ADVERTISEMENT

അപകടക്കിടക്കയിലാണെങ്കിലും പൂജ സ്വപ്നം കാണുന്നതും പരിശ്രമിക്കുന്നതും പൂർവാധികം ശക്തയായുള്ള മടങ്ങി വരവിനായി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഭവിച്ച ആഘാതങ്ങളേക്കാള്‍ പൂജ ബാനര്‍ജിയെ ഇപ്പോള്‍ അലട്ടുന്നത് ഓര്‍മനഷ്ടമാണ്. ഒട്ടേറെ ശസ്ത്രക്രിയകള്‍ നടത്തി ജീവിതത്തിലേക്കു തിരിച്ചുവരാന്‍ ശ്രമിക്കുമ്പോഴും എന്താണു സംഭവിച്ചതെന്നുപോലും പൂജയ്ക്ക് ഓര്‍മയില്ല. 

ടെലിവിഷന്‍ താരമായ പൂജയ്ക്ക് ഷൂട്ടിങ്ങിനിടെ സെറ്റില്‍വച്ചാണ് അപകടം സംഭവിച്ചത്. ഈ മാസം ആദ്യം. കഠിനമായ അപകടത്തെത്തുടര്‍ന്ന് ഇപ്പോഴും കിടക്കയയില്‍തന്നെയാണ് താരം. നടക്കാനോ കൈകള്‍കൊണ്ട് ജോലി ചെയ്യാനോ ആവാത്ത അവസ്ഥ. പക്ഷേ, അതിനേക്കാള്‍ കൂടുതലായി ഓര്‍മ നഷ്ടമാണ് പൂജയുടെ വേദന. 

'സ്റ്റേജില്‍നിന്നു താഴേക്കു വീഴുന്നതുപോലെ എനിക്കുതോന്നി. ആ നിമിഷം മുതല്‍ കടുത്ത വേദനയാണ് അനുഭവപ്പെട്ടത്. പിന്നീട് ഒരു സഹപ്രവര്‍ത്തകന്‍ എന്നെ ഒരു വിഡിയോ കാണിച്ചുതന്നു. ഡാന്‍സ് ചെയ്തുകൊണ്ടിരുന്ന ഞാന്‍ താഴേക്കു വീഴുന്നതാണ് അതില്‍. ആ വിഡിയോ കാണുമ്പോള്‍ ഇപ്പോഴും ഞാന്‍ തകര്‍ന്നുപോകുന്നു. വീണയുടന്‍ സഹപ്രവര്‍ത്തകര്‍ എന്നെ ആംബുലന്‍സില്‍ ആശുപത്രിയിലാക്കി. അപ്പോഴൊന്നും എനിക്ക് ഓര്‍മയില്ലായിരുന്നു. കടുത്ത വേദനസംഹാരികള്‍ കഴിച്ച് വേദന കുറച്ചതിനുശേഷമാണ് എനിക്കു കുറച്ചെങ്കിലും ബോധം തിരിച്ചുകിട്ടിയത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്കാന്‍ ചെയ്തു നോക്കി. വലിയ കുഴപ്പങ്ങളില്ല. വിശ്രമവും മരുന്നുംകൊണ്ട് എനിക്ക് തിരിച്ചുവരാന്‍ കഴിയും. അപകടം കഠിനമായിരുന്നതുകൊണ്ട് ഓര്‍മ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ എന്നോടു പറഞ്ഞു. ശ്രമിച്ചിട്ടും എനിക്ക് ഇപ്പോള്‍ ഒന്നും ഓര്‍മിക്കാന്‍ കഴിയുന്നുമില്ല.- പൂജ പറയുന്നു. 

അപകടത്തിനുശേഷമുള്ള ആശുപത്രിവാസത്തിനുശേഷം ചൊവ്വാഴ്ചയാണ് പൂജ ആരാധകര്‍ക്കുവേണ്ടി ഒരു സന്ദേശം എഴുതിയത്. അപകടം സംഭവിച്ച് 10 ദിവസത്തിനുശേഷം. രണ്ടു കൈകളിലും ഒടിവുകളുണ്ട്. ഇടത്തേക്കാലിന്റെ ലിഗ്‌മെന്റിന് പൊട്ടലും. അതിനുള്ള ശസ്ത്രക്രിയ കഴിഞ്ഞു. പക്ഷേ, ഞാനിപ്പോഴും പുഞ്ചിരിക്കുന്നു..എന്നാണ് പൂജയുടെ സന്ദേശം. 

'ആശുപത്രിയില്‍ കിടക്കുമ്പോഴും പിന്നീടും ഞാന്‍ പലവട്ടം എന്നോടുതന്നെ ചോദിച്ചു..എനിക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന്. അല്ലെങ്കില്‍ ഈ അപകടത്തിന് എന്നെത്തന്നെ തിരഞ്ഞെടുത്തല്ലോ എന്ന്. എന്റെ വിധിയായിരിക്കാം ഇത്. ഞങ്ങള്‍ കലാകാരന്‍മാര്‍ എപ്പോഴും പ്രേക്ഷകരെ സന്തോഷിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിനിടയില്‍ ഇങ്ങനെയൊരു അപകടവും. എനിക്കൊന്നേ പറയാനുള്ളൂ. ഞാന്‍ തിരിച്ചുവരും. ദയവുചെയ്ത് വിമര്‍ശനങ്ങള്‍ തൊടുക്കുമ്പോള്‍ എല്ലാവരും കുറച്ചുകൂടി സംയമനം പാലിക്കണം. തീര്‍ത്തും താന്‍ കിടക്കയില്‍ത്തന്നെയാണെന്നാണ് പൂജ എഴുതിയിരിക്കുന്നത്. തനിയെ ഒരു ബ്ലാങ്കറ്റ് ശരീരത്തിലേക്ക് വലിച്ചിടാന്‍പോലുമുള്ള ശേഷിയില്ലാത്ത അവസ്ഥ. ഫോണ്‍ പോലും കയ്യില്‍ പിടിക്കാനുള്ള കരുത്തില്ല. 

അപകടത്തിനു സാക്ഷിയായവര്‍ക്ക് ഇപ്പോഴും ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. ഇതിലും വലിയ ആഘാതമാണ് അവര്‍പോലും പ്രതീക്ഷിച്ചത്. അങ്ങനെനോക്കിയാല്‍ ഇപ്പോഴത്തെ അവസ്ഥ ഭാഗ്യം എന്നുതന്നെ പറയേണ്ടിവരുമെന്നും പൂജ എഴുതി. മുഖത്ത് മുറിവുകളൊന്നും സംഭവിച്ചില്ല എന്നതും ആശ്വാസകരം തന്നെ. അല്ലെങ്കില്‍ അപകടത്തോടെ കരിയര്‍ തന്നെ ഇല്ലാതാകുന്ന അവസ്ഥയും ഉണ്ടാകുമായിരുന്നു. ഒരു കായികതാരം കൂടിയായതുകൊണ്ടാണ് മുഖത്തും തലയിലും വലിയ അപകടമില്ലാതെ രക്ഷപ്പെടാന്‍ പൂജയ്ക്കു കഴിഞ്ഞത്. സ്വന്തം കാലില്‍ എഴുന്നേറ്റു നില്‍ക്കണമെങ്കില്‍ ഇനി ഒരു മാസമെങ്കിലും വേണ്ടിവരും. കയ്യിലെ പ്ലാസ്റ്റര്‍ എടുക്കണമെങ്കില്‍ ആറുമാസവും. അതിനുശേഷം ഫിസിയോതാറാപ്പിയിലൂടെ പതുക്കെ ജീവിതത്തിലേക്ക്. കിടക്കിയിലും ശുഭപ്രതീക്ഷയിലാണ് ആയിരങ്ങളുടെ പ്രിയപ്പെട്ട താരമായ പൂജ ബാനര്‍ജി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com