ADVERTISEMENT

ഒന്നിലധികം അഭിനേത്രികൾ ഒരുമിച്ചഭിനയിച്ച പല സിനിമകളിലും ബോളിവുഡ് താരം തപ്സി പന്നുവിന്റെ സാന്നിധ്യമുണ്ട്. എന്നാൽ ഒന്നിലധികം നടികൾ ഒരു സ്ക്രീൻ സ്പേസ് പങ്കുവയ്ക്കുന്നത് അത്രയെളുപ്പമല്ലെന്നാണ് തപ്സിയുടെ പക്ഷം. അനുഭവത്തിന്റെ വെളിച്ചത്തിൽ തപ്സി പറയുന്നതിങ്ങനെ :-

ഒന്നിലധികം അഭിനേത്രികൾ ഒരു പ്രൊജക്റ്റിലുണ്ടെങ്കിൽ അവസാന നിമിഷം അവരിലാരെങ്കിലും പിന്മാറാൻ സാധ്യതയേറെയുണ്ട്. ഒപ്പമുള്ള അഭിനേത്രിയുമായി ഒരുമിച്ച് സ്ക്രീൻ സ്പേസ് പങ്കിടാനുള്ള ബുദ്ധിമുട്ടാകും അവസാന നിമിഷം പിന്മാറാൻ അവരെ പ്രേരിപ്പിക്കുന്നത്. ഇൻഡസ്ട്രിയിലുള്ള എല്ലാവരും അങ്ങനെയാണെന്നല്ല പറയുന്നത്. സഹനടികളുമായി ഒരുമിച്ച് ജോലിചെയ്യാൻ താൽപര്യമുള്ളവരും കൂട്ടത്തിലുണ്ട്. രണ്ടു സ്ത്രീകൾ ഒരുമിച്ചഭിനയിക്കുന്ന ഒരു ചിത്രത്തിൽ നിന്ന് ഒരു നടി പെട്ടന്നു പിന്മാറിയപ്പോൾ എനിക്ക് ശരിക്കും ദേഷ്യം വന്നു. മറ്റൊരു നടിയുണ്ടെന്നു കരുതി അരക്ഷിതാവസ്ഥ അനുഭവിക്കുന്ന കുറച്ചു പേരെങ്കിലും ഇൻഡസ്ട്രിയിലുണ്ട്. പക്ഷേ ഭൂരിപക്ഷവും മറ്റൊരു നടിയോടൊപ്പം സ്ക്രീൻ സ്പേസ് പങ്കുവയ്ക്കാൻ ഇഷ്ടമുള്ളവർ തന്നെയാണ്. പിങ്ക്, മിഷൻ മംഗൽ എന്നീ ചിത്രങ്ങളിൽ ഒന്നിലേറെ അഭിനേത്രികളോടൊപ്പം അഭിനയിച്ചിട്ടുണ്ട് തപ്സി പന്നു. പുതിയ ചിത്രത്തിൽ ഭൂമി പണ്ഡേക്കറിനൊപ്പമാണ് തപ്സി സ്ക്രീൻ സ്പേസ് പങ്കിടുക.

ഉത്തർ പ്രദേശിലെ ഷാർപ്പ് ഷൂട്ടർമാരായിരുന്ന ചന്ദ്രോ ടൊമാർ, പ്രകാശി ടൊമാർ എന്നിവരുടെ കഥ പറയുന്ന ചിത്രത്തിലാണ് തപ്സിയും ഭൂമിയും അഭിനയിക്കുന്നത്. ചിത്രത്തിൽ പ്രകാശിയുടെ വേഷം തപ്സിയും ചന്ദ്രോയുടെ വേഷം ഭൂമിയുമാണ് ചെയ്തത്. രണ്ട് നായികമാരുള്ള പ്രൊജക്റ്റിനുവേണ്ടി താൻ കാത്തിരിക്കുകയായിരുന്നുവെന്ന് മുൻപ് തപ്സി പറഞ്ഞിരുന്നു.

