ADVERTISEMENT

കരിയറിൽ വമ്പൻ ഹിറ്റുകൾ കൊയ്യുന്ന അവസരത്തിലും ജീവിതത്തിൽ താൻ അനുഭവിച്ച പ്രതിസന്ധിയെക്കുറിച്ച് തുറന്നു പറയുകയാണ് ബോളിവുഡ്താരം ശ്രദ്ധാ കപൂർ. കുറേ നാളുകളായി കാരണമറിയാത്ത ഒരു വേദന തന്നെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ഒടുവിൽ അത് കണ്ടെത്തിയ ശേഷം ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് താരം.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ മനസ്സിനെ അലട്ടുന്ന അസുഖത്തെക്കുറിച്ചും അതിനെ പ്രതിരോധിക്കാൻ ജീവിതത്തിൽ സ്വീകരിച്ച മാർഗങ്ങളെക്കുറിച്ചും ശ്രദ്ധ മനസ്സു തുറന്നത്. തനിക്ക് ആകാംക്ഷയുണ്ടെന്നും അങ്ങനെയൊരു പ്രശ്നമുണ്ടെന്ന് വളരെ വൈകിയാണ് മനസ്സിലാക്കിയതെന്നും ശ്രദ്ധ പറയുന്നു. അതൊരിക്കലും പൂർണമായി ചികിൽസിച്ചു ഭേദമാക്കാൻ കഴിയാത്ത ഒരവസ്ഥയാണെന്നു തനിക്കറിയാമെന്നും തന്റെ ആകാംക്ഷയെ അംഗീകരിച്ചുകൊണ്ടുള്ള ജീവിത രീതിയാണ് ഇപ്പോൾ പിന്തുടരുന്നത് എന്നുമാണ് ശ്രദ്ധപറയുന്നത്.

രോഗത്തെക്കുറിച്ചും അത് ജീവിതത്തിൽ സൃഷടിച്ച വെല്ലുവിളികളെക്കുറിച്ചും ശ്രദ്ധ പറയുന്നതിങ്ങനെ :-

'' ആകാംക്ഷ എന്ന മാനസികാവസ്ഥ എന്താണെന്നതിനെക്കുറിച്ച് എനിക്കൊരു ധാരണയുമില്ലായിരുന്നു. കുറേക്കാലം അതങ്ങനെ തന്നെ മുന്നോട്ടു പോയി. ആഷിക്കിയിലെ അഭിനയത്തിനു ശേഷമാണ് ആകാംക്ഷ എന്ന അവസ്ഥയുടെ ദുരിതങ്ങൾ ശരീരത്തിലും പ്രകടമായിത്തുടങ്ങിയത്. ശരീരത്തിന് അതിഭയങ്കരമായ വേദന അനുഭവപ്പെട്ടുകൊണ്ടേയിരിക്കും. എന്നാൽ ശാരീരികമായ പരിശോധനയിൽ അസുഖങ്ങളൊന്നും കണ്ടെത്താനുമാകില്ല. അസഹനീയമായ ശരീര വേദനയ്ക്കു പിന്നിലെ കാരണങ്ങൾ കണ്ടുപിടിക്കാൻ കുറേയേറെ പരിശോധനകൾ നടത്തി. പക്ഷേ എന്റെ യഥാർഥ പ്രശ്നം മനസ്സിലാക്കാൻ ഡോക്ടർമാർക്കു പോലുമായില്ല. പരിശോധനാഫലങ്ങളെല്ലാം നോർമൽ. പക്ഷേ വേദനകൾക്ക് മാത്രം ഒരു ശമനവുമുണ്ടായില്ല. എനിക്കെന്താണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന് ഞാൻ എന്നോടു തന്നെ ചോദിച്ചു.''

പക്ഷേ ഇപ്പോൾ ഈ അവസ്ഥയുമായി ഞാൻ പൊരുത്തപ്പെട്ടു വരുന്നുണ്ട്. എന്റെ മാനസികാവസ്ഥയെ ഞാൻ അംഗീകരിച്ചു തുടങ്ങിയപ്പോൾത്തന്നെ കാര്യമായ മാറ്റങ്ങൾ പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. മനോഭാവവും ഇക്കാര്യത്തിൽ പ്രധാനമാണ്. സ്നേഹത്തോടെ ആ പ്രത്യേക മാനസികാവസ്ഥയെ പരിഗണിച്ചാൽ അതുണ്ടാക്കുന്ന മാറ്റം വളരെ വലുതാണ്. തനിക്ക് ആകാംക്ഷയുണ്ടെന്ന് ശ്രദ്ധ ആദ്യമായി വെളിപ്പെടുത്തിയത് 2018 ലാണ്. കഴിഞ്ഞ മൂന്നാലു വർഷങ്ങളായി ആകാംക്ഷകൊണ്ടുള്ള ബുദ്ധിമുട്ടുകൾ താൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും പോസിറ്റീവ് മനോഭാവത്തോടെ അതിനെ നേരിടാൻ പഠിച്ചപ്പോൾ ജീവിതം കൂടുതൽ സുഗമമായി മുന്നോട്ടു പോകുന്നുണ്ടെന്നും അവർ പറയുന്നു. പ്രഭാസിനൊപ്പം സാഹോ എന്ന ചിത്രത്തിനു ശേഷം പുതിയ പ്രൊജക്റ്റുമായി തിരക്കിലാണ് ശ്രദ്ധ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com