ADVERTISEMENT

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യയുടെ വനിതാ ടീമില്‍നിന്ന് ഒരു വര്‍ഷം മുമ്പ് പുറത്താകുമ്പോള്‍ ശിഖ പാണ്ഡെ എന്ന ഫാസ്റ്റ് ബൗളറുടെ കരിയറിന്റെ അവസാനമായെന്നാണ് ക്രിക്കറ്റ് പണ്ഡിതര്‍ കുറിച്ചത്. വേഗത്തില്‍ പന്തെറിഞ്ഞു വിക്കറ്റ് വീഴ്ത്തുന്ന യുവതാരങ്ങള്‍ കടന്നുവരുന്നുമുണ്ട്. സ്വാഭാവികമായും ശിഖയുടെ ക്രിക്കറ്റ് കരിയര്‍ അവസാനിച്ചുവെന്നുതന്നെ കായികലോകം വിധിയെഴുതി. അവരൊക്കെ ഇന്ന് ശിഖയെ പുകഴ്ത്തുന്ന തിരക്കിലാണ്. ഒരു പതിറ്റാണ്ട് ഇന്ത്യയുടെ ഫാസ്റ്റ് ബൗളിങ്ങിനെ മുന്നില്‍നിന്നു നയിച്ച ജുലാന്‍ ഗോസ്വാമിക്കുശേഷം ഇന്ന് ഇന്ത്യന്‍ ടീമിന്റെ കുന്തമുന എന്നറിയപ്പെടുന്നത് ശിഖയാണ്. ഒരുവര്‍ഷം മുമ്പ് ടീമില്‍നിന്നു നാണംകെട്ട് പുറത്തായ അതേ താരം. 

ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് ഇനി അഞ്ചു മാസം മാത്രമേയുള്ളൂ. ആ ടൂര്‍ണമെന്റില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്നതും 30 വയസ്സുകാരിയുടെ പ്രകടനം തന്നെയാണ്. ശിഖയുടെ കരുത്തില്‍ ഇതുവരെ നേടിയിട്ടില്ലാത്ത കിരീടം ഇത്തവണ സ്വന്തമാക്കാമെന്നാണ് ടീം മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. 

അടുത്ത ഫെബ്രുവരിയിലാണ് ഓസ്ട്രേലിയയില്‍ ലോക ട്വന്റി 20 ടൂര്‍ണമെന്റ്.  ഇപ്പോള്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ മല്‍സരങ്ങള്‍ക്കുശേഷം ലോകകപ്പിനു മുമ്പായി വെസ്റ്റ് ഇന്‍ഡീസിനെതിരെയും ഇന്ത്യ കളിക്കുന്നുണ്ട്. ആ ടൂര്‍ണമെന്റിലേക്കാണ് താന്‍ ഇപ്പോള്‍ ശ്രദ്ധയൂന്നുന്നതെന്നു പറയുന്നു ശിഖ. 

''മറ്റുള്ളവര്‍ എങ്ങനെ ചിന്തിക്കുന്നു എന്നത് എനിക്ക് നിയന്ത്രിക്കാനാവില്ല. എനിക്കാവുന്നത് എന്റെ കളി മെച്ചപ്പെടുത്തുക എന്നതുമാത്രമാണ്. ടീമില്‍ നിന്നു പുറത്തായപ്പോഴും ഞാന്‍ നിരന്തരം ശ്രമിച്ചു. എനിക്കുവേണ്ടി ടീമിന്റെ വാതിലുകള്‍ ഒരിക്കല്‍ തുറക്കപ്പെടുമെന്നുതന്നെ ഉറച്ചു പ്രതീക്ഷിച്ചു. കഠിനാധ്വാനം ചെയ്തു. ഇപ്പോഴത്തെ വിജയങ്ങളെല്ലാം ടീമിനു പുറത്തായപ്പോള്‍ നടത്തിയ കഠിനാധ്വാനത്തിന്റേതാണ്''- ശിഖ പറയുന്നു. 

കഴിഞ്ഞ വര്‍ഷം ഇന്ത്യ കളിച്ച മല്‍സരങ്ങളില്‍ പകുതിയെണ്ണത്തില്‍ മാത്രമാണ് ശിഖ കളിച്ചത്. ബാക്കി മല്‍സരങ്ങളില്‍ പുറത്തിരുന്നു. കളിച്ച 10 മല്‍സരങ്ങളില്‍നിന്നായത് നേടിയത് 7 വിക്കറ്റു മാത്രമും. പക്ഷേ, പുതിയ വര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ ശിഖയുടെ തലവര മാറി. ജനുവരിയില്‍ നടന്ന 50 ഓവര്‍ വീതമുള്ള ചലഞ്ചേഴ്സ് ട്രോഫിയായിരുന്നു തുടക്കം. ഇന്ത്യ റെഡിനുവേണ്ടിയാണ് ശിഖ ഇറങ്ങിയത്. ടീമിനെ കിരീടം ചൂടിച്ചതില്‍ മുഖ്യപങ്കുവഹിച്ചത് ശിഖ എന്ന ഫാസ്റ്റ് ബൗളര്‍ തന്നെ. ഇതേസമയത്താണ് കോച്ച് ഡബ്ലൂ വി. രാമന്‍ ശിഖയുടെ ടെക്നിക്കിലെ ചില പോരായ്മകള്‍ ശ്രദ്ധിക്കുന്നത്. അദ്ദേഹം ശിഖയുടെ പരിശീലനം ഏറ്റെടുത്തു. പോരായ്മകള്‍ പരിഹരിച്ചു. ഇപ്പോഴത്തെ വിക്കറ്റുനേട്ടത്തിന് ശിഖ രാമനു നന്ദി പറയുന്നുമുണ്ട്. 

അതിനുശേഷം ന്യൂസിലന്‍ഡിനെതിരെയുള്ള ടീമില്‍ ഇടംപിടിച്ചെങ്കിലും കളിക്കാന്‍ അവസരം കിട്ടിയില്ല. ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെ ഏകദിന ടൂര്‍ണമെന്റ് വന്നു. മൂന്നു മല്‍സരങ്ങളില്‍ ശിഖ കൊയ്തത് എട്ട് ഇംഗ്ലിഷ് വിക്കറ്റുകള്‍. ഒരു കളിയില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റും സ്വന്തമാക്കി. ഈ ടൂര്‍ണമെന്റാണ് ശിഖയുടെ പുനര്‍ജന്മത്തിനു കാരണമായതും. പരാജയങ്ങളില്‍നിന്നാണ് പാഠം പഠിക്കേണ്ടതെന്നാണ് ശിഖയുടെ അഭിപ്രായം. വിജയത്തില്‍ മതിമറിക്കാതിരിക്കുക. നിരന്തരമായി ടെക്നിക്ക് മെച്ചപ്പെടുത്തുക. അടിസ്ഥാന നിയമങ്ങളില്‍ ശ്രദ്ധയൂന്നുക- തന്റെ വിജയരഹസ്യം ശിഖ വെളിപ്പെടുത്തുന്നു. 

ഇന്ത്യന്‍ വ്യോമസേനയില്‍ സ്വാഡ്രന്‍ ലീഡറായാണ് ശിഖ ജോലി ചെയ്യുന്നത്. സാഹസികമായ ജോലിയും തന്റെ കളി മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് ശിഖയുടെ അഭിപ്രായം. ഒരു നല്ല വായനക്കാരിയുമാണവര്‍. പുസ്തകങ്ങ ളില്‍നിന്ന് തനിക്ക് പ്രചോദനം ലഭിക്കാറുണ്ടെന്നും ശിഖ പറയുന്നു. 

ഇപ്പോഴത്തെ ഫോം തുടരുകയാണെങ്കില്‍ ലോകകപ്പില്‍ എതിരാളികള്‍ ഏറ്റവും സൂക്ഷിക്കേണ്ടത് ശിഖയുടെ പന്തുകളെ. വേഗം കൊണ്ടും കൗശലം കൊണ്ടും കീഴടക്കാനെത്തുന്ന ആ പന്തുകളില്‍ തിരിച്ചടിയില്‍നിന്ന് ഊര്‍ജം നേടിയ ഒരു താരത്തിന്റെ പ്രതികാരത്തിന്റെ അധികശക്തിയുമുണ്ട്. സൂക്ഷിക്കുക..ശിഖയെ..ശിഖയുടെ പന്തുകളെ... 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com