ADVERTISEMENT

കൈനിറയെ അവസരങ്ങളും, നല്ല കഥകളും, ചൂഷണത്തിനെതിരെയുള്ള പോരാട്ടങ്ങളുമെല്ലാമായി മാറ്റത്തിന്റെ പാതയിലാണ് ബോളിവുഡ് സഞ്ചരിക്കുന്നതെങ്കിലും ചില കാര്യങ്ങളിൽ പഴഞ്ചൻ ചിന്താഗതി തന്നെയാണ് പിന്തുടരുന്നതെന്ന് ബോളിവുഡ് താരം സരീൻ ഖാൻ. നിറത്തിന്റെ പേരിൽ ഒരു കഥാപാത്രം നഷ്ടപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ബി ടൗണിലെ ഇത്തരം പ്രവണതകളെക്കുറിച്ച് സരീൻ ഖാൻ മനസ്സു തുറന്നത്.

വെളുത്തു കൊലുന്നനെയുള്ള പെൺകഥാപാത്രങ്ങൾക്കാണ് എല്ലായ്പ്പോഴും സ്വീകാര്യത ലഭിക്കുന്നതെന്നും പഴഞ്ചൻ ചിന്താഗതികൾക്ക് മാറ്റമൊന്നും വന്നിട്ടില്ലെന്നുമാണ് സരീന്റെ അഭിപ്രായം.

'' സമൂഹത്തിന്റെ വാർപ്പു മാതൃകകൾക്ക് ഉടവു തട്ടിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. കാരണം സിനിമാ മേഖലയിൽ ബോഡിഷെയിമിങ് ഇല്ലെന്ന് എത്രയൊക്കെ പുരോഗമനവാദം പ്രസംഗിച്ചാലും ഭൂരിഭാഗമാളുകളും ആവശ്യപ്പെടുന്നത് പെർഫെക്റ്റ് ബോഡിയുള്ള നായികയെയാണ്.'' - സരീൻ പറയുന്നു.

സിനിമാമേഖലയിലുള്ളവരുടെ ഇത്തരം മനോഭാവം കാരണം തനിക്ക് മികച്ച ഒരു കഥാപാത്രത്തെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും സരീൻ ഖാൻ പറയുന്നു. '' ശരീരഭാരവുമായി ഇതിന് ഒരു ബന്ധവുമില്ല. അങ്ങനെയൊന്നുമല്ല സിനിമയുമായി ബന്ധപ്പെട്ടവർ അതേക്കുറിച്ച് സംസാരിച്ചത്. അതിനേക്കാൾ മോശമായ ഒരു അനുഭവമായിരുന്നു. എനിക്കുവേണ്ടിയെഴുതിയ സുന്ദരമായ ഒരു സ്ക്രിപ്റ്റുണ്ടായിരുന്നു. അത് നടക്കുമെന്നു തന്നെ ഞാൻ കരുതിയിരുന്നു. ഇന്ത്യൻ ഗ്രാമം പശ്ചാത്തലമാക്കിയെഴുതിയ ഒരു കഥയായിരുന്നു അത്. കഴിഞ്ഞ വർഷമായിരുന്നു അത് നടക്കേണ്ടിയിരുന്നത്. പക്ഷേ അതിനു മുൻപു തന്നെ അണിയറ പ്രവർത്തകർ എന്നെ വിളിച്ചു. എന്നെ കണ്ടാൽ ഗ്രാമീണപ്പെൺകുട്ടിയായി തോന്നില്ലെന്നും, വെളുത്ത നിറവും രൂപവുമൊന്നും ആ കഥാപാത്രത്തിന് യോജിച്ചതല്ലെന്നും അവർ പറഞ്ഞു. ഗ്രാമീണപ്പെൺകുട്ടികൾക്ക് നിറം കുറവാണെന്നായിരുന്നു അതിന് അവർ‌ പറഞ്ഞ ന്യായം.

ഗ്രാമത്തിലെ പെൺകുട്ടികൾക്കെല്ലാം നിറം കുറവാണെന്ന് അവർ പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസ്സിലായില്ല. 

വെളുത്ത നിറവും പ്രകാശമുള്ള കണ്ണുകളുമുള്ള നിരവധിപ്പെൺകുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്.''- സരീൻ ഖാൻ പറയുന്നു. 

അഭിനേത്രികളെ അവരുടെ ശരീരമനുസരിച്ചല്ല വിലയിരുത്തേണ്ടത്, മറിച്ച് അവരുടെ അഭിനയ പ്രതിഭ കൊണ്ടാണെന്നും സരീൻ ഖാൻ പറയുന്നു. 2015 ൽ പുറത്തിറങ്ങിയ 'ധും ലഗാ ക്കേ ഹയ്ഷ' എന്ന ചിത്രത്തെ ഉദാഹരണമാക്കി സരീൻ ഖാൻ പറഞ്ഞതിങ്ങനെ :-

'' ഈ ചിത്രം ഞാൻ ചിലയാളുകൾക്ക് റഫർ ചെയ്യാറുണ്ട്. അത് ഒരു യഥാർഥ കഥയാണ്. ഭൂമി അവതരിപ്പിക്കുന്നത് ഒരു യഥാർഥ കഥാപാത്രത്തെയാണ്. അതുകൊണ്ടു തന്നെയാണ് അവളുടെ ലുക്ക് സ്വീകരിക്കപ്പെട്ടത്. യഥാർഥമായതു മാത്രമേ നിലനിൽക്കൂ. നല്ല ശരീരമുള്ള ഒരുപാട് നായികനടിമാരുണ്ട്. അവരേയൊക്കെ അനുമോദിക്കുന്നു. പക്ഷേ കഥാപാത്രത്തിന്റെ കാര്യം വരുമ്പോൾ ആരും നടിമാരുടെ രൂപമല്ല ശ്രദ്ധിക്കുക, മറിച്ച് അവർ ആ കഥാപാത്രത്തെ എത്രത്തോളം നന്നായി അവതരിപ്പിച്ചു എന്നതാണ് ശ്രദ്ധിക്കുക''.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com