നു. രൂപത്തികവുള്ള ശരീരം കാത്തുസൂക്ഷിക്കുമ്പോഴും പൂര്‍ണതയുടെ പേരില്‍ അപമാനവും സഹിക്കേണ്ടിവരുന്നു ജിനാസ്റ്റിക് താരങ്ങള്‍ക്ക്. കായിക രംഗത്തെ പൊതുപ്രവണത കൂടിയാണിത്. 

ശരീരത്തിന്റെ പേരില്‍ സഹിക്കേണ്ടിവന്ന ത്യാഗങ്ങള്‍ നന്നായറിയാവുന്ന താരമാണ് ലോകം അറിയുന്ന ജിംനാസ്റ്റ് കേറ്റ്‍ലിന്‍ ഒഹാഷി. നന്നായി കാത്തുസൂക്ഷിച്ച ശരീരത്തിന്റെ പേരില്‍ ബോഡി ഷെയ്മിങ് എന്ന അപമാനത്തിനു വിധേയയായ പെണ്‍കുട്ടി. അടുത്തിടെ ഒരു അഭിമുഖത്തില്‍, താന്‍ സഹിച്ച അപമാനങ്ങളെക്കുറിച്ചും ത്യാഗങ്ങളെക്കുറിച്ചും കേറ്റ്‍ലിന്‍ മനസ്സു തുറന്നു: ശരീരത്തെ ഓരോ വ്യക്തിയും എങ്ങനെ കാത്തുസൂക്ഷിക്കണമെന്ന വിലപ്പെട്ട പാഠം അനുഭവത്തിലൂടെ പഠിപ്പിച്ചുകൊണ്ട്. 

വളരെ ചെറിയ പ്രായത്തിലേ കേറ്റ്‍ലിന്‍ ജിംനാസ്റ്റിക്സില്‍ എത്തി; 12-ാം വയസ്സില്‍. അതോടെ അതു മാത്രമായി കേറ്റ്ലിന്റെ ജീവിതം. ചുറ്റുമുള്ള കുട്ടികളെല്ലാം ഇഷ്ടമുള്ള ആഹാരം കഴിച്ചും ഇഷ്ടപ്പെട്ട വിനോദങ്ങളില്‍ മുഴുകിയും ജീവിക്കുമ്പോഴും നിരന്തര പരിശീലനത്തിലും നിയന്ത്രണങ്ങളിലുമായിരുന്നു കേറ്റ്ലിൻ. ഏറെ പ്രിയപ്പെട്ട വിഭവങ്ങൾ പോലും അവൾക്ക് ഒഴിവാക്കേണ്ടിവന്നു. ശരീരം മൂലമാണല്ലോ ഇതു സഹിക്കേണ്ടി വന്നതെന്ന ചിന്ത സ്വന്തം ശരീരത്തോടുള്ള വെറുപ്പിലേക്കാണ് കേറ്റ്ലിനെ എത്തിച്ചത്. ഭക്ഷണസാധനങ്ങളോടുള്ള കൊതിയുടെ പേരില്‍ പരിഹസിക്കപ്പെട്ടപ്പോഴും വീണ്ടും വീണ്ടും ഇഷ്ടവസ്തുക്കള്‍ കഴിക്കാനാണ് കേറ്റ്ലിന്‍ ആഗ്രഹിച്ചത്. ഇതു പലപ്പോഴും മറ്റുള്ളവരുടെ പരിഹാസവും ക്ഷണിച്ചുവരുത്തി. ഈ അസംതൃപ്തി ഉണ്ടാക്കുന്ന നിരന്തര വിഷാദത്തിന്റെ തടവറയിലായി അവൾ. 

അപമാനങ്ങളെയും പരിഹാസത്തെയും പുറത്തുനിര്‍ത്തി ജിംനാസ്റ്റിക്സില്‍ ഉറച്ചുനില്‍ക്കാനും ആ കായിക മേഖലയെ ഇഷ്ടപ്പെടാനും വലിയ ഒരു പോരാട്ടം തന്നെ നടത്തേണ്ടിവന്നു കേറ്റ്ലിന്. കായികരംഗത്തുമുണ്ട് ബോഡി ഷെയ്മിങ് എന്നറിയപ്പെടുന്ന, ശരീരത്തിന്റെ പേരിലുള്ള തുറിച്ചുനോട്ടവും പരിഹാസവും. ഭക്ഷണവുമായുള്ള അനാരോഗ്യകരമായ ബന്ധവും സ്വന്തം ശരീരത്തോടുള്ള വെറുപ്പും ചെറുപ്പക്കാരായ കായികതാരങ്ങളെ മാനസിക പ്രശ്നങ്ങളിലേക്കു പോലും നയിക്കുന്നുണ്ടെന്നു പറയുന്നു ജേണല്‍ ഓഫ് സ്പോര്‍ട്സ് സയന്‍സ് എന്ന മാസികയിൽ 2017 ൽ വന്ന ഒരു പഠനം. കടുത്ത മല്‍സരങ്ങളുടെ കാലമാകുമ്പോഴേക്കും കായികതാരങ്ങളെ ബാധിക്കുന്ന മാനസിക പിരിമുറുക്കവും ഉച്ചസ്ഥായിയില്‍ എത്തുന്നുണ്ടത്രേ. ആകാംക്ഷയും ഉത്കണ്ഠയും അവരെ കാര്‍ന്നുതിന്നുകയും ചെയ്യുന്നു.

കേറ്റ്ലിന്റെ കാര്യത്തില്‍, കായികരംഗത്തുനിന്നു ലഭിച്ച പിന്തുണയാണ് അസംതൃപ്തികളെ അതിജീവിച്ചു മുന്നോട്ടുപോകാന്‍ സഹായിച്ചത്. നിഷേധ വികാരങ്ങളെ ഒഴിവാക്കിയും പോസ്റ്റീവ് ചിന്തകളെ മനസ്സിന്റെ ഭാഗമാക്കിയും മാത്രമേ ഒരു കായികതാരത്തിനു മുന്നോട്ടുപോകാനാകൂ.‘ ഓരോരുത്തരുടെയും ശരീരങ്ങള്‍ വ്യത്യസ്തമാണ്. ഒരു ശരീരവും പൂര്‍ണമല്ല. കുറ്റങ്ങളുടെയോ കുറവുകളുടെയോ പേരില്‍ ആരും നിരാശപ്പെടേണ്ടതില്ല’- ഒരു അഭിമുഖത്തില്‍ കേറ്റ്ലിന്‍ സഹതാരങ്ങളോടു പറയുന്നു. ‘സ്വന്തം ശരീരവുമായി പൊരുത്തപ്പെടുകയാണ് ഏറ്റവും പ്രധാനം. ലോകവുമായി പൊരുത്തപ്പെടുന്നതിലും പ്രധാനമാണത്. സ്വന്തം ശരീരത്തെ സ്നേഹിക്കൂ.’- കേറ്റ്ലിന്‍ പറയുന്നത് കായികതാരങ്ങളോടു മാത്രമല്ല, അകാരണമായ അസംതൃപ്തികളില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാവരോടുമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA