sections
MORE

'ഞാനൊരിക്കലും സാധാരണ കാര്യങ്ങൾ ചെയ്യാറില്ല'; വിമർശകരോട് ഭൂമി

Bhumi Pednekar
ഭൂമി പെട്നേക്കർ
SHARE

ജീവിതത്തിലായാലും അഭിനയ ജീവിതത്തിലായാലും സാധാരണ കാര്യങ്ങൾ തന്നെ ഒട്ടും ആവേശം കൊള്ളിക്കാറില്ലെന്ന് ബോളിവുഡ് താരം ഭൂമി പെട്നേക്കർ. തും ലഗാ കേ ഹൈഷ എന്ന ചിത്രത്തിലൂടെയാണ് ബിടൗണിൽ അരങ്ങേറ്റം കുറിച്ചത്. ലോകപ്രശസ്തരായ ഷാർട്ട് ഷൂട്ടേഴ്സിന്റെ കഥ പറയുന്ന പുതിയ ചിത്രത്തിൽ ചന്ദ്രോ ടൊമാർ എന്ന ഷാർപ്ഷൂട്ടറായാണ് ഭൂമി വേഷമിടുന്നത്.

ചിത്രത്തെക്കുറിച്ച് ഭൂമി പറയുന്നതിങ്ങനെ :-

'' ഒരെഴുപതു വയസ്സുകാരിയായി നിങ്ങളെത്തന്നെ കാണുകയെന്നു വച്ചാൽ ചെറിയ കാര്യമല്ല. സാന്ധ് കി ആംഖ് എന്ന ചിത്രത്തിലെ കഥാപാത്രം ഏതൊരു അഭിനേതാവിന്റെയും സ്വപ്ന കഥാപാത്രമാണ്. അതിൽ ഹാസ്യമുണ്ട് പക്ഷേ അതത്രയെളുപ്പമല്ല. ബാല എന്ന ചിത്രത്തിൽ ഇരുണ്ട നിറമുള്ള പെൺകുട്ടിയുടെ വേഷമാണ് ഞാൻ അവതരിപ്പിച്ചത്. നിറത്തിന്റെ പേരിൽ സമൂഹം കാട്ടുന്ന വിവേചനത്തെ തുറന്നു കാട്ടുന്ന ഒരു കഥാപാത്രമായിരുന്നു അത്''.

'' ഒരു അഭിനേത്രി എന്ന നിലയിൽ ഭൂമി പണ്ഡേക്കർ ആയി എന്നെ സ്ക്രീനിൽ കാണാതിരിക്കുമ്പോഴാണ് എനിക്ക് സംതൃപ്തി ലഭിക്കുന്നത്. കഥാപാത്രവും ഞാനും തികച്ചും വ്യത്യസ്തരായ ആളുകളാണ്. വ്യത്യസ്തങ്ങളായ വേഷങ്ങൾ ചെയ്യുന്നതിലൂടെ ഞാനെന്നെത്തന്നെ വെല്ലുവിളിക്കുകയാണ്. ആളുകളുടെ ചിന്തകളിൽ മാറ്റം വരുത്താനാണ് ഞാൻ ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഞാൻ സാധാരമ കാര്യങ്ങൾ ചെയ്യാത്തതും.''- ഭൂമി പറയുന്നു.

അവിശ്വസനീയമായ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ‌ ആളുകൾ തനിക്ക് മുന്നറിയിപ്പു തരുന്നുണ്ടെന്നു വെളിപ്പെടുത്തിക്കൊണ്ട് ഭൂമി പറയുന്നതിങ്ങനെ :-

'' ഒരു അഭിനേത്രി എന്ന നിലയിലുള്ള എന്റെ തെരഞ്ഞെടുപ്പുകളെ പലപ്പോഴും ആളുകൾ ചോദ്യം ചെയ്യാറുണ്ട്. സാന്ധ് കി ആംഖ് എന്ന ചിത്രത്തിൽ അഭിനയിക്കുന്നതെന്തിനാണെന്ന് ഒരുപാടുപേർ എന്നോടു ചോദിച്ചിട്ടുണ്ട്. എന്തുകൊണ്ട് 70 വയസ്സുകാരിയായി അഭിനയിക്കുന്നു, ഗ്രാമീണ കഥാപാത്രങ്ങൾ ചെയ്യുന്നുവെന്നൊക്കെ അവർ ചോദിക്കും. ചിത്രങ്ങളിൽ എന്റെ ലുക്കിനെപ്പറ്റി ഞാൻ ചിന്തിക്കാറില്ല. എന്നെ സംബന്ധിച്ചിടത്തോളം കഥയാണ് പ്രധാനം. ആളുകൾ ആ ചിത്രം കാണുമ്പോൾ അവർ അവിടെ കാണുന്നത് ഭൂമി എന്ന നടിയെയല്ല, മറിച്ച് എന്റെ കഥാപാത്രത്തെയാണ്.''

അഭിനയിച്ച ചിത്രങ്ങളിൽ പ്രതീക്ഷിച്ചത്ര വിജയം നേടാത്ത സോൻചരിയ എന്ന ചിത്രത്തെക്കുറിച്ചും പ്രേക്ഷകരുടെ താൽപര്യങ്ങളെക്കുറിച്ചും ഭൂമി പറയുന്നതിങ്ങനെ :-

'' പ്രേക്ഷകരുടെ താൽപ്പര്യങ്ങളെക്കുറിച്ച് ആർക്കും പ്രവചിക്കാൻ കഴിയില്ല. എന്റെ തോന്നലുകളുടെ അടിസ്ഥാനത്തിലാണ് ഇതുവരെയുള്ള സിനിമകളുടെ തിരഞ്ഞെടുപ്പു നടത്തിയത്. ഈ ജീവിതത്തിൽ ഈ സിനിമയുടെ ഭാഗമാകണമെന്ന് ഉള്ളിലിരുന്ന് ആരോ പറയുന്നതുപോലെ തോന്നും.സോൻചിരിയ നന്നായി ഓടിയില്ല. പക്ഷേ ആ സിനിമ ഒരുപാടു പേർക്ക് ഇഷ്ടപ്പെട്ടു.അതുകൊണ്ട് ആ ചിത്രം ഒരു പരാജയമായിയെന്ന് എനിക്ക് തോന്നിയിട്ടില്ല''. 

പരാജയങ്ങളെ ഉൾക്കൊണ്ടു തന്നെ കരിയറിൽ മുന്നോട്ടു പോകണമെന്നും യാഥാർഥ്യങ്ങളെ അംഗീകരിച്ചുകൊണ്ടു തന്നെ ജീവിക്കണമെന്നും അവർ പറയുന്നു. മനസ്സിലും ജോലിയിലും പരിശുദ്ധി കാത്തു സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഭൂമിയുടെ അഭിപ്രായം.

'' ഒരു വ്യക്തിയെയോ ക്രാഫ്റ്റിനെയോ കളങ്കപ്പെടുത്തുന്ന ഒന്നും ചെയ്യരുത്. സർഗാത്മകതയുള്ള ഒരു വ്യക്തിയുടെ മനസ്സും ജോലിയും എപ്പോഴും പരിശുദ്ധമായിരിക്കണം. ജീവിതത്തിൽ വിജയത്തെയും പരാജയത്തെയും ഒരുപോലെ കാണാൻ എന്നെ പഠിപ്പിച്ചത് പരാജയപ്പെട്ട ഒരു സിനിമയാണ്.സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അതു നൽകുന്ന സമ്മർദ്ദങ്ങളെ അതിജീവിച്ച് നന്നായി ജീവിക്കുക എന്നതാണ് പ്രധാനം.

തന്റെ കരിയർ വിജയത്തിന് 30കാരിയായ താരം നന്ദി പറയുന്നത് സിനിമാ എഴുത്തുകാരോടാണ്. നല്ല സ്ക്രിപ്റ്റുകളും സംവിധായകരും ഉള്ളതുകൊണ്ടാണ് തനിക്ക് നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നതെന്നും. നല്ല ഴുത്തുകാരുടെയും സംവിധായകരുടെയും പ്രൊഡക്റ്റ് ആണ് താനെന്നുമാണ് ഭൂമിയുടെ പക്ഷം. അടുത്ത വീട്ടിലെ പെൺകുട്ടി എന്നു തോന്നുന്ന കഥാപാത്രങ്ങളാണ് താൻ ചെയ്തതിലേറെയെന്നും അതുകൊണ്ടാകാം പ്രേക്ഷകർ അതെല്ലാം ഇഷ്ടപ്പെട്ടതെന്നും അങ്ങനെയുള്ള കഥാപാത്രങ്ങളുടെ സൃഷ്ടിക്കു പിന്നിൽ നല്ല എഴുത്തുകാരാണെന്നും ഭൂമി പറയുന്നു. ഭാവിയെക്കുറിച്ച് അങ്ങനെ വലിയ പദ്ധതികളൊന്നും തനിക്കില്ലെന്നും  എല്ലാ വർഷവും നല്ല സിനിമകളുടെ ഭാഗമാകണമെന്നാണ് താനാഗ്രഹിക്കുന്നതെന്നും, താനൊരു വർക്ക്ഹോളിക് ആണെന്നുമാണ് ഭൂമി പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA