sections
MORE

പുരുഷന്മാരോട് ഇങ്ങനെ പെരുമാറുന്നവരാണ് കരുത്തരായ സ്ത്രീകൾ: ആഞ്ചലീന

Angelina Jolie
ആഞ്ചലീന
SHARE

ശക്തയായ എന്ന സ്ത്രീ എങ്ങനെയായിരിക്കണം എന്ന സങ്കല്‍പത്തിനു തിരുത്തുമായി രണ്ടു ഹോളിവുഡ് നടിമാര്‍. പുരുഷന്‍ അടിച്ചാല്‍ തിരിച്ചടിക്കാന്‍ ശേഷിയുള്ള സ്ത്രീയെ ശക്തയെന്നു വിളിക്കാന്‍ പാടില്ലെന്നാണ് ഇവരുടെ അഭിപ്രായം. പുരുഷന്‍മാരെപ്പോലെ വേഷം ധരിച്ചതുകൊണ്ടോ അവരെപ്പോലെയായതുകൊണ്ടോ ശക്തരാകില്ലെന്നും അവർ പറയുന്നു. 

‘യഥാര്‍ഥത്തില്‍ പുരുഷന്‍മാരില്‍നിന്നു പഠിക്കാനുണ്ട്. ഒരു കാര്യമല്ല, ഒട്ടേറെ കാര്യങ്ങള്‍. അവരുടെ പിന്തുണ ആവശ്യമുണ്ട്. അവര്‍ക്കൊപ്പം ചേര്‍ന്നുകൊണ്ടാണ് സ്ത്രീ ശക്തയാകേണ്ടതും.’ – പ്രശസ്ത ഹോളിവുഡ് നടി ആഞ്ജലീന ജോളിയാണ് ഫെമിനിസത്തിനു പുതിയ നിര്‍വചനവുമായി രംഗത്തെത്തിയിരിക്കുന്നത്. കൂടെ എല്ലെ ഫാനിങ് എന്ന സഹ നടിയുമുണ്ട്. ‘മലഫിസന്റ്: മിസ്ട്രസ് ഓഫ് ഈവിള്‍’ എന്ന പുതിയ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചാണ് ഫെമിനിസ്റ്റുകൾ അടക്കമുള്ളവരെ പ്രകോപിപ്പിച്ചേക്കാവുന്ന അഭിപ്രായങ്ങളുമായി രണ്ടു താരങ്ങളും രംഗത്തെത്തിയത്.

ചിത്രത്തിലെ തങ്ങളുടെ കഥാപാത്രങ്ങള്‍ പുരുഷന്‍മാരോടൊപ്പം നില്‍ക്കുന്നവരാണെന്നും ആഞ്ജലീന വെളിപ്പെടുത്തുന്നു. ‘ഞങ്ങള്‍ക്ക് അവരെ ആവശ്യമുണ്ട്. അവരുടെ പിന്തുണ വേണം, സ്നേഹം വേണം. അവരില്‍നിന്ന് പഠിക്കാന്‍ ഞങ്ങളാഗ്രഹിക്കുന്നു. ശക്തയായ സ്ത്രീ എന്ന ലേബലില്‍ ഹോളിവുഡ് അവതരിപ്പിക്കുന്നതൊക്കെ ശാരീരിക ശക്തിയുള്ള സ്ത്രീകളെയാണ്. പക്ഷേ, ശരീരത്തിന്റെ ശക്തി കൊണ്ടുമാത്രം ആര്‍ക്കും ശക്തയാകാനാവില്ല.’ 

പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് ശക്തമായ ഒരു സന്ദേശവും സിനിമ മുന്നോട്ടുവയ്ക്കുന്നുണ്ടെന്ന് ആഞ്ജലീന പറയുന്നു. ‘സ്വന്തം ശക്തി കണ്ടെത്തുക. ചുറ്റുമുള്ള പുരുഷന്‍മാരെ ബഹുമാനിക്കുകയും അവരില്‍നിന്നു പഠിക്കുകയും ചെയ്യുക. ഈ സിനിമയില്‍ ശക്തരായ സ്ത്രീകള്‍ തന്നെയാണുള്ളത്. പക്ഷേ, അസാധാരണ ധീരതയുള്ള പുരുഷന്‍മാരും ചിത്രത്തിലുണ്ട്.’ 

2014-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് മിസ്ട്രസ് ഓഫ് ഈവിള്‍. ലണ്ടനില്‍ ഈ മാസം അവസാനമാണ് ചിത്രം റിലീസ് ചെയ്യുന്നത്. അറോറ രാജകുമാരിയുടെ വേഷമാണ് ചിത്രത്തില്‍ എല്ലെ ഫാനിങ്ങിന്. തന്റെ കഥാപാത്രത്തിന്റെ ശക്തിയും ശാരീരികമല്ലെന്നും മനസ്സിന്റെ ശക്തിയാണു പ്രധാനമെന്നും ഫാനിങ്ങും പറയുന്നു. ‘അറോറയുടെ ശക്തി അവളുടെ കാരുണ്യവും സഹാനുഭൂതിയും സ്ത്രീസഹജമായ വികാരങ്ങളുമാണ്. അവള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു, കുട്ടികളെ പ്രസവിക്കാന്‍ ആഗ്രഹിക്കുന്നു. അതൊരു സുന്ദരമായ വികാരമാണ്. ആ വികാരത്തിന്റെയും വിചാരത്തിന്റെയും പേരാണ് സ്ത്രീ. വാളും പടച്ചട്ടയുമുണ്ടെങ്കില്‍, യുദ്ധത്തിനു സന്നദ്ധയാണെങ്കില്‍ സ്ത്രീ ശക്തയായി എന്നൊരു വിചാരമുണ്ട്. അതു തെറ്റാണ്. ആ സങ്കല്‍പം തെറ്റാണെന്നു തെളിയിക്കുകയാണ് മിസ്ട്രസ് ഓഫ് ഈവിള്‍. ഒരു സ്ത്രീയുടെ ക്രമാനുഗതമായ വളര്‍ച്ചയുടെ ചരിത്രം കൂടിയാണ് ചിത്രം.’

സ്ത്രീകള്‍ക്കിടയില്‍ സംഭവിക്കുന്ന സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും വൈകാരികതയുമെല്ലാം വരച്ചുകാട്ടുന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം ബുധനാഴ്ച ലണ്ടനില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കുവേണ്ടി നടത്തിയിരുന്നു. മികച്ച അഭിപ്രായമാണ് പ്രിവ്യു കണ്ടവർ ചിത്രത്തിനു നല്‍കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA