sections
MORE

കുടുംബം ആഗ്രഹിച്ചത് ആൺകുട്ടിയെ, എന്റെ ജനനത്തിൽ സന്തോഷമില്ല: സൈന

Saina Nehwal
സൈന നെഹ്‌വാൾ
SHARE

രണ്ടായിരത്തില്‍ തുടങ്ങിയ പുതിയ നൂറ്റാണ്ട് ഇന്ത്യന്‍ കായികരംഗത്തിന്റെ വളര്‍ച്ചയ്ക്കു കൂടിയാണ് സാക്ഷ്യം വഹിച്ചത്. രാജ്യത്തും ഏഷ്യന്‍ രാജ്യങ്ങളിലും മാത്രമായി ഒതുങ്ങിനിന്നിരുന്ന കായികവേദി ലോകത്തോളം വികസിക്കുന്ന അപൂര്‍വമായ മാറ്റത്തിന്. ഒളിംപിക്സിലും മറ്റു ലോകവേദികളിലും ഇന്ത്യന്‍ താരങ്ങള്‍ കഴിവു തെളിയിച്ചു; മെഡലുകള്‍ വാരിക്കൂട്ടി. ചൈനയും ജപ്പാനും മറ്റും ആധിപത്യം പുലര്‍ത്തിയിരുന്ന ബാഡ്മിന്റനിലും അത്‍ലറ്റിക്സില്‍പ്പോലും രാജ്യം തിളങ്ങി. 

ഈ മുന്നേറ്റത്തിനു കാരണക്കാരായവരില്‍ കൂടുതല്‍ പേരും വനിതകളാണ്; അതും പ്രതിസന്ധികളെയും തിരിച്ചടികളെയും അതിജീവിച്ചു മുന്നേറിയ താരങ്ങള്‍. രാജ്യത്തിന് അഭിമാനമായി വനിതാ താരങ്ങള്‍ മുന്നേറിയതോടെ പെണ്‍കുട്ടികളെക്കുറിച്ചുള്ള കാഴ്ചപ്പാടിനുകൂടിയാണ് മാറ്റം സംഭവിച്ചത്. കുടുംബത്തില്‍ ഒരു പെണ്‍കുട്ടി ജനിച്ചാല്‍ ബാധ്യത കൂടുമെന്ന പഴയ സങ്കല്‍പം തകര്‍ന്നുവീഴുകയായിരുന്നു.ആണ്‍കുട്ടികളെ പ്പോലെയോ അവരേക്കാളോ കഴിവും പ്രതിഭയുമുള്ളവരാണ് പെണ്‍കുട്ടികളെന്നും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്നതില്‍ അവര്‍ക്കും പങ്കുണ്ടെന്നു തെളിഞ്ഞതോടെ വലിയൊരു മാറ്റത്തിന്റെ നാന്ദിയായി. ഒരു പുതുചരിത്രത്തിന്റെ തുടക്കം. 

Saina Nehwal, P.V. Sindhu
സൈന നെഹ്‌വാൾ, പി വി സിന്ധു

ബാഡ്മിന്റനില്‍ ഇന്നു രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളാണ് പി.വി.സിന്ധുവും സൈന നെഹ്‌വാളും. ആണ്‍കുട്ടിയെ ആഗ്രഹിച്ച കുടുംബത്തില്‍ തന്റെ ജനനം ഒരു സന്തോഷവുമുണ്ടാക്കാത്ത സംഭവമായിരുന്നെന്ന് സൈന കുട്ടിക്കാലത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. തനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ആരും പ്രതീക്ഷിക്കാതിരുന്ന ഒരു കാലത്തെക്കുറിച്ച്. ജനന നിമിഷം മുതല്‍ സൈന ഒരു ഉത്തരവാദിത്തം കൂടി ചുമലിലേറ്റുകയായിരുന്നു. ഒരു പെണ്‍കുട്ടിയാണെങ്കിലും തനിക്കും എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കണമെന്ന ഭാരിച്ച ഉത്തരവാദിത്തം. ഈ ചുമതല ഏറ്റെടുത്ത ആദ്യത്തെ പെണ്‍കുട്ടി മാത്രമല്ല സൈന. ഇന്ത്യയിലെ ഭൂരിപക്ഷം പെണ്‍കുട്ടികളും ഈ ഉത്തരവാദിത്തം ചുമലിലേറ്റുന്നവരാണെന്നതാണ് സത്യം. ആണ്‍കുട്ടികളെ സന്തോഷത്തോടെ സ്വീകരിക്കുന്ന സമൂഹത്തിന്റെ മനോഭാവത്തിന്റെ കൂടി പ്രശ്നമാണിത്. 

