ADVERTISEMENT

11 വയസ്സിൽ ജോലി ചെയ്തു തുടങ്ങിയ ഒരു പെൺകുട്ടി ജീവിതത്തിൽ എന്തെല്ലാം അനുഭവിച്ചിട്ടുണ്ടാകും. പിൽക്കാലത്ത് ലോകമറിയുന്ന ഒരു നടിയായി മാറിയപ്പോൾ ജീവിതത്തിൽ താനനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറയുകയാണവർ. ആ നടിയുടെ പേര് ഏരിയൽ വിന്റർ. അമേരിക്കൻ അഭിനേത്രിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഏരിയൽ ഹാസ്യ പരമ്പരയായ മോഡേൺ ഫാമിലിയിലൂടെ 11–ാം വയസ്സിലാണ് തന്റെ കരിയർ തുടങ്ങിയത്. 

മറ്റുള്ളവർ ചിന്തിക്കുന്നതുപോലെ ജീവിക്കാൻ ശ്രമിച്ച് ഒടുവിൽ വിഷാദ രോഗത്തിനും ആകാംക്ഷയ്ക്കും അടിമയാകുകയും പിന്നീട് അതിനെ അതിജീവിച്ച് മനസ്സു പറയുന്നതു പോലെ ജീവിച്ച് ജീവിതത്തിൽ സന്തോഷം കണ്ടെത്തിയതിനെക്കുറിച്ചും മനസ്സു തുറക്കുകയാണ് ഏരിയൽ.

വർഷങ്ങൾ നീണ്ട ബോഡിഷെയിമിങ്ങിനെ അതിജീവിച്ചതിനെക്കുറിച്ച് 21 വയസ്സുകാരിയായ ഏരിയൽ പറയുന്നതിങ്ങനെ :-

'' എട്ടുവർഷത്തോളം നീണ്ട ബോഡിഷെയ്മിങ്ങിനും സൈബർ ആക്രമണങ്ങൾക്കും ശേഷമാണ് ഞാനിപ്പോൾ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. 11 വയസ്സിൽ ഒരു ഷോ അവതരിപ്പിച്ചുകൊണ്ടാണ് ഞാനെന്റെ കരിയർ തുടങ്ങിയത്. അഴകളവുകളില്ലാത്ത പരന്ന ശരീരമെന്നു പറഞ്ഞാണ് അന്ന് ആളുകൾ എന്നെ വെറുത്തത്. ആളുകളുടെ വെറുപ്പിനെ അതിജീവിക്കാൻ പലകുറി ശ്രമിച്ചു പരാജയപ്പെട്ടു.''

ഒരു ഘട്ടത്തിൽ വിമർശകരെ എങ്ങനെ സന്തോഷിപ്പിക്കാം എന്ന ചിന്തയോടെയാണ് താൻ ജീവിച്ചിരുന്നതെന്നു പറഞ്ഞുകൊണ്ട് ഏരിയൽ തന്റെ ഭൂതകാലമോർത്തെടുക്കുന്നതിങ്ങനെ :-

'' വിമർശകരുടെ മനസ്സിലുള്ള അഴകളവുകളിലേക്ക് വേഗം മാറുവാൻ ഞാൻ ഡയറ്റുകൾ ക്രമീകരിച്ചു, ശരീരഭാരം കുറയ്ക്കാൻ ശ്രമിച്ചു. പക്ഷേ എനിക്കാരെയും സന്തോഷിപ്പിക്കാനായില്ല. അതിലുപരി എനിക്കു പോലും എന്നെക്കുറിച്ചോർത്ത് സന്തോഷം തോന്നിയില്ല. അതെന്നെ നയിച്ചത് വിഷാദത്തിലേക്കും ആകാംക്ഷയിലേക്കുമാണ്. അങ്ങനെയാണ് സമൂഹമാധ്യമങ്ങളിൽ വരുന്ന കമന്റ്സ് ഞാൻ വായിക്കാതായത്. എനിക്കിഷ്ടമുള്ളതു ചെയ്യാനും, ഇഷ്ടമുള്ളത് പറയാനും, ഇഷ്ടമുള്ള കാര്യങ്ങളിൽ ഫോക്കസ് ചെയ്യാനും, എന്നെത്തന്നെ സന്തോഷിപ്പിക്കാനും ശ്രമിച്ചത്.''

തനിക്ക് ഏറ്റവും കൂടുതൽ വിമർശനം നേരിടേണ്ടി വന്നത് തന്റെ 17–ാം വയസ്സിലാണെന്നും, ആരോഗ്യപ്രശ്നങ്ങൾ മൂലം മാറിടത്തിൽ ശസ്ത്രക്രിയ നടത്തേണ്ടി വന്നുവെന്നും, അശ്ലീലം കലർന്ന കമന്റുകളോടെയാണ് അന്ന് തന്റെ ശരീരത്തെപ്പറ്റി വെർച്വൽ ലോകം ചർച്ച ചെയ്തതെന്നും ഏരിയൽ ഓർക്കുന്നു.

'' ശരീരത്തെ സ്നേഹിക്കാൻ കഴിയാത്തതിന്റെ പേരിൽ ശരീരഭാരം കുറയ്ക്കുന്നത് മണ്ടത്തരമാണ്. ജീവിതത്തിന്റെ ഏതു ഘട്ടത്തിലായാലും സ്വന്തം ശരീരത്തെ സ്നേഹിക്കാൻ കഴിയണം. അതിപ്പോൾ ശരീരം എങ്ങനെയായിരുന്നാലും. നിങ്ങളുടെ ശരീരം ആയിരിക്കുന്ന അവസ്ഥയിൽ നിങ്ങൾ ശരീരത്തെ സ്നേഹിക്കണം. എന്റെ ശരീരത്തിന്റെ ആരോഗ്യത്തിനു മുൻഗണന നൽകിയതുകൊണ്ടാണ് മാറിട ശസ്ത്രക്രിയയ്ക്ക് ഞാൻ വിധേയയായത്.''- ഏരിയൽ പറയുന്നു.

'' സമൂഹമാധ്യമങ്ങളിൽ ആളുകൾ എന്നെക്കുറിച്ച് നെഗറ്റീവ് കമന്റ് എഴുതിയതിന്റെ പേരിലല്ല ഞാൻ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. എന്റെ ആരോഗ്യ പ്രശ്നങ്ങൾ കാരണവും ആ ശസ്ത്രക്രിയ എന്റെ ശരീരത്തിന് ഉചിതമെന്ന് തോന്നിയതുകൊണ്ടുമാണ്. നിങ്ങൾക്ക് നന്നായി എന്നു തോന്നുന്ന, നിങ്ങളുടെ ആത്മാഭിമാനം വർധിപ്പിക്കുന്ന എന്തുകാര്യവും ചെയ്യാം. ആളുകൾ അതിന്റെ പേരിൽ നിങ്ങളെ വെറുക്കുകയൊന്നുമില്ല. നമ്മൾ ഏറ്റവും നല്ല ബന്ധം കാത്തു സൂക്ഷിക്കേണ്ടത് നമ്മളോടു തന്നെയാണ്''.- ഏരിയൽ പറഞ്ഞു നിർത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com