'' രണ്ട് നായികമാർ തുല്യ പ്രാധാന്യമുള്ള വേഷത്തിലഭിനയിക്കുന്ന ചിത്രത്തിനായി ഞാൻ കാത്തിരിക്കുകയാണ്. ഒരു ടീം അങ്ങനെയൊരു കഥ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് എനിക്കറിയാൻ കഴിഞ്ഞത്. അച്ഛനമ്മമാരുടെ, ഭർത്താവിന്റെ മക്കളുടെ ആഗ്രഹങ്ങൾക്കു വേണ്ടി ജീവിച്ച സ്ത്രീകളുടെ കഥ. ഇതിലെപ്പോഴാണ് അവർ അവർക്കുവേണ്ടി ജീവിച്ചത്?.– തപ്സി ചോദിക്കുന്നു.

സിനിമയിൽ പ്രായമായ സ്ത്രീകളുടെ കഥാപാത്രങ്ങൾ പോലും മുതിർന്ന താരങ്ങൾക്ക് വിട്ടുതരാതെ ചെറുപ്പക്കാരായ സ്ത്രീകൾ അഭിനയിക്കുന്നുവെന്ന് പരാതി പറഞ്ഞ നീന ഗുപ്തയ്ക്കും, സോണി റസ്ദാനുമുള്ള മറുപടിയും ഒരു അഭിമുഖത്തിൽ നൽകാൻ തപ്സി മറന്നില്ല.

'' ഇപ്പോൾ വിവാദങ്ങളുമായി ഞാൻ പഴകിക്കഴിഞ്ഞിരിക്കുന്നു. ചിത്രത്തിന്റെ ട്രെയിലർ നന്നായിരുന്നു. അവർക്ക് അവരുടേതായ സിനിമാ ചെയ്യാമല്ലോ?. എനിക്ക് ഏതു പ്രായത്തിലുള്ള, ഏതു വർഗ്ഗത്തിലുള്ള, ഏതു ലിംഗത്തിലുള്ള കഥാപാത്രവും ചെയ്യാൻ കഴിയും. അതാണ് അഭിനയമെന്നു പറയുന്നത്. എന്റെ പ്രകടനം നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെങ്കിൽ തീർച്ചയായും നിങ്ങൾക്കെന്നെ വിമർശിക്കാം''.- തപ്സി പറയുന്നു.

പ്രായത്തെക്കുറിച്ചുള്ള വിമർശനങ്ങളോട് സമൂഹമാധ്യമങ്ങളിലെ കുറിപ്പിലൂടെ മുൻപും തപ്സി പ്രതികരിച്ചിരുന്നു. തനിക്കദ്ഭുതം തോന്നുന്നുവെന്നും കാര്യങ്ങവെ പോസിറ്റീവായി കാണാതെ നെഗറ്റീവായി കാണാനാണ് ആളുകൾ ശ്രമിക്കുന്നതെന്നും. കംഫർട്ട്സോണിൽ നിന്നുകൊണ്ട് മാറ്റങ്ങളെ എതിർക്കുന്നവരാണിതു പറയുന്നതെന്നും. റിസ്ക്കെടുക്കാൻ മടിയുള്ളവരാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നുമായിരുന്നു തപ്സിയുടെ പ്രതികരണം.

നർീസ് ദത്ത് സുനിൽ ദത്തിന്റെ അമ്മയായി അഭിനയിച്ചതിനെ ആരും ചോദ്യം ചെയ്തില്ല, ത്രീ ഇഡിയറ്റിൽ കോളേജ് കുമാരനായി അമീർഖാൻ അഭിനയിച്ചതിനെ ചോദ്യം ചെയ്തില്ല. പിന്നെ എന്തുകൊണ്ട് തങ്ങളെ ചോദ്യം ചെയ്യുന്നു എന്നാണ് തപ്സിയുടെ സംശയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com