ADVERTISEMENT

അവസരങ്ങൾ ലഭിക്കാത്തതുകൊണ്ടായിരുന്നില്ല ബി ടൗണിൽ തന്റെ കരിയർ വേഗം അവസാനിച്ചതെന്ന് നടി ഹേസൽ. ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ ഭാര്യകൂടിയായ നടി എട്ടു വർഷത്തിനു ശേഷം വീണ്ടും ബോളിവുഡിൽ ചുവടുറപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ബോളിവുഡിൽ ചുവടുറപ്പിക്കാൻ കഴിയാതിരുന്നതിനെക്കുറിച്ചും കരിയറിൽ താൻ അനുഭവിച്ച പ്രശ്നങ്ങളെക്കുറിച്ചും ഒരു മാധ്യമത്തിനു നൽകി അഭിമുഖത്തിലാണ് ഹേസൽ തുറന്നു പറഞ്ഞത്.

2011 ൽ സൽമാൻ ഖാനും കരീന കപൂറും അഭിനയിച്ച ബോഡിഗാർഡ് എന്ന ചിത്രത്തിലൂടെയാണ് ഹേസൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ കരിയറിൽ മികച്ച മാറ്റങ്ങളുണ്ടാക്കാൻ തുടക്കകാലത്ത് ഹേസലിന് കഴിഞ്ഞില്ല. ആ ചിത്രത്തിനു ശേഷം ഒന്നു രണ്ട് ഐറ്റം നമ്പറുകളിൽ അഭിനയിക്കാനുള്ള അവസരം മാത്രമാണ് ഹേസലിനു ലഭിച്ചത്. ബോഡിഗാർഡിനു ശേഷം സിനിമാ പോസ്റ്ററുകളിൽ തന്റെ മുഖം കാണാതിരുന്നത് തനിക്ക് അവസരങ്ങൾ ലഭിക്കാതിരുന്നതുകൊണ്ടല്ലെന്നും മറിച്ച് താൻ ടൈപ്കാസ്റ്റ് ചെയ്യപ്പെടാതിരിക്കാനുമാണെന്നാണ് ഹേസൽ പറയുന്നത്.

'' എന്നെ സംബന്ധിച്ചിടത്തോളം ബോളിവുഡിലെത്തിയത് നിരാശാജനകമായിരുന്നു. ഹിന്ദു പാരമ്പര്യം പിന്തുടരുന്ന ഒരു കുടുംബത്തിൽ ബ്രട്ടീഷുകാരനായ അച്ഛനൊപ്പം വളർന്ന എനിക്ക് ഞാൻ ഇന്ത്യക്കാരിയാണെന്ന് ആളുകളെ വിശ്വസിപ്പിക്കണമായിരുന്നു. എന്റെ പേരും ഉച്ചാരണവുമെല്ലാം കണ്ട് ആളുകൾ തെറ്റിദ്ധരിച്ചിരുന്നു. പക്ഷേ ഇന്ന് കാര്യങ്ങൾ ഏറെ മാറിയിരിക്കുന്നു. ഞാൻ വന്ന സമയത്തൊക്കെ ഹിന്ദി സിനിമയിൽ അഭിനയിക്കുമ്പോൾ ചില മാനദണ്ഡങ്ങളൊക്കെയുണ്ടായിരുന്നു. ക്ലാസിക്കൽ ഡാൻസ് അറിഞ്ഞിരിക്കണം, ഹിന്ദി നന്നായി സംസാരിക്കാനറിയണം എന്നൊക്കെ. പക്ഷേ ഇന്ന് ഇത്തരം നിബന്ധനകൾ ഒന്നും തന്നെയില്ല. അഭിനേത്രികൾ ഇന്ത്യക്കാരാകണമെന്നു പോലുമില്ല. ഇന്ന് പേരെടുത്ത പല നടിമാരും പല രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇന്ത്യയിൽ നിന്നുള്ളവരുമുണ്ട്.

ബോഡിഗാർഡ് എന്ന ചിത്രത്തിനു ശേഷം ലഭിച്ചതെല്ലാം ഒരേപോലുള്ള വേഷങ്ങളായിരുന്നു. ഐറ്റം നമ്പറുകളും അതുപോലെ തന്നെ. '' ഒരു അഭിനേത്രി എന്ന നിലയിൽ കഥകേൾക്കുമ്പോഴും കഥാപാത്രത്തെക്കുറിച്ചറിയുമ്പോഴും എനിക്ക് നല്ല താൽപര്യം തോന്നണം. എന്തെങ്കിലും കാര്യത്തിൽ ഏർപ്പെട്ടാൽ എന്റെ 100 ശതമാനം അധ്വാനവും ഊർജ്ജവും ഞാനതിനു നൽകും. ജോലിയിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ഞാൻ തയാറല്ല''. - ഹേസൽ പറയുന്നു.

എട്ടുവർഷം നീണ്ട ഇടവേളക്കു ശേഷം അമീർഖാന്റെ മകൾ നിർമിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡിൽ തിരിച്ചു വരാനൊരുങ്ങുകയാണ് ഹേസൽ. അമീറിന്റെ മകൾ ഇറയെപ്പറ്റി ഹേസൽ പറയുന്നതിങ്ങനെ :-

'' അവൾ ചെറുപ്പമാണ് പക്ഷേ കഥാപാത്രങ്ങളുടെ സങ്കീർണതകളെക്കുറിച്ചൊക്കെ നല്ല ധാരണയുണ്ടവൾക്ക്. അവൾക്കെന്താണ് വേണ്ടതെന്ന കൃത്യമായ ബോധമുണ്ട്, ഉറപ്പും.''

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com