sania-mirza-01
സാനിയ മിർസ

ഇപ്പോള്‍ ടെന്നിസില്‍നിന്നു മാറിനില്‍ക്കുകയാണെങ്കിലും രാജ്യം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച താരമാണ് സാനിയ മിര്‍സ. ലോകവേദികളില്‍ ഡബിള്‍സില്‍ വെന്നിക്കൊടി പാറിച്ച സാനിയ കത്തിനില്‍ക്കുന്ന കാലത്ത്, അവരുടെ വസ്ത്രധാരണം പോലും വിമര്‍ശനവിധേയമായിട്ടുണ്ട് സ്വന്തം രാജ്യത്ത്. ലോകത്തെ മറ്റെല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള താരങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വേഷം ധരിക്കാമെങ്കിലും ഇന്ത്യക്കാരിക്ക് അവരുള്‍പ്പെടുന്ന കായികയിനം അനുശാസിക്കുന്ന വസ്ത്രം പോലും ധരിക്കാനാവാത്ത അവസ്ഥ. അതിന്റെ പേരില്‍പോലും തെറ്റിദ്ധരിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്ന ദുരവസ്ഥ. ഒരു വനിതാ കായിക താരം എതിരാളികളോടു മാത്രമല്ല ഏറ്റുമുട്ടുന്നതെന്നാണ് ഈ വസ്തുതകളെല്ലാം തെളിയിക്കുന്നത്. 

പെണ്‍കുട്ടികളെ ബാധ്യതയായിക്കാണുന്ന മനോഭാവത്തോടു പോരാടണം. തന്നിലേല്‍പിച്ച വലിയ ഉത്തരവാദിത്തത്തം നിറവേറ്റാന്‍ പരിശ്രമിക്കണം. നോക്കിലും വാക്കിലും നടപ്പിലും വസ്ത്രധാരണത്തില്‍പ്പോലും ശ്രദ്ധിക്കണം. പുരുഷ താരങ്ങള്‍ക്ക് ഇവയൊന്നും ബാധകമല്ല താനും. മേരി കോം എന്ന ഇതിഹാസ ബോക്സിങ് താരത്തിന്റെ കഥ ഇന്ന് രാജ്യത്തെ ഗ്രാമങ്ങളിലെ കുട്ടികള്‍ക്കുപോലും അറിയാം. വിവാഹിതയായതിനുശേഷവും പ്രസവിച്ചതിനുശഷവും റിങ്ങില്‍ തിരിച്ചെത്തുകയും എതിരാളികളെ മലര്‍ത്തിയടിക്കുകയും ചെയ്ത വീര്യത്തിന്റെ അപൂര്‍വകഥ. 

Mary-Kom.jpg.image.784.410
മേരി കോം
dutee-chand-01
ദ്യുതീ ചന്ദ്

പുരുഷ ഹോര്‍മോണ്‍ കൂടുതലാണെന്നതിന്റെ പേരില്‍ കായികരംഗത്തുനിന്നു മാറ്റിനിര്‍ത്താന്‍ ശ്രമിച്ചിട്ടും സ്ത്രീത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടും രാജ്യത്തെ മുന്‍നിര താരമായി തുടരുന്ന ദ്യുതിചന്ദ് മറ്റൊരു ഉദാഹരണം. സ്വന്തം വീട്ടുകാരുടെ എതിര്‍പ്പു പോലും മറികടന്ന്  മറ്റൊരു യുവതിയില്‍ തന്റെ സ്നേഹിതയെ കണ്ടെത്തുകയും ആ വാര്‍ത്ത തുറന്നുപറയുകയും ചെയ്ത് ദ്യുതി കൊളുത്തിയത് വിപ്ലവത്തിന്റെ തീക്കാറ്റിന്. ക്രിക്കറ്റ് ഇന്ത്യയുടെ ഇഷ്ടപ്പെട്ട കായികയിനങ്ങളിലൊന്നാണ്. പക്ഷേ, പരുഷ ടീമിനു ലഭിക്കുന്ന പ്രശസ്തിയുടെയും പണത്തിന്റെയും നേരിയ ശതമാനം പോലും വനിതാ ടീമുകള്‍ക്ക് ലഭിക്കുന്നില്ല. ഇതിനെതിരെ മുന്‍ ക്യാപ്റ്റന്‍ മിതാലി രാജ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. പുരുഷ താരങ്ങള്‍ക്ക് അവര്‍ക്കിഷടപ്പെട്ട വേഷം ധരിക്കാം. ഇഷ്ടപ്പെട്ട പങ്കാളികളെ തേടാം. ഇഷ്ടപ്പെട്ട രീതിയില്‍ ജീവിക്കുന്നതിനുപോലും പരിമിതികളില്ലെന്നിരിക്കെ വനിതാ താരങ്ങളെ മാത്രം വേട്ടയാടുന്ന സ്ഥിതിയാണ് പരിതാപകരം. 

hima-das-01
ഹിമാ ദാസ്

അടുത്തിടെ അത്‍ലറ്റ്ക്സില്‍ മെഡലുകള്‍ നേടുന്ന ഹിമാ ദാസ്. വിദേശ രാജ്യങ്ങളില്‍വച്ചു നടന്ന ഒട്ടേറെ ടൂര്‍ണമെന്റുകളില്‍ ഹിമ മെഡലുകള്‍ നേടി. പുത്തന്‍ പ്രതീക്ഷയുമാണ്. മലയാളി താരം പി.യു. ചിത്ര. പയ്യോളി എക്സ്പ്രസ് പി.ടി.ഉഷയുടെ പിന്‍ഗാമിയായി വളര്‍ന്നുവന്ന ടിന്റു ലൂക്ക. ഇവരോരോരുത്തരും കായിക രംഗത്തു വളര്‍ന്നുവന്നത് ഓരോ നിമിഷവും പോരാടിയാണ്. ഒരു പെണ്‍കുട്ടിയെന്ന നിലയിലും വനിതയെന്ന നിലയിലും ആരോപിക്കപ്പെട്ട തെറ്റിദ്ധാരണകളെ തിരുത്തിയും പുതിയ ചരിത്രം എഴുതിയും. ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇവര്‍ വിരമിക്കും. പുതിയ താരങ്ങള്‍ ഉദിച്ചുയരും. അവരില്‍ തീര്‍ച്ചയായും വനിതാ താരങ്ങള്‍ ഉണ്ടായിരിക്കും. ലോകവേദിയില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്താന്‍ കഴിയുന്നവര്‍. അവര്‍ക്കു വളരാനുള്ള മണ്ണൊരുക്കിയാണ് ഇപ്പോഴത്തെ താരങ്ങള്‍ കടന്നുപോകുന്നത്. പെണ്‍കുട്ടി ഒരു ഭാരമാണെന്നും ബാധ്യതയാണെന്നും ഇനിയാരും പറയില്ലെന്ന് ഉറപ്പിച്ചതിനുശേഷം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA