ADVERTISEMENT

കൗമാരപ്രായം വരെ ടിവി കാണാതിരുന്ന ഒരു പെൺകുട്ടി പിന്നീട് മോഡലും അഭിനേത്രിയുമൊക്കെയായ അവിശ്വസനീയ കഥ പങ്കുവയ്ക്കുകയാണ് ടെലിവിഷൻ താരം അൻജും ഫക്കിഹ്. ജീവിതത്തിൽ സ്വയമെടുത്ത ചില തിരഞ്ഞെടുപ്പുകൾ മൂലം ഒരു ഘട്ടത്തിൽ താൻ വീടിനു പുറത്താക്കപ്പെട്ടിട്ടുണ്ടെന്നും അൻജും പറയുന്നു. രത്നഗിരിയിലെ പരമ്പരാഗത മുസ്ലിം കുടുംബത്തിൽ നിന്ന് മോഡലിങ് രംഗത്തേക്കും പിന്നെ അഭിനയ ജീവിതത്തിലേക്കും കടന്നു വന്നതിനെക്കുറിച്ച് അൻജും പറയുന്നതിങ്ങനെ :-

''യാഥാസ്ഥിതിക കുടുംബമായിരുന്നു എന്റേത്. വളരെ സ്ട്രിക് ആയിരുന്ന വീട്ടിൽ ടിവി കാണുന്നതു പോലും ഒരു തെറ്റായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. ഞാൻ 9–ാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി വീട്ടിൽ ടിവി വാങ്ങുന്നത്. ഒരുപാട് ശ്രമങ്ങൾക്ക് ശേഷമാണ് അച്ഛൻ ടിവി വാങ്ങാൻ സമ്മതിച്ചത്. വീട്ടിൽ ടിവി വാങ്ങിയതിന്റെ പേരിൽ മുത്തച്ഛൻ രണ്ടു വർഷത്തോളം ഞങ്ങളുടെ വീട്ടിൽ കയറിയതേയില്ല.''

യാഥാസ്ഥിതിക കുടുംബമായിരുന്നെങ്കിലും മക്കളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും അവർ തയാറായിരുന്നില്ല. '' മക്കൾ നല്ല വിദ്യഭ്യാസം നേടണമെന്ന് എന്റെ അച്ഛന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് 2009 ൽ ആണ് എന്റെ തീരുമാനം കുടുംബത്തോടു പറഞ്ഞത് പഠനമുപേക്ഷിച്ച് മോഡലിങ്ങിലേക്കു പോകുന്നു എന്ന എന്റെ തീരുമാനം അവരെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അക്ഷരാർഥത്തിൽ വീട്ടിലൊരു ഭൂകമ്പം നടന്നു എന്നു തന്നെ പറയാം. എന്റെ തീരുമാനം അങ്ങനെയാണെങ്കിൽ വീടുവിട്ടിറങ്ങണമെന്ന് അവരെന്നോടു പറഞ്ഞു. അന്ന് ബാഗും പാക്ക് ചെയ്ത് ഞാൻ വീട്ടിൽ നിന്നിറങ്ങി.''

മുംബൈ ജീവിതം വളരെ കഠിനമായിരുന്നെന്ന് ഓർത്തുകൊണ്ട് അവൾ പറയുന്നതിങ്ങനെ :-

'' കടകളിൽ പെർഫ്യൂം വിൽക്കുന്ന സെയിൽസ് എക്സിക്യൂട്ടീവിന്റെ ജോലിയായിരുന്നു ആദ്യ ദിവസങ്ങളിൽ ചെയ്തിരുന്നത്. ആ സമയത്തും ബാന്ദ്രയിൽ നിന്ന് അന്ധേരിയിലേക്ക് ഒഡിഷനുവേണ്ടി ‍ഞാൻ പോയിരുന്നു. എന്റെ കൈയിൽ ആവശ്യത്തിന് പണമുണ്ടായിരുന്നില്ല. പക്ഷേ എന്നിട്ടും ഒരു സഹായത്തിനുവേണ്ടിയും ‍ഞാൻ മാതാപിതാക്കവെ ആശ്രയിച്ചില്ല. ഒരു ഫുട്കോർട്ടിലെ ആൾ ദിവസവും എനിക്ക് വെജ് പുലാവ് സൗജന്യമായി തന്നിരുന്നു. 

കുറേ നാളത്തെ കഷ്ടപ്പാടിനു ശേഷം മോഡലിങ് രംഗത്തേക്കു കടക്കാൻ സാധിച്ചുവെന്നു പറഞ്ഞുകൊണ്ട് അൻജും ആ അനുഭവം ഓർത്തെടുക്കുന്നതിങ്ങനെ :-

'' ഗോവയിലായിരുന്നു ആ അസൈൻമെന്റ്. അതിനു വേണ്ടി ബിക്കിനി ധരിക്കണമായിരുന്നു. ഇക്കാര്യം ഞാൻ വീട്ടിലറിയിച്ചപ്പോൾ അവരുടെ നിയന്ത്രണം വിട്ടുപോയി. ഏകദേശം ഒരു വർഷത്തോളം വീട്ടിലാരും തന്നെ എന്നോടൊരു ബന്ധവും സൂക്ഷിച്ചില്ല. ഇപ്പോൾ എല്ലാം മാറി. എന്റെ കരിയറിനെക്കുറിച്ച് വീട്ടുകാർ നന്നായി മനസ്സിലാക്കി. ഇപ്പോൾ ടെലിവിഷൻ സ്ക്രീനിൽ എന്റെ പരിപാടികൾ അവർ സന്തോഷത്തോടെ കണ്ടിരിക്കും. ഇപ്പോൾ എന്നോടൊപ്പമാണ് അമ്മ താമസിക്കുന്നത്''– സന്തോഷം മറച്ചു വയ്ക്കാതെ അംജും പറയുന്നു.

ഇപ്പോൾ ഒരുപാട് ടെലിവിഷൻ പരിപാടികളുടെ ഭാഗമാണ് അൻജും. തേരെ ഷെഹർ, മെയിൻ, ദേവാൻഷി, ഏക് താ രാജാ, ഏക് തി റാണി, കുണ്ഡലി ഭാഗ്യ എന്നിവയാണ് അവയലിൽ ചിലത്. കരിയറിനെക്കുറിച്ചു മാത്രമല്ല പ്രണയത്തെക്കുറിച്ച് പറയാനും മടിയില്ലെന്നാണ് അൻജും പറയുന്നത്. പ്രണയത്തിലൂടെയാകും വിവാഹമെന്നും അതും തന്റെ മാത്രം തിരഞ്ഞെടുപ്പാകുമെന്നും മറ്റാർക്കും അതിൽ പങ്കില്ലെന്നുമാണ് അംജും പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com