ADVERTISEMENT

കോളേജിൽ പഠിക്കുമ്പോഴെടുത്ത അതിസുന്ദരമായ ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് താൻ ആസിഡ് ആക്രമണത്തിനിരയായ കഥ രംഗോലി പങ്കുവച്ചത്. ബോളിവുഡ് താരം കങ്കണയുടെ സഹോദരിയാണ് രംഗോലി. ആ ചിത്രമെടുത്ത് നിമിഷങ്ങൾക്കുള്ളിലാണ് പ്രണയാഭ്യർഥന നടത്തിയയാൾ തന്റെ മുഖത്തേക്ക് ഒരു ലിറ്ററോളം ആസിഡ് വീശിയൊഴിച്ചതെന്ന് രംഗോലി പറയുന്നു.

തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവത്തെക്കുറിച്ചും അതിനെ നേരിട്ടതിനെക്കുറിച്ചും രംഗോലി ട്വിറ്ററിൽ പങ്കുവച്ചതിങ്ങനെ :-

'' ഈ ചിത്രം ക്ലിക്ക് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് പ്രണയാഭ്യാർഥന നിരസിച്ചതിന്റെ പേരിൽ ഒരു മനുഷ്യൻ ഒരു ലിറ്ററോളം ആസിഡ് എന്റെ മുഖത്തൊഴിച്ചത്. 54 ഓളം ശസ്ത്രക്രിയകളിലൂടെ എനിക്ക് കടന്നു പോകേണ്ടി വന്നു. എന്റെ സഹോദരി മൃതപ്രായയാകും വരെ തല്ലിച്ചതയ്ക്കപ്പെട്ടു. എല്ലാം എന്തിനു വേണ്ടി.'' 

രംഗോലിയുടെ കഥ കേട്ട പലരും അവരുടെ ധൈര്യത്തെ പുകഴ്ത്തുകയും അത്തരമൊരു സാഹചര്യത്തെ അതിജീവിച്ച അവരുടെ മനശക്തിയെ പുകഴ്ത്തുകയും ചെയ്തു. ചിലർക്കറിയേണ്ടിയിരുന്നത് അത്രയും കഠിനമായ സാഹചര്യത്തെ അവർ അതിജീവിച്ചത് എങ്ങനെയായിരുന്നുവെന്നാണ്. അവർക്ക് രംഗോലി മറുപടി നൽകിയതിങ്ങനെ :-

'' സത്യം പറഞ്ഞാൽ എന്താണ് പറയേണ്ടതെന്നെനിക്കറിയില്ല. ഇപ്പോൾ എന്റെ ഭർത്താവും പണ്ടെന്റെ വെറുമൊരു സുഹൃത്തുമായിരുന്നയാൾ എന്റെ മുറിവുകൾ കഴുകി വൃത്തിയാക്കി ഓപ്പറേഷൻ തിയറ്ററിനു മുന്നിൽ വർഷങ്ങളോളം കാത്തിരുന്നു. എന്റെ സഹോദരിയും മാതാപിതാക്കളും ഒരുമിച്ചാണ് എനിക്ക് ജീവൻ തിരികെ നൽകിയത്. ഇപ്പോഴുള്ള ജീവിതത്തിന്റെ ക്രെഡിറ്റ് അവർക്ക് നൽകാതിരിക്കാനെനിക്കാവില്ല.''

ഡെറാഡൂണിൽ എൻജിനീയറിങ് പഠിക്കുമ്പോഴായിരുന്നു രംഗോലിക്കു നേരെ ആസിഡ് ആക്രമണമുണ്ടായത്. ആക്രമണത്തിനു ശേഷം 54 കറക്‌ഷൻ ശസ്ത്രക്രിയകളിലൂടെ കടന്നു പോകേണ്ടി വന്നുവെന്നും പക്ഷേ ഇടതുചെവി ഇതുവരെ ശരിയായിട്ടില്ലെന്നും രംഗോലി പറയുന്നു. ആക്രമണത്തിൽ ഇടതു കണ്ണിന്റെ കാഴ്ചയ്ക്കും പ്രശ്നമുണ്ടായതിനാൽ റെറ്റിന ട്രാൻസ്പ്ലാന്റേഷനും വിധേയയായിട്ടുണ്ട്.

ആസിഡ് ആക്രമണ ഇരകൾക്ക് റിസർവേഷൻ വേണമെന്നും രംഗോലി പറയുന്നു. യുവത്വത്തിൽ അഞ്ചു വർഷത്തോളം ഓപ്പറേഷൻ തിയറ്ററിലാണ് താൻ ചിലവഴിച്ചതെന്നു പറഞ്ഞുകൊണ്ടാണ് രംഗോലി റിസർവേഷനെപ്പറ്റി

സംസാരിച്ചത്. ആസിഡ് ആക്രമണം എന്ന ഹീനമായ കൃത്യം ചെയ്യുന്നവർ സമൂഹത്തിലെ തിന്മയാണെന്നും സമൂഹത്തിൽ നിന്ന് തുടച്ചു നീക്കേണ്ടത് വ്യക്തികളെയല്ലെന്നും അത്തരം മനോഭാവങ്ങളെയാണെന്നും രംഗോലി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com