ADVERTISEMENT

മാവോയിസ്റ്റ് ആക്രമണങ്ങളുടെയും നിരന്തരമായ ഭീഷണിയുടെയും പേരില്‍ വാര്‍ത്തകളില്‍ നിറയാറുള്ള ഒഡിഷയിലെ ഗ്രാമപ്രദേശത്തെ ഗോത്രവര്‍ഗകുടുംബത്തില്‍നിന്ന് ഒരു വൈമാനിക. ഈ മാസമാദ്യം ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ വൈമാനികയായി ചേര്‍ന്ന അനുപ്രിയ മധുമിത ലാര്‍ക എന്ന യുവതിയാണ് അപൂര്‍വ നേട്ടത്തിന് ഉടമയായിരിക്കുന്നത്. മാവോയിസ്റ്റ് ഭീഷണിയുടെ പേരില്‍ കുപ്രസിദ്ധമായ മല്‍കാന്‍ഗ്രി ജില്ലയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ  മകളാണ് അനുപ്രിയ.  ഇന്നും വികസനം എത്തിനോക്കാത്ത, മുഖ്യധാരയിലേക്ക് കടന്നുചെന്നിട്ടില്ലാത്ത ഗ്രാമത്തില്‍നിന്ന് ആകാശത്തിലേക്ക് കുതിച്ചുയര്‍ന്നിരിക്കുന്ന അനുപ്രിയയുടെ പേരില്‍ അഭിമാനം കൊള്ളുകയാണ് മല്‍കാന്‍ഗ്രി ജില്ല; ഒപ്പം പിതാവ് മരിനിയാസ് ലാര്‍കയും മാതാവ് ജിമാജ് യാഷ്മിന്‍ ലാര്‍കയും. 

അനുപ്രിയയെ ഇഷ്ടപ്പെട്ട കോഴ്സില്‍ പഠിക്കാന്‍ വിടാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവന്നു പിതാവ് മരിനിയാസിന്. അദ്ദേഹത്തിന്റെ സാമ്പത്തികശേഷയിൽ നില്‍ക്കുന്നതായിരുന്നില്ല വിദ്യാഭ്യാസച്ചെലവുകള്‍. ബന്ധുക്കളില്‍ നിന്ന് കടം വാങ്ങിയ തുക കൂടി ചെലവഴിച്ചാണ് മകള്‍ക്ക് ആഗ്രഹിച്ച വിദ്യാഭ്യാസം നല്‍കിയതെന്നു പറയുന്നു മരിനിയാസ്. ദരിദ്രമായ ചുറ്റുപാടുകളില്‍ ജീവിക്കുമ്പോഴും മകളെ ഉന്നതങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍നിന്ന് തങ്ങള്‍ തടഞ്ഞിട്ടില്ലെന്നു പറയുന്നു അമ്മ ജിമാജ്. കുട്ടിക്കാലം മുതലേ മികച്ച ജോലിയും കരിയറും സ്വപ്നം കണ്ടതിന്റെ ഫലമാണ് ഇപ്പോഴത്തെ സ്വപ്നനേട്ടം. 

'എന്റെ മകളുടെ കഥ എല്ലാവരും അറിയണം. ഒരു സാധാരണക്കാരിയായ പെണ്‍കുട്ടിക്ക് ഉയരങ്ങളിലെത്താന്‍ കഴിയുമെന്ന അറിവ് എല്ലാവര്‍ക്കും പ്രചോദനമാകട്ടെ. പെണ്‍കുട്ടികളെ ശാപമായല്ലാതെ അനുഗ്രഹമായി കാണാന്‍ സമൂഹത്തിന് ഇനിയെങ്കിലും കഴിയണം'. അനുപ്രിയയുടെ നേട്ടം പെണ്‍കുട്ടികളെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റിമറിക്കണമെന്നും ജിമാജ് ആഗ്രഹിക്കുന്നു. ഭര്‍ത്താവിനും മകനുമൊപ്പം തകര്‍ന്നുവീഴാറായ കൂരയിലാണ് ജിമാജ് താമസിക്കുന്നത്. 

അനുപ്രിയയുടെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നവരില്‍ സംസ്ഥാന മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമുണ്ട്. 

അനുപ്രിയയുടെ നേട്ടം ആഹ്ലാദകരമാണ്. എല്ലാവര്‍ക്കും ഇതു പ്രചോദനമാകട്ടെ എന്നു ഞാന്‍ ആഗ്രഹിക്കുന്നു: മുഖ്യമന്ത്രി സമൂഹമാധ്യമത്തിലൂടെ അനുപ്രിയയ്ക്ക് ആശംസ നേര്‍ന്നു. മല്‍കാന്‍ഗ്രി ജില്ലയില്‍ ഇനിയും റെയില്‍വേ ലൈന്‍ വന്നിട്ടില്ല. അത്തരമൊരു ജില്ലയില്‍നിന്ന് ഒരു പെണ്‍കുട്ടി ഇനി ആകാശവാഹനം നിയന്ത്രിക്കുന്നു എന്ന അറിവു തന്നെ പ്രചോദനമുളവാക്കുന്നതാണെന്ന് ഒഡിഷ ആദിവാസി കല്യാണ്‍ മഹാസംഘ പ്രസിഡന്റ് നിരഞ്ജന്‍ ബിസി പറയുന്നു. 

മല്‍കാന്‍ഗ്രിയില്‍ത്തന്നെ ജനിച്ചുവളര്‍ന്ന അനുപ്രിയ പത്താം ക്ലാസ് വിജയിച്ചതിനുശേഷം അടുത്തുള്ള കോരാപുട് ജില്ലയില്‍നിന്നാണ് പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഭുവനേശ്വറിലെ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളജില്‍ പഠനത്തിനു ചേര്‍ന്നെങ്കിലും ഏതാനും മാസത്തിനുശേഷം വൈമാനികയാകുക എന്ന സ്വപ്നത്തെ പിന്തുടരാന്‍ പെണ്‍കുട്ടി തീരുമാനിച്ചു. അങ്ങനെ എന്‍ജിനിയറിങ് കോളജ് ഉപേക്ഷിച്ച് അനുപ്രിയ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏവിയേഷന്‍ ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. കുടുംബത്തിന് വിദ്യാഭ്യാസ ചെലവുകള്‍ താങ്ങാന്‍ പറ്റാതെ വന്നതോടെ അമ്മാവന്‍മാരും അനുപ്രിയയുടെ സഹായത്തിനെത്തി. അവര്‍കൂടി ലോണെടുത്ത് പണം സമ്പാദിച്ചതിലൂടെയാണ് ഏഴുവര്‍ഷത്തെ ചെലവുകള്‍ അതിജീവിച്ചത്. അനുപ്രിയയുടെ മാതാവ് ജിമാജ് ഇതുവരെ ഒരു വിമാനത്തില്‍ കയറിയിട്ടുമില്ല. 

ഒഡിഷയുടെ മൊത്തം ജനസംഖ്യയില്‍ 22 ശതമാനത്തോളം ഗോത്രവര്‍ഗക്കാരാണ്. മല്‍കാന്‍ഗ്രിയിലാണ് ഗോത്രവര്‍ഗക്കാര്‍ കൂടുതലുള്ളത്. 73 ശതമാനമാണ് സംസ്ഥാനത്തെ സാക്ഷരതയെങ്കിലും ഗോത്രവര്‍ഗക്കാരില്‍ 42 ശതമാനം പേര്‍ മാത്രമാണ് എഴുത്തും വായനയും അറിയാവുന്നവര്